മലപ്പുറം: ചുട്ടുപൊള്ളുന്ന ചൂടിന് ആശ്വസമായി ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ കഴിഞ്ഞ ദിവസം വേനല്‍മഴയെത്തി. പക്ഷേ കുടിവെള്ളക്ഷാമത്തിന് പരിഹാരമാകാന്‍ ഈ മഴക്കാവില്ല. കുറഞ്ഞത് പത്ത് ദിവസമെങ്കിലും നിര്‍ത്താതെ മഴപെയ്താലേ വറ്റിവരണ്ട ജലസ്രോതസ്സുകളില്‍ വെള്ളമാകൂ. ഇത്തവണ വരള്‍ച്ച രൂക്ഷമാകുമെന്ന് മുന്നറിയിപ്പ് ലഭിച്ചിരുന്നെങ്കിലും ആവശ്യമായ നടപടികള്‍ സ്വീകരിക്കാത്തതാണ് പ്രശ്‌നമായത്. പുഴയും കിണറും തോടും എല്ലാം വറ്റിവരണ്ട് ഒരുതുള്ളിവെള്ളം പോലും ലഭിക്കാതെയായപ്പോഴാണ് അധികൃതര്‍ ഉണര്‍ന്നത്, അപ്പോഴേക്കും എല്ലാം കൈവിട്ടുപോയി.
ക്വാറികളിലും മറ്റും കെട്ടികിടക്കുന്ന വെള്ളം ശുദ്ധീകരിച്ച് വിതരണം ചെയ്യാന്‍ തീരുമാനമെടുത്തെങ്കിലും എത്രത്തോളം ഫലപ്രദമാകുമെന്ന് കണ്ടറിയണം. പൂക്കോട്ടൂര്‍ ഗ്രാമപഞ്ചായത്തിലെ മൈലാടി, ഊരകം പഞ്ചായത്തിലെ കിളിനക്കോട്, മലപ്പുറം നഗരസഭയിലെ മേല്‍മുറി എന്നീ മൂന്നു ക്വാറികളിലെ ജലം സെന്റര്‍ ഫോര്‍ വാട്ടര്‍ റിസോഴ്സസ് ഡവലപ്മെന്റ് ആന്‍ഡ് മാനെജ്മെന്റിലെ ശാസ്ത്രജ്ഞര്‍ പ്രാഥമിക പരിശോധന നടത്തി. ആദ്യഘട്ടമായി പൂക്കോട്ടൂരിലെ മൈലാടി ക്വാറിയിലെ ജലം പ്രഷര്‍ ഫില്‍ട്ടര്‍ ഉപയോഗിച്ച് ശുദ്ധീകരിച്ച് വിതരണം ചെയ്യാനാണ് നീക്കം. ഭൂഗര്‍ഭജല റീചാര്‍ജിങും മഴവെള്ള സംഭരണവും ശാസ്ത്രീയവും ഫലപ്രദവുമായി നടത്തിയിരുന്നെങ്കില്‍ കുടിവെള്ള പ്രശ്‌നത്തിനൊരു പരിഹാരമാകുമായിരുന്നു. ഇങ്ങനെ പോയാല്‍ അടുത്ത സീസണില്‍ ജില്ല വരള്‍ച്ചാബാധിത പട്ടികയില്‍ ഉള്‍പ്പെടുമെന്ന് ഉറപ്പായി.
മുന്‍ കളക്ടര്‍ എ.ഷൈനാമോളുടെ നേതൃത്വത്തില്‍ വരള്‍ച്ചയെ നേരിടാന്‍ നേരത്തെ തന്നെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരുന്നു. എന്നാല്‍ രാഷ്‌ട്രീയ ഇടപെടലുകളെ തുടര്‍ന്ന് അവരെ സ്ഥലം മാറ്റി. പക്ഷേ അന്ന് അവര്‍ തുടങ്ങിവെച്ച പദ്ധതികളിലൊന്നുപോലും കൃത്യമായി പിന്തുടരാന്‍ ആരും ശ്രമിച്ചില്ല. ഭാരതപ്പുഴ, ചാലിയാര്‍, തിരൂര്‍പ്പുഴ, കടലുണ്ടിപ്പുഴ, തൂതപ്പുഴ തുടങ്ങി ജില്ലയിലൂടെ ഒഴുകുന്ന എല്ലാ നദികളും വറ്റിവരണ്ടു. കുടിവെള്ളം കിട്ടാതായതോടെ ജനങ്ങള്‍ വലിയ തുക ചിലവഴിച്ച് കുഴല്‍കിണറുകള്‍ നിര്‍മ്മിക്കാന്‍ തുടങ്ങി. മെയ് 31 വരെ കുഴല്‍കിണര്‍ നിര്‍മ്മാണത്തിന് സര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും അതൊന്നും പാലിക്കപ്പെടുന്നില്ല. പ്രമുഖ രാഷ്‌ട്രീയ നേതാവിന്റെ വീട്ടിലടക്കം കഴിഞ്ഞ ദിവസം കുഴല്‍കിണര്‍ നിര്‍മ്മിച്ചു. ഇതിന് ഒത്താശ ചെയ്തതിനാല്‍ മറ്റ് കുഴല്‍കിണര്‍ നിര്‍മ്മാണത്തെ അധികൃതര്‍ക്ക് തടയാനാകുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: