കടുത്തുരുത്തി: കോടികള്‍ മുടക്കി നിര്‍മ്മാണം നടത്തിയ സ്‌കൂള്‍ കെട്ടിടത്തിന്റെ രണ്ടാം നിലയിലേക്കുള്ള ഇരുമ്പുകവാടം തകര്‍ന്നുവീഴാറായ നിലയില്‍. നിര്‍മ്മാണത്തില്‍ അപകാതയും അഴിമതിയെന്നും ആരോപണം. കടുത്തുരുത്തി വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ പണികഴിപ്പിച്ച കെട്ടിടത്തിന്റെ കവാടമാണ് നിര്‍മ്മാണം പൂര്‍ത്തീകരിച്ച് മാസങ്ങള്‍ പിന്നിട്ടപ്പോള്‍ തകരാറിലായത്. വലിയ ഇരുമ്പ് ഗ്രില്ലിന്റെ ഒരു വശം തുരമ്പെടുത്ത് വേര്‍പെട്ട് നിലയിലാണ്. ഇത് താഴെ വീഴാതിരിക്കുന്നതിനായി മറ്റൊരു ഇരുമ്പ് കമ്പി വെച്ച് നൂല്‍ക്കമ്പി കൊണ്ട് കെട്ടി നിര്‍ത്തിയിരിക്കുകയാണിപ്പോള്‍.
എപ്പോള്‍ വേണമെങ്കിലും താഴെ വീഴാമെന്ന ഭയത്താല്‍ സ്‌കൂള്‍ അധികൃതര്‍ ഈ വഴി ചങ്ങലകൊണ്ട് പൂട്ടി മറ്റൊരു വഴിയിലൂടെയാണ് വിദ്യാര്‍ത്ഥികളെ ക്ലാസ്സില്‍ പ്രവേശിപ്പിക്കുന്നത്. കെട്ടിടത്തിന്റെ നിര്‍മ്മാണത്തിനായി സര്‍ക്കാര്‍ കോടികളാണ് നല്‍കിയത്. ഗ്രില്ലിന്റെ നിര്‍മ്മാണത്തിനായി വിലകുറഞ്ഞതും ഗുണമേന്മയില്ലാത്തതുമായ ഇരുമ്പ് ഉപയോഗിച്ചതിനാലാണ് നിര്‍മ്മാണം നടത്തി മാസങ്ങള്‍ പിന്നിട്ടപ്പോള്‍ ഗ്രില്ല് ഒടിഞ്ഞ് വീഴാറായതിന് കാരണം.
വിദ്യാര്‍ത്ഥികള്‍ക്കായി ബാത്ത്‌റൂമിന്റെ നിര്‍മ്മാണവും ഇതോടൊപ്പം നടത്തിയിരുന്നെങ്കിലും സെപ്റ്റിക് ടാങ്ക് നിര്‍മ്മാണം നടത്താത്തതുമൂലം ബാത്ത് റൂമും താഴ് ഉപയോഗിച്ച് പൂട്ടിയിട്ടിരിക്കുകയാണ്. കെട്ടിടത്തിന്റെ ഉദ്ഘാടനം കഴിഞ്ഞ വര്‍ഷം നടത്തിയിരിന്നു.
കെട്ടിടത്തിന്റെ നിര്‍മ്മാണത്തിലടക്കം വിശദമായ പരിശോധന നടത്താന്‍ വകുപ്പ് മന്ത്രിക്ക് പരാതി നല്‍കാനൊരുങ്ങുകയാണ് രക്ഷിതാക്കള്‍.
















