എരുമേലി: എരുമേലി പഞ്ചായത്തില്‍ വിരമിച്ചയാളെ അക്കൗണ്ടന്റായി നിയമിച്ചു. ശമ്പളം കൊടുത്ത സെക്രട്ടറി കുരുങ്ങി.
മുന്‍ ഭരണസമിതിയുടെ കാലത്താണ് സംഭവം. ജൂനിയര്‍ സൂപ്രണ്ടന്റ് അക്കൗണ്ടന്റ് തസ്തികയില്‍ ജീവനക്കാരനുണ്ടായിട്ടും പഞ്ചായത്ത് കമ്മറ്റി അധിക ശമ്പളം നല്കി മറ്റൊരാളെ ഈ തസ്തികയില്‍ നിയമിക്കുകയായിരുന്നു. എന്നാല്‍ പഞ്ചായത്ത് പെര്‍ഫോമന്‍സ് ഓഡിറ്റ് വിഭാഗത്തിന്റെ പരിശോധനയില്‍ നിയമനം അനധികൃതമാണെന്ന് കണ്ടെത്തുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ അധിക ശമ്പളം മുഴുവനും സെക്രട്ടറിയില്‍ നിന്നും തിരിച്ചുപിടിക്കാനാണ് പഞ്ചായത്ത് ജില്ലാ ഡെപ്യൂട്ടി ഡയറക്ടര്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്.
അനധികൃത നിയമനം തടയേണ്ടത് പഞ്ചായത്ത് സെക്രട്ടറിയാണെന്നും ഭരണസമിതിക്കെതിരെ നടപടി എടുക്കാനാവില്ലെന്നും ഓഡിറ്റ് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതിനിടെ നടപടികളില്‍ നിന്നും ഒഴിവാക്കണമെന്ന മുന്‍ സെക്രട്ടറിയുടെ അപേക്ഷയും തള്ളിയിരുന്നു. കഴിഞ്ഞ യുഡിഎഫ് ഭരണസമിതിയില്‍ കേരള കോണ്‍ഗ്രസ് എമ്മിന്റെ ഒത്താശയിലാണ് അനധികൃതമായ നിയമനം നടന്നത്. എന്നാല്‍ സ്ഥിരം തസ്തികകളില്‍ ജീവനക്കാരെ നിയമിക്കേണ്ടത് തദ്ദേശസ്വയം ഭരണ സ്ഥാപനമാണെങ്കിലും ഈ തസ്തികയില്‍ ജീവനക്കാരനുണ്ടായിട്ടും പഞ്ചായത്ത് കമ്മറ്റി പുതിയ ആളെ ശമ്പളം നല്കി നിയമിക്കുകയായിരുന്നു. അനധികത നിയമം നടത്തിയതിനു ശേഷം നിയമനത്തിന് അനുമതി തേടിയെങ്കിലും അതിനു ലഭിക്കാഞ്ഞതാണ് പ്രതിസന്ധിക്ക് കാരണം. ഇതേ തുടര്‍ന്ന് അക്കൗണ്ടിനെ പിരിച്ചുവിടുകയായിരുന്നു. പഞ്ചായത്തിന്റെ വാര്‍ഷിക ബജറ്റ് തയ്യാറാക്കാനായിരുന്നു നിയമനം.
കഴിഞ്ഞ കുറേ വര്‍ഷങ്ങളായി പഞ്ചായത്തിന്റെ വരവ് ചെലവ് കണക്കുകള്‍ കൃത്യമായി ക്രോഡീകരിക്കാനാണ് പഞ്ചായത്ത് വകുപ്പില്‍ ഇതേ തസ്തികയില്‍ നിന്നും വിരമിച്ചയാളെ നേരിട്ട് നിയമിച്ചത്. എന്നാല്‍ നിയമനം അനധികൃതമായതാണ് സെക്രട്ടറിക്ക് തിരിച്ചടിയായത്. എന്നാല്‍ അന്ന് നിയമനത്തിന് ചുക്കാന്‍ പിടിച്ച പഞ്ചായത്ത് കമ്മറ്റി തന്ത്രപരമായി രക്ഷപെടുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: