Turn off for: Malayalam
പള്ളുരുത്തി: വീഥികള്‍ക്കിരുവശവും തിങ്ങിനിറഞ്ഞ ജനസാഗരത്തെ ആവേശത്തിലാറാടിച്ച് പള്ളുരുത്തിയുടെ നിരത്തുകളില്‍ കാവടികള്‍ നിറഞ്ഞാടി. ഭവാനീശ്വര മഹാക്ഷേത്രത്തിലെ പൂയ്യ മഹോത്സവത്തോടനുബന്ധിച്ച് ഇരു ദേശങ്ങളില്‍ നിന്നും പുറപ്പെട്ട ഘോഷയാത്രകള്‍ വെളി മൈതാനിയില്‍ സംഗമിച്ച് ക്ഷേത്രസന്നിധിയില്‍ എത്തിച്ചേര്‍ന്നു.
തെക്കുംഭാഗം ഘോഷയാത്രകള്‍ ഇടക്കൊച്ചി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ നിന്ന് ആരംഭിച്ചു. ചെണ്ടമേളം, പഞ്ചവാദ്യം, ബാന്റ് വാദ്യം, ശിങ്കാരിമേളം, പമ്പ മേളം, അമ്മന്‍കുടം, നിശ്ചല ദൃശ്യങ്ങള്‍, കരകാട്ടം , പീലിക്കാവടി, കൊട്ടക്കാവടി, ആട്ടക്കാവടി എന്നിവ മിഴിവേകി.വടക്കുംഭാഗം കാവടി ഘോഷയാത്ര വരമ്പത്ത് ഘണ്ടാകര്‍ണ്ണക്ഷേത്രത്തില്‍ നിന്നാരംഭിച്ചു. മേളങ്ങളും, കലാരൂപങ്ങളും ഘോഷയാത്രയില്‍ അണിനിരന്നു. ബൊമ്മയാട്ടം, പെരുമ്പറ മേളം, നിശ്ചല ദൃശ്യങ്ങള്‍ എന്നിവ മാറ്റുകൂടി. ക്ഷേത്ര സന്നിധിയില്‍ ദേവസ്വം ഭാരവാഹികളായ വി.കെ. പ്രതാപന്‍, സി.പി. അനില്‍കുമാര്‍, വി.കെ. പ്രദീപ് എം.എസ്. രാജേഷ് കുമാര്‍ എന്നിവര്‍ ചേര്‍ന്ന് ഘോഷയാത്രയെ സ്വീകരിച്ചു. പൂയ്യ മഹോത്സവത്തോടനുബന്ധിച്ച് സുബ്രഹ്മണ്യ കോവിലില്‍ പ്രത്യേക അഭിഷേകം നടന്നു. കടേ ഭാഗം സുബ്രഹ്മണ്യ ഭജന മഠത്തില്‍ നിന്നും, വലിയ പുല്ലാര ദേശത്തു നിന്നും കുട്ടികളുടെ അഭിഷേകക്കാവടി ഘോഷയാത്രയും ഉണ്ടായി.
















