ആലപ്പുഴ: പൊന്നാട്, കാവുങ്കല്‍ പ്രദേശങ്ങള്‍ മയക്കുമരുന്നു മാഫിയ കേന്ദ്രമാക്കുന്നു. നാട്ടിലെ യുവാക്കളില്‍ പലരും ഇവരുടെ ഏജന്റുമാരും ഉപയോക്താക്കളും ഒക്കെ ആയി മാറിക്കഴിഞ്ഞു. കഴിഞ്ഞ ദിവസം എലിപ്പനം പ്രദേശത്ത് നിന്ന് കഞ്ചാവുമായി പിടികൂടിയവര്‍ നാട്ടുകാര്‍ തന്നെയായിരുന്നു. സിറിഞ്ചുകള്‍, മദ്യക്കുപ്പികള്‍ എന്നിവ കാടുപിടിച്ച ഈ പ്രദേശത്തെ പതിവ് കാഴ്ചകള്‍ ആണ്. രാത്രിയിലാണ് സംഘം സജീവമാകുന്നത്. ഈ പ്രദേശം കേന്ദ്രീകരിച്ച് അഞ്ചു വര്‍ഷം മുമ്പ് പോലീസ് ജലാറ്റിന്‍ സ്റ്റിക്, കുഴിബോംബ് എന്നിവ കണ്ടെടുത്തിരുന്നു. പൊന്നാട് കേന്ദ്രീകരിച്ച് തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതായി അന്ന് പോലീസ് വെളിപ്പെടുത്തിയിരുന്നു. പക്ഷേ തുടര്‍ പ്രവര്‍ത്തനങ്ങളില്‍ പോലീസിനെ പിന്നീട് കണ്ടില്ല. നിര്‍മാണ പ്രവര്‍ത്തനം നടക്കുന്ന ഒഴിഞ്ഞ കാടുപിടിച്ച പ്രദേശങ്ങളില്‍ തീവ്രവാദ സംഘങ്ങള്‍ ഒത്തു കൂടുമായിരുന്നു. കായലോര പ്രദേശങ്ങള്‍ സുരക്ഷിത താവളങ്ങളാണ്. മദ്യ കേന്ദ്രങ്ങളായി ചില പെട്ടിക്കടകള്‍ മാറിയതോടെ കച്ചവടവും പൊടിപൊടിക്കുകയാണ്. ഹെല്‍മെറ്റ് പരിശോധന പോലീസ് നടത്തുമ്പോള്‍ തന്നെ തൊട്ടടുത്ത കടകളിലെ ഒഴിച്ചു കൊടുപ്പ് വില്‍പന കാണാറില്ല. പ്രമുഖരുടെ ഒത്താശയോടെയാണ് വില്‍പന നടക്കുന്നതെന്ന് പ്രദേശവാസികള്‍ പറയുന്നു. അധികൃതരുടെ പ്രത്യേക ശ്രദ്ധ ഈ പ്രദേശങ്ങളില്‍ ഉണ്ടാകണമെന്ന് പ്രദേശവാസികള്‍ ആവശ്യപ്പെടുന്നു
















