പാലാ: പൈക – വാഴമറ്റം – പിണ്ണാക്കനാട് റോഡിലെ കള്ളിവേലിപ്പടി ബസ് സ്റ്റോപ്പിന് സമീപമുള്ള വളവ് അപകടഭീഷണി ഉയര്‍ത്തുന്നു. ഇരു ദിക്കുകളില്‍ നിന്നും വരുന്ന വാഹനങ്ങള്‍ക്ക് പരസ്പരം കാണാന്‍ സാധിക്കാത്ത വിധം കുത്തു വളവാണിവിടെ.
ദിവസേന നൂറുകണക്കിന് വാഹനങ്ങള്‍ സഞ്ചരിക്കുന്ന വഴിയാണിത്. പൈകയില്‍ നിന്ന് എട്ടു കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ പിണ്ണാക്കനാട്ടിലും അതുവഴി കാഞ്ഞിരപ്പള്ളിയിലും എത്താം എന്നതിനാല്‍ വാഹനയാത്രക്കാര്‍ കൂടുതലായി ഈ വഴിയെ ആശ്രയിക്കുന്നു. നാല് ബസുകളും ഇതുവഴി സര്‍വ്വീസ് നടത്തുന്നുണ്ട്. അടുത്തിടെ റോഡ് റീടാര്‍ ചെയ്ത് മനോഹരമാക്കിയതിനാല്‍ വാഹനങ്ങള്‍ ഇതുവഴി വേഗതയിലാണ് പോകുന്നത്.
കള്ളുവേലിപ്പടി വളവില്‍ വേഗതയിലെത്തുന്ന വാഹനങ്ങള്‍ കൂട്ടിയിടിക്കുന്നതും നിയന്ത്രണം വിട്ട് അപകടങ്ങള്‍ ഉണ്ടാകുന്നതും പതിവായിട്ടുണ്ട്. വളവ് വീശിയെടുക്കുമ്പോള്‍ വാഹനങ്ങള്‍ നിയന്ത്രണം വിടുകയും ചെയ്യുന്നു.
പിണ്ണാക്കനാട് റോഡിലെ ഈ അപകട വളവിന് 20 മീറ്ററിനപ്പുറം ഇരുവശത്തും ഹംബ്ബ് നിര്‍മ്മിക്കണമെന്നും അപകടസൂചക ബോര്‍ഡുകള്‍ വയ്‌ക്കണമെന്നും ഇരുവശത്തു നിന്നും വരുന്ന വാഹനങ്ങള്‍ കാണാന്‍ തക്കവണ്ണം ട്രാഫിക് മിറര്‍ സ്ഥാപിക്കണമെന്നും നാട്ടുകാര്‍ നാളുകളായി ആവശ്യപ്പെടുന്നതാണ്.
എന്നാല്‍ അപകടങ്ങള്‍ പതിവായിട്ടും ഇവിടെ വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ പി.ഡബ്ലു.ഡി അധികാരികള്‍ തയ്യാറായിട്ടില്ല. അടിയന്തിരമായി ഇവിടെ ട്രാഫിക് മിറര്‍ സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് യാത്രക്കാരും സമീപവാസികളും ചേര്‍ന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രിക്ക് നിവേദനം നല്‍കാനുള്ള തയ്യാറെടുപ്പിലാണ്.
















