കൊല്ലം: സംസ്ഥാനബജറ്റില്‍ കേന്ദ്രസര്‍ക്കാരിനെ സ്ഥാനത്തും അസ്ഥാനത്തും അപകീര്‍ത്തിപ്പെടുത്തുകവഴി രാഷ്‌ട്രീയനൈരാശ്യമാണ് ധനകാര്യമന്ത്രി പ്രകടിപ്പിച്ചതെന്ന് ബിജെപി ദക്ഷിണമേഖലാ ജനറല്‍ സെക്രട്ടറി എം.എസ്.ശ്യാംകുമാര്‍.
ജില്ലയുടെ പ്രതീക്ഷകള്‍ തകര്‍ത്ത ബജറ്റാണിത്. പ്രഥമപരിഗണന വേണ്ട കശുവണ്ടി മേഖലക്ക് തുച്ഛമായ തുക മാത്രമാണ് അനുവദിച്ചത്. തോട്ടണ്ടി സംഭരണത്തിനായി കേവലം 30 കോടിയും ഫാക്ടറി നവീകരണത്തിന് 42 കോടിയും മാത്രം. 30 കോടി രൂപ കൊണ്ട് ഒരുമാസത്തേക്ക് ആവശ്യമായ തോട്ടണ്ടി പോലും വാങ്ങാനാകില്ലെന്നിരിക്കെ ജില്ലയിലെ രണ്ടര ലക്ഷത്തോളം തൊഴിലാളികള്‍ പണിയെടുക്കുന്ന കശുവണ്ടിമേഖലയെ നിശ്ചലമാക്കാനാണ് ഈ നീക്കം.
ചുരുങ്ങിയത് 200 കോടി രൂപയെങ്കിലും അനുവദിച്ചാല്‍ മാത്രമെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കശുവണ്ടിഫാക്ടറികള്‍ക്ക് പ്രവര്‍ത്തിക്കാനാകൂ. നവീകരണമറവില്‍ സ്വകാര്യകുത്തക മുതലാളിമാര്‍ ചെയ്തതുപോലെ കാഷ്യുകോര്‍പ്പറേഷന്റെയും കാപ്പക്‌സിന്റെയും കമ്പനികളിലും യന്ത്രവല്‍ക്കരണമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. തൊഴിലാളികള്‍ക്ക് കനത്ത ആഘാതമുണ്ടാക്കുന്ന തീരുമാനമാണിത്. കൊല്ലത്തിന്റെ മുഖമുദ്രയായി അറിയപ്പെടുന്ന അഷ്ടമുടിക്കാലയിന്റെ നവീകരണത്തിന് മതിയായ തുക വകയിരുത്തിയിട്ടില്ല. ടൂറിസം മുഖ്യവരുമാനമാണെന്ന് പ്രഖ്യാപിക്കുന്ന സര്‍ക്കാര്‍ അഷ്ടമുടിക്കായലിനെ മാലിന്യമുക്തമാക്കാന്‍ പദ്ധതികള്‍ പ്രഖ്യാപിക്കാത്തത് ദൗര്‍ഭാഗ്യകരമാണ്. കിഴക്കന്‍മേഖലയെയും ബജറ്റ് പൂര്‍ണമായും അവഗണിച്ചു. കിഴക്കന്‍മേഖലയിലെ ജനങ്ങളുടെ ചിരകാലാഭിലാഷമായ ഗവ.കോളജ് അനുവദിച്ചില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
















