തിരുവല്ല: ശീരാമകൃഷ്ണപ്രസ്ഥാനങ്ങളുടെ ചരിത്രത്തില്‍ ആദ്യമായി നടക്കുന്ന വചനാമൃത സത്രം ഇന്ന് സമാപിക്കും. സത്രം സമര്‍പ്പണത്തിലേക്ക് കടക്കുമ്പോള്‍ വലിയ ഭക്തജനതിരക്കാണ് ആശ്രമത്തില്‍ അനുഭവപ്പെടുന്നത്. അവധി ദിനമായ ഇന്നലെ ചടങ്ങുകള്‍ക്ക് പങ്കാളിയാകാന്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ആയിരങ്ങളാണ് ഒഴുകിയെത്തിയത്. ഇന്നലെ സ്വാമി ഈശ്വരനന്ദ സ്മൃതി നടന്നു. തുടര്‍ന്ന് സ്വാമി അഭയാനന്ദതീര്‍ത്ഥപാദര്‍, ഡോ.രാമകൃഷ്ണ വേണുഗോപാല്‍, ഡോ.ലക്ഷ്മികുമാരി, സ്വാമി നന്ദാത്മജാനന്ദ എന്നിവര്‍ പ്രഭാഷണം നടത്തി.
സത്രസമാപന ദിനമായ ഇന്ന് രാവിലെ 5മുതല്‍ 8 വരെ മംഗളാരതി സുപ്രഭാതം, വേദപാരായണം, ധ്യാനം പൂജ, 8 മുതല്‍ 9വരെ നാരായണീയ പാരായണം. 9 മുതല്‍ സ്വാമി പുരുഷോത്തമാനന്ദ സ്മൃതി. സ്വാമി ഋതംപരാനന്ദ, സ്വാമി ചൈതന്യാനന്ദ, പ്രഫ.സുജാതാദേവി, ശശിധരന് കൊയിലാണ്ടി എന്നിവര്‍ വിവിധ വിഷയങ്ങളില്‍ പ്രഭാഷണം നടത്തും. ശ്രീരാമകൃഷ്ണ ജയന്തി ആഘോഷവും സമാപന സമ്മേളനവും നാളെ നടക്കും. ആഗോള ശാരദാമഠങ്ങളുടെ ട്രസ്റ്റിയും ലോക പ്രശസ്ത പ്രഭാഷകയുമായ 92 വയസ്സ് പിന്നിട്ട പ്രവ്രാജിക അജയപ്രാണ മാതാജി വചനാമൃത സത്രത്തിലെത്തിയത് ഭക്തര്‍ക്ക് നവ്യാനുഭമായി. ശ്രീരാമകൃഷ്ണ സന്യാസിനി പരമ്പരയില്‍ നിന്ന് ശ്രീരാമകൃഷ്ണ സന്ദേശം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ എത്തിക്കാന്‍ കഴിഞ്ഞതിന്റെ അനുഭവസമ്പത്തുള്ള അജയപ്രാണമാതാജിയുടെ പൂര്‍വ്വാശ്രമം കൂറൂരമ്മയുടെ തറവാടായ ഗുരുവായൂര്‍ കുറൂര്‍ ഇല്ലമാണ്. ബിഎസ്സി ഫിസിക്സില്‍ ബിരുദധാരികൂടിയായ അജയപ്രാണമാതാജി ദീര്‍ഘകാലം അദ്ധ്യാപികയായി പ്രവര്‍ത്തിച്ചിരുന്നു. 1952 ലാണ് ശാരദാമഠത്തില്‍ സന്യാസിനിയായി ചേരുന്നത്. വിശ്വവിഖ്യാതനായ പ്രഭാഷകന്‍ രംഗനാഥാനന്ദ സ്വാമിയുടെ നിര്‍ദ്ദേശം കൂടി സ്വീകരിച്ച് ഓസ്ട്രേലിയയിലെ സിഡ്നി ശാരദാമഠത്തിന്റെ അദ്ധ്യക്ഷയായി 1977 മുതല്‍ രണ്ട് ദശാബ്ദക്കാലം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ വേദാന്ത പ്രചാരണം നടത്തി. ഇപ്പോള്‍ തൃശൂര്‍ ശാരദാമഠത്തിന്റെ അദ്ധ്യക്ഷയാണ്. ലോകമെമ്പാടും ശാഖകളുള്ള ശാരദാമഠത്തിന്റെ ഭാഗമായി കേരളത്തില്‍ മുപ്പതോളം സന്യാസിനിമാരാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. സത്രവേദിയിലെത്തിയ അജയപ്രാണമാതാജി ആത്മിയ അനുഭവങ്ങള്‍ പങ്കുവയ്ക്കുന്നു.
സ്വാമി വിവേകാനന്ദന് കേരളത്തെ ഭ്രാന്താലയമെന്ന് വിശേഷിപ്പിച്ചപ്പോള്‍ ജാതി വ്യവസ്ഥ തീവ്രമായിരുന്നു. പിന്നീട് തീര്‍ഥാലയമായി തീര്‍ന്ന ഇവിടെ ഇപ്പോഴും വിവിധയിടങ്ങില്‍ ജാതീയമായ വേര്‍തിരിവുകള്‍ നിലനില്‍ക്കുന്നുണ്ട്. ഇത് സമൂഹത്തിന്റെ പുരോഗതിക്ക് നല്ലതല്ല. കേരളത്തിലുള്ളവരെ പലപ്പോഴും ബൗദ്ധികമായി ഉയര്‍ന്നവരായാണ് പാശ്ചാത്യ ലോകം വിലയിരുത്തുന്നത്. ശ്രീശങ്കരന് ജന്മം നല്കിയ നാടെന്ന നിലയില്‍ മഹാന്മാരെ സൃഷ്ടിച്ച പാരമ്പര്യമാണ് കേരളത്തിനുള്ളതെന്നാണ് ഭഗിനി നിവേദിത പറഞ്ഞിട്ടുള്ളത്. എല്ലാ മേഖലയിലും ഉയര്‍ച്ചയും താഴ്ചയും ഉണ്ടാവുന്നതുപോലെ സാംസ്കാരികമായും സാമൂഹികമായും ഉയര്‍ച്ച താഴ്ചകള്‍ ഉണ്ടാകുന്നത് സ്വാഭാവികമാണ്. എന്നാല്‍ ആദ്ധ്യാത്മികമായ അടിത്തറ ഈ പതനത്തെ തടഞ്ഞുനിര്‍ത്തുമെന്നും താഴേക്കുള്ള പതനം കുറയ്ക്കുമെന്നും അജയപ്രാണ മാതാജി പറഞ്ഞു.
ജാതിമത വര്‍ണ വ്യത്യാസമില്ലാത്തതും എല്ലാ മതങ്ങളെയും ബഹുമാനിക്കാനും സ്വീകരിക്കാനുമുതകുന്ന വേദാന്തത്തിന്റെ കരുത്തുള്ള അടിത്തറയില്‍ ഉറച്ചു നില്‍ക്കുന്നതുകൊണ്ടാണ് ശ്രീരാമകൃഷ്ണ വിവേകാനന്ദ ദര്‍ശനങ്ങള്‍ക്ക് നൂറ് വര്‍ഷത്തിനുള്ളില്‍ ലോകം ഇത്രയും കീഴടക്കാനായതെന്ന് അജയപ്രാണമാതാജി പറഞ്ഞു. ഈശ്വരന് ഒന്നാണ്, പ്രപഞ്ചത്തിന്റെ അസ്തിത്വം ഒന്നാണ്, ഓരോരുത്തരുടെയും അന്തരാത്മാവിന്റെ ശരിയായ രൂപം ചൈതന്യമാണ്, ഓരോ മതവും ഈശ്വരനിലെത്തിച്ചേരാനുള്ള വ്യത്യസ്ഥമായ വഴികളാണെങ്കിലും എന്നാല്‍ അവയുടെയെല്ലാം ലക്ഷ്യം ഒന്നു തന്നെയാണ്. ഇങ്ങനെയുള്ള ഗംഭീരമായ തത്വങ്ങളാണ് ലോകം കീഴടക്കിയ വേദാന്തദര്‍ശനത്തിന്റെ അടിസ്ഥാനമായി കണക്കാക്കുന്നതെന്നും അജയപ്രാണ മാതാജി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: