പാലാ: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ അവഗണനയില്‍ മീനച്ചില്‍ കൊടുങ്ങൂര്കാവ് ക്ഷേത്രം. മീനച്ചില്‍ ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തിന്റെ കീഴൂട്ട് ക്ഷേത്രമായ കൊടുങ്ങൂര്‍ക്കാവ് ക്ഷേത്രം ജീര്‍ണ്ണാവസ്ഥയിലായിട്ട് വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും ദേവസ്വം ബോര്‍ഡിന്റെ അവഗണന തുടരുകയാണ്. ഏറ്റുമാനൂര്‍ ഗ്രൂപ്പില്‍ ഇടയാറ്റ് സബ് ഗ്രൂപ്പില്‍പ്പെട്ടതാണ് ക്ഷേത്രം.
ശ്രീകോവിലിന്റെ താഴികക്കുടം ചെറിഞ്ഞ് ഏത് നിമിഷവും നിലം പൊത്താവുന്നതും ഉള്‍വശം ചോര്‍ന്നൊലിക്കുന്ന നിലയിലുമാണ്. കാലപ്പഴക്കം കൊണ്ട് ദ്രവിച്ച ഉരുപ്പടികളും മേച്ചില്‍ ഓടുകള്‍ തകര്‍ന്നും ഇളകിമാറിയും ശിഥിലമായ അവസ്ഥയിലാണ് തിടപ്പള്ളി. നൂറ്റാണ്ടുകള്‍ പഴക്കമുള്ളതും മീനച്ചില്‍ താലൂക്കിലെ പുരാതന ക്ഷേത്രങ്ങളിലൊന്നുമായാണ് ഈ ക്ഷേത്രം കണക്കാക്കപ്പെടുന്നത്.
നാട്ടുരാജാക്കന്മരായിരുന്ന മീനച്ചില്‍ കര്ത്താക്കന്മാരുടെ പരദേവതാ ക്ഷേത്രമായിരുന്നു. പിന്നീട് ദേവസ്വം ബോര്‍ഡിന് കൈമാറിയതോടെയാണ് ക്ഷേത്രം നാശോന്മുഖമായത്. ഒരേക്കറോളം വരുന്ന സ്ഥലത്താണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ശിവ-പാര്‍വ്വതിമാരുടെ ഭാവമായ അന്തിമഹാകാളനും അയിലയക്ഷിയുമാണ് ക്ഷേത്രത്തിലെ പ്രതിഷ്ഠ. മീനപ്പൂരവും ഉത്രവുമായിരുന്നു ഉത്സവം. കളമെഴുത്തും ഉത്രം ഇടിയും എല്ലാമായി ഉത്സവം ആഘോഷിച്ചിരുന്നെങ്കിലും ഇപ്പോള്‍ എല്ലാം ചടങ്ങുമാത്രമായി. ശാസ്താക്ഷേത്രത്തില്‍ നിന്നും മേല്‍ശാന്തിയെത്തി വിളക്കു തെളിയിച്ച് ഒരു നേദ്യം അര്‍പ്പിക്കുന്നതു മാത്രമാണിപ്പോഴത്തെ പതിവ്. ചുറ്റും വന്മരങ്ങള് വളര്‍ന്ന് വന സമാനമായ ചുറ്റുപാടിലാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്.
വന്മരങ്ങളായ ആഞ്ഞിലി, പ്ലാവ്, മാവ്, റബ്ബര്‍ എന്നിവയാല്‍ ചുറ്റപ്പെട്ടതാണ് ക്ഷേത്രപരിസരം. ഏത് നിമിഷവും ക്ഷേത്രത്തിനുമേല്‍ പതിക്കാവുന്ന തരത്തില്‍ ചാഞ്ഞുനില്ക്കുന്ന വന്മരങ്ങളുമുണ്ടീ കൂട്ടത്തില്‍. ഉപദേവതകളായ യക്ഷിയമ്പലവും സര്‍പ്പക്കാവും കാടുമൂടി നശിച്ച നിലയിലാണ്.
സമീപത്ത് ശാസ്താക്ഷേത്രവും വിഷ്ണുക്ഷേത്രവും വടക്കേക്കാവും പൂവരണി മഹാദേവക്ഷേത്രവും എല്ലാം ഉള്‍പ്പെടുന്ന ക്ഷേത്ര സങ്കേതമായ ഇവിടെ അനാഥാവസ്ഥയിലായ ഏക ക്ഷേത്രവുമാണിത്.
മാര്‍ത്താണ്ഡവര്‍മ്മ സ്ഥാപിച്ചിരുന്ന ഈശ്വരസേവാ കൊട്ടാരങ്ങളിലൊന്ന് സ്ഥിതി ചെയ്തിരുന്നതും ഈ ക്ഷേത്രത്തിന് സമീപമാണ്. പില്ക്കാലത്ത് തിരുവിതാംകൂര്‍ ദേവസ്വത്തിന്റെ കീഴിലുള്ള ഇടയാറ്റ് സബ് ഗ്രൂപ്പ് ഓഫീസ് സ്ഥിതി ചെയ്തിരുന്നത് ഇവിടെയായിരുന്നു. കൊട്ടാരം നശിച്ചതോടെ ഓഫീസും ഇവിടെനിന്ന് മാറി.
ക്ഷേത്രപുനരുദ്ധാരണം നടത്തി ചുറ്റുമുള്ള സ്ഥലത്ത് ക്ഷേത്രകലാപീഠമോ, ഓഡിറ്റോറിയമോ വിദ്യാഭ്യാസ സ്ഥാപനമോ സ്ഥാപിക്കണമെന്നാണ് കര്ത്താക്കന്മാരുടെ കുടുംബത്തിലെ പിന്മുറക്കാരും നാട്ടുകാരും ആവശ്യപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: