ആലപ്പുഴ: കുട്ടനാടുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരിന്റെ കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ച പദ്ധതികളൊന്നും തന്നെ നടപ്പായില്ല. സംഭരിക്കുന്ന നെല്ലിന്റെ പണം ഉടന്‍ കര്‍ഷകര്‍ക്ക് ലഭ്യമാക്കാനായി കഴിഞ്ഞ ബജറ്റില്‍ 385 കോടി രൂപയാണ് വകയിരുത്തിയത്. എന്നാല്‍ ഇവ നടപ്പായില്ല.
പിന്നീട് കൃഷി മന്ത്രി തന്നെ 10 ദിവസത്തിനകം വില നല്‍കുമെന്നും പ്രഖ്യാപിച്ചിരുന്നു. നെല്ല് വിലയായി കേന്ദ്ര, സംസ്ഥാന വിഹിതങ്ങളാണുള്ളത്. ഇതില്‍ കേന്ദ്ര വിഹിതം ചുരുങ്ങിയത് മൂന്നാഴ്ചയ്ക്കകം കര്‍ഷകരുടെ അക്കൗണ്ടിലെത്തുമായിരുന്നു. എന്നാല്‍ സംസ്ഥാന വിഹിതം ശരാശരി 45 ദിവസത്തോളം കഴിഞ്ഞാണ് കര്‍ഷകരുടെ അക്കൗണ്ടിലെത്തിയത്.
കുട്ടനാട് കുടിവെള്ള പദ്ധതിയുടെ ഭാഗമായി പൈപ്പിടല്‍ ജോലിക്കായി വെട്ടിപ്പൊളിച്ച സംസ്ഥാന പാതയുടെ നവീകരണ ജോലികള്‍ക്ക് അനുവദിച്ച 40 കോടി പാഴായി. പാതയുടെ നവീകരണത്തിന് തുക അനുവദിച്ചശേഷം കൂടിയ മന്ത്രിസഭാ യോഗം കോഴിക്കോട് ആസ്ഥാനമായുള്ള ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിക്ക് കരാര്‍ നല്കി.
നിര്‍മ്മാണ ചുമതല ഏറ്റെടുത്ത് നവീകരണ ജോലികള്‍ പ്രാരംഭഘട്ടത്തിലെത്തിയപ്പോഴാണ് കരാര്‍ നല്‍കിയതില്‍ അപാകതയുണ്ടെന്ന് ചൂണ്ടിക്കാട്ടി കരാറുകാരുടെ നേതൃത്വത്തില്‍ ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതി പാതയുടെ നവീകരണ ജോലികള്‍ നിര്‍ത്തിവക്കുവാന്‍ നിര്‍ദേശം നല്‍കിയതോടെ നവീകരണ ജോലികള്‍ നിലച്ചു. പാതയിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിലച്ചതിനാല്‍ പൊടിശല്യം മൂലം നാട്ടുകാര്‍ വലയുകയാണ്.
22 കോടിയൂടെ എസ്റ്റിമേറ്റ് തയ്യാറാക്കിയ മുട്ടേല്‍ പാലത്തിനായി 10 കോടി രൂപയാണ് കഴിഞ്ഞ ബജറ്റില്‍ വകയിരുത്തിയത്. ബന്ധപ്പെട്ട വകുപ്പില്‍ നിന്നും ഏഴ് മാസം മുമ്പ് പാലത്തിന്റെ രൂപരേഖ ഡിസൈന്‍ വിഭാഗത്തിലേക്ക് പുതുക്കി നല്‍കിയിരുന്നു. എന്നാല്‍ അതിന് ശേഷം യാതൊരുവിധ നടപടിയുമുണ്ടായില്ല.
32 കോടി രൂപ ബജറ്റില്‍ വകയിരുത്തിയ കാവാലം പാലത്തിന്റെ രൂപരേഖയും, എസ്റ്റിമേറ്റും തയ്യാറായി. ദേശീയ ജലപാത കടന്നു പോകുന്നതിനാല്‍ മധ്യഭാഗത്ത് ഏഴ് മീറ്റര്‍ ഉയരമാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്.
മൊത്തം 60 കോടി രൂപയുടെ ചെലവാണ് നിലവില്‍ പ്രതീക്ഷിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: