കൊല്ലം: കളക്‌ട്രേറ്റ് ബോംബ് സ്‌ഫോടനക്കേസില്‍ ചിറ്റൂര്‍ ജയിലില്‍ കഴിയുന്ന നാലുപ്രതികളെയും നാളെ കൊല്ലം ജില്ലാ കോടതിയില്‍ ഹാജരാക്കും. ഇന്ന് രാത്രിയോടെ ഇവരെ കൊല്ലത്തെത്തിച്ചശേഷം ജില്ലാജയിലില്‍ പാര്‍പ്പിക്കും. കൊല്ലത്ത് നിന്നുള്ള അന്വേഷണസംഘം ആന്ധ്രയില്‍ നിന്നാണ് ഇവരെ കൊണ്ടുവരുന്നത്. ബേസ് മൂവ്‌മെന്റ് പ്രവര്‍ത്തകരായ മധുര ഇസ്മായില്‍പുരം ഹൗസ് നമ്പര്‍ 27ല്‍ അബ്ബാസ് അലി(27), ഹൗസ് നമ്പര്‍ 17ല്‍ ഷംസൂണ്‍ കരിംരാജ(22), മധുര നെല്‍പ്പട്ട കരിംഷാ മസ്ജിദ് ഫസ്റ്റ്‌സ്ട്രീറ്റ് ഹൗസ്‌നമ്പര്‍ 23ല്‍ ദാവുദ് സുലൈമാന്‍(22), നെല്‍പ്പട്ട ഹൗസ് നമ്പര്‍ 13സി ഷംസുദ്ദീന്‍ (23) എന്നിവരെയാണ് നാളെ കോടതിയില്‍ ഹാജരാക്കുന്നത്. പ്രതികളെ 12 ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ ആവശ്യപ്പെടും. കോടതി പോലീസ് കസ്റ്റഡിയില്‍ വിട്ടാല്‍ പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി തെളിവെടുപ്പ് ആരംഭിക്കും. കരിംരാജയാണ് കളക്‌ട്രേറ്റില്‍ ബോംബ് വയ്‌ക്കാനെത്തിയത്. മധുരയില്‍ നിന്നുള്ള ട്രെയിനില്‍ അന്നുരാവിലെ 9.30ന് കൊല്ലം റയില്‍വേ സ്‌റ്റേഷനിലെത്തി ഓട്ടോറിക്ഷയിലാണ് കളക്‌ട്രേറ്റിലെത്തിയത്. ഇയാള്‍ തിരിച്ചുപോയതും ഓട്ടോറിക്ഷയിലായിരുന്നു. അടുത്ത പ്രദേശമായതും എളുപ്പത്തില്‍ വരാനുള്ള സൗകര്യവുമാണ് കൊല്ലം കളക്‌ട്രേറ്റില്‍ ബോംബുവയ്‌ക്കാന്‍ കാരണമായതെന്ന കൊല്ലം എസിപിയുടെ നേതൃത്വത്തില്‍ ചിറ്റൂര്‍ ജയിലില്‍ നടത്തിയ ചോദ്യംചെയ്യലില്‍ പ്രതികള്‍ സമ്മതിച്ചിരുന്നു. മലപ്പുറം, നെല്ലൂര്‍, ചിറ്റൂര്‍, മൈസൂര്‍ എന്നിവിടങ്ങളിലും പ്രതികള്‍ ബോംബ് സ്‌ഫോടനം നടത്തിയിരുന്നു. സെപ്തംബര്‍ 12ന് നെല്ലൂരില്‍ സ്‌ഫോടനം നടക്കുന്നതിന് മുമ്പ് അന്നു കൊല്ലത്തെത്തിയ കരിംരാജ ഇവിടെ നിന്നും മൊബൈല്‍ ചാര്‍ജ്ജ് ചെയ്തശേഷം സന്ദേശമയച്ചിരുന്നു. ഇതിലും പ്രതിയെ എത്തിച്ച് പോലീസിന് തെളിവെടുപ്പു നടത്തേണ്ടിവരും. എന്‍ഐഎ ആയിരുന്നു പ്രതികളെ അറസ്റ്റ് ചെയ്തത്.
















