കൊല്ലം: സ്വകാര്യബസുകളില്‍ കണ്ടക്ടര്‍മാര്‍ നെയിംബോഡ് ധരിക്കുന്നില്ലെന്ന് വ്യാപക പരാതി. മോട്ടോര്‍ വാഹന വകുപ്പ് പരിശോധന നടത്തുന്നില്ലെന്നും ആരോപണം ഉയരുന്നു. പോലീസാകട്ടെ മാസത്തിലൊരു പരിശോധനയാണ് ബസുകളില്‍ നടത്തുന്നത്. കണ്ടക്ടര്‍മാരെ വിളിച്ചിറക്കിയതിന് ശേഷം യാതൊരു പരിശോധനയും നടത്താതെ നൂറു രൂപ പിഴയീടാക്കി പറഞ്ഞയയ്‌ക്കുന്ന രീതിയാണ് ഉള്ളത്. രാവിലെ സ്‌കൂള്‍-കോളേജ് വിദ്യാര്‍ത്ഥിനികളെ കാണാനെത്തുന്ന പൂവാലന്മാരും കണ്ടക്ടര്‍മാരാകുന്ന അവസ്ഥയാണ് നിലവിലുള്ളത്. ബസുകളില്‍ സ്ഥിരമായ കണ്ടക്ടര്‍മാരുണ്ടാകണമെന്നും അവര്‍ നെയിംബോര്‍ഡ് ധരിക്കണമെന്നുമാണ് നിയമം. ബസുകളില്‍ വിദ്യാര്‍ത്ഥികളോട് അടക്കം കണ്ടക്ടര്‍മാര്‍ മോശമായി പെരുമാറുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് നെയിം ബോര്‍ഡ് നിര്‍ബന്ധമാക്കി ഉത്തരവിറക്കിയത്. കണ്ടക്ടര്‍മാര്‍ക്ക് കണ്ടക്ടര്‍ ലൈസന്‍സും ഗതാഗത വകുപ്പ് ഏര്‍പ്പെടുത്തിയിരുന്നു. ഈ നിയമങ്ങള്‍ പാലിക്കാതെയാണ് ബസുകളില്‍ കണ്ടക്ടര്‍മാര്‍ ജോലി ചെയ്യുന്നത്. രാവിലെ ഒരാളെങ്കില്‍ ഉച്ചയ്‌ക്ക് മറ്റൊരാള്‍ അങ്ങനെ മൂന്ന് നേരങ്ങളിലും മാറുന്ന കണ്ടക്ടര്‍മാരും ബസുകളിലുണ്ട്. വിദ്യാര്‍ത്ഥി സംഘടനകള്‍ നിരവധി പരാതികള്‍ അധികൃതര്‍ക്ക് നല്‍കിയെങ്കിലും നടപടിയുണ്ടായില്ല.
















