കൊല്ലം: പുതിയകാവ് പൊങ്കാല വെള്ളിയാഴ്ച രാവിലെ 10ന് നടക്കും. ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ക്ഷേത്രം ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. പൊങ്കാലയ്‌ക്ക് മുന്നോടിയായി രാവിലെ അഷ്ടദ്രവ്യമഹാഗണപതിഹോമം നടക്കും.
ക്ഷേത്ര ശ്രീകോവിലില്‍ നിന്നും തന്ത്രി അടിമുറ്റത്ത് എന്‍. ബാലമുരളി പണ്ടാരഅടുപ്പിലേക്ക് അഗ്നി പകരുന്നതോടെ പൊങ്കാലയ്‌ക്ക് തുടക്കം കുറിക്കൂം. ഒരുലക്ഷം പേര്‍ പൊങ്കാലയര്‍പ്പിക്കാന്‍ എത്തിച്ചേരുമെന്ന് പ്രതീക്ഷിക്കുന്നതായി ഭരവാഹികള്‍ അറിയിച്ചു.
നഗരത്തെ 45 ബ്ലോക്കുകളായി തിരിച്ച് നടക്കുന്ന പൊങ്കാലയില്‍ ഗതാഗത തടസം ഉണ്ടാകാത്ത രീതിയിലാണ് ക്രമീകരണം ഒരുക്കിയിരിക്കുന്നത്. ചുടുകട്ട, വെള്ളം, കുടിവെള്ളം എന്നിവ എത്തിക്കുന്നതിനായി അഞ്ഞൂറോളം സന്നദ്ധ പ്രവര്‍ത്തകരും മൂന്നൂറോളം വനിതപ്രവര്‍ത്തകരും പ്രവര്‍ത്തിക്കും. 41 ദിവസത്തെ വ്രതാനുഷ്ഠാനങ്ങളോടെ ക്ഷേത്രത്തില്‍ തന്നെ താമസിക്കുന്ന 50 പേരടങ്ങുന്ന വ്രതക്കാരുടെ സംഘം ഗുരുഭൂതന്റെ നേതൃത്വത്തില്‍ ക്ഷേത്രം വക പൊങ്കാല അടിക്കുകയും മഞ്ഞനീരാട്ട് നടത്തുകയും ചെയ്യും. തുടര്‍ന്ന് ദേവീക്ക് ദീപാരാധന. വിവിധ ബ്ലോക്കുകളിലായി നടക്കുന്ന പൊങ്കാലയ്‌ക്ക് തീര്‍ത്ഥം തളിക്കാന്‍ 50 പേരടങ്ങുന്ന തിരുമേനിമാരും ഉണ്ടാകും. കൊല്ലം കോര്‍പ്പറേഷന്‍, സിറ്റി പോലീസ്, കേരള ഫയര്‍ഫോഴ്‌സ്, ആരോഗ്യവകുപ്പ്, വാട്ടര്‍ അതോറിട്ടി തുടങ്ങിയ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ സേവനവും ലഭ്യമാക്കിയിട്ടുണ്ട്. വൈകിട്ട് നാലിന് ആരംഭിക്കുന്ന ശക്തികുംഭം എഴുന്നള്ളത്ത് കൊച്ചുപിലാംമൂട് മുനീശ്വരസ്വാമിക്ഷേത്രത്തില്‍ നിന്നും ആരംഭിച്ച് താമരക്കുളം ഗണപതിക്ഷേത്രം, ഹനുമാന്‍ക്ഷേത്രം, ചിറ്റടീശ്വരംക്ഷേത്രം, മുത്തുമാരി അമ്മന്‍കോവില്‍, ലക്ഷ്മിനട, കോട്ടമുക്ക് മാടസ്വാമിക്ഷേത്രം, ഹനുമാന്‍ക്ഷേത്രം, ചിറ്റടീശ്വരം ക്ഷേത്രം, ചാമക്കട-മെയിന്റോഡ് വഴി ചിന്നക്കട ഉപാസന ഗണപതിക്ഷേത്രം, കുറവന്‍പാലം, എസ്എന്‍ഡിപി ശാഖാസ്‌കൂള്‍, പുന്നത്താനം, വൈദ്യശാല ജംഗ്ഷന്‍, കൂട്ടാണിമുക്ക്, പഴയത്ത്മുക്ക്, തൊഴിലാളി ജംഗ്ഷന്‍, കടപ്പാക്കട ശ്രീധര്‍മ്മ ശാസ്താക്ഷേത്രം, കര്‍ബല, ആറ്റിന്‍ക്കുഴി, അരശരടി വിനായകക്ഷേത്രം, എസ്എംപി, ചിന്നക്കട ഓവര്‍ബ്രിഡ്ജ് വഴി ക്ഷേത്രത്തില്‍ സമാപിക്കും. ഭാരവാഹികളായ ഡോ.ജി.മോഹന്‍, സെക്രട്ടറി എം.വി. സോമയാജി, പി. രമേശ്ബാബു, സി.എസ്.ശൈലേന്ദ്രബാബു, സുനില്‍കുമാര്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
















