കൊല്ലം: ആയിരകണക്കിന് വാഹനങ്ങള്‍ പൊളിച്ച നിലയിലും രണ്ട് ഗോഡൗണുകളിലുമായി നൂറോളം വാഹനങ്ങള്‍ പൊളിക്കാനായി സൂക്ഷിച്ച നിലയിലും പോലീസ് കണ്ടെത്തി. കൂടുതല്‍ പരിശോധനയില്‍ പൊളിച്ചതും പൊളിക്കാനുള്ളതുമായ ആയിരത്തോളം വാഹനങ്ങളുടെ ആര്‍സി ബുക്കും പോലീസ് കണ്ടെടുത്തു. സിറ്റി പോലീസ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള പ്രത്യേക ഷാഡോ പോലീസ് കൊട്ടിയം പോലീസ് സ്റ്റേഷന്‍ പരിധിയില്‍ മേവറത്തും പരിസരത്തുമായി പ്രവര്‍ത്തിച്ചുവന്ന രണ്ട് രഹസ്യഗോഡൗണുകളില്‍ നടത്തിയ പരിശോധനയിലാണ് മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ അനുമതിയില്ലാതെ പ്രവര്‍ത്തിക്കുന്ന കേന്ദ്രം കണ്ടെത്തിയത്. വടക്കേവിള ചേരിയില്‍ വഴിമുക്ക് അജ്മല്‍ മന്‍സിലില്‍ അഷ്‌കര്‍ എന്നയാളിന്റെ ഉടമസ്ഥതയിലുള്ളതാണ് സ്ഥാപനം. ഇയാളെ കൊട്ടിയം പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. കിളിമാനൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്നും മോഷണം പോയ റോബിന്റെ ഉടമസ്ഥതയിലുള്ള ലോറി ഒരാഴ്ചയ്‌ക്ക് മുമ്പ് പൊളിച്ച നിലയില്‍ മേവറം ബൈപാസിന് സമീപത്തുള്ള ഗോഡൗണില്‍ നിന്നും പോലീസ് പിടിച്ചെടുത്തിരുന്നു. തുടര്‍ന്ന് ഈ സ്ഥാപനവും സ്ഥാപനഉടമയും കൊല്ലം സിറ്റി പോലീസ് കമ്മീഷണര്‍ സതീഷ് ബിനോയുടെ നിര്‍ദ്ദേശത്തെതുടര്‍ന്ന് ഷാഡോപോലീസിന്റെ നിരീക്ഷണത്തിലായിരുന്നു. സ്വകാര്യവാഹനങ്ങളും കൊമേഴ്‌സ്യല്‍വാഹനങ്ങളും ഇത്തരത്തില്‍ പൊളിക്കണമെങ്കില്‍ വാഹനഉടമ ആര്‍സി ബുക്കും അനുബന്ധരേഖകളും അതത് ആര്‍ടി ഓഫീസ് മുഖേന അനുമതി വാങ്ങിയ ശേഷം മാത്രമേ പൊളിയ്‌ക്കാവൂ. എന്നാല്‍ യാതൊരുവിധ നിയമാവലികളും പാലിക്കാതെ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത നിരവധി ആഡംബരവാഹനങ്ങള്‍ ഉള്‍പ്പെടെ രഹസ്യകേന്ദ്രത്തില്‍ കൊണ്ടുവന്ന് പൊളിച്ചുവില്‍ക്കുക പതിവാണ്.
















