ആലപ്പുഴ: കണിച്ചുകുളങ്ങര ഉത്സവ ആഘോഷത്തിനിടെ മാരാരിക്കുളം എസ്ഐ ഇ.ഡി. ബിജുവിന്റെ നേതൃത്വത്തില്‍ അതിക്രമം. ദമ്പതികള്‍ ഉള്‍പ്പടെ നിരവധിപേര്‍ക്ക് പരിക്ക്. ഗുരുതരപരിക്കുകളോടെ കണിച്ചുകുളങ്ങര മുണ്ടേക്കാട് എന്‍. ഷിബു, ഭാര്യ ധന്യ, എസ്എന്‍ പുരം രഞ്ചു നിവാസില്‍ രഞ്ജിത് എന്നിവരെ ചേര്‍ത്തല താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എസ്ഐയുടെ ലാത്തിവീശലില്‍ നിരവധി സാധാരണക്കാര്‍ക്കും പരിക്കു പറ്റി. ഷിബുവിന് തലയ്ക്കും കൈക്കും ഗുരുതര പരിക്കേറ്റു. തലയില്‍ നാലു സ്റ്റിച്ചുണ്ട്. ഷിബുവിനെയും ഭാര്യയേയും മദ്യലഹരിയില്‍ ചില സാമൂഹ്യവിരുദ്ധര്‍ ആക്രമിക്കുന്നത് കണ്ട് നാട്ടുകാര്‍ ഓടിക്കൂടിയപ്പോള്‍ ഇവര്‍ അടുത്തുള്ള ഗുരുപൂജാ ഹാളിലേക്ക് ഓടിക്കയറി. നാട്ടുകാര്‍ പ്രതികള്‍ രക്ഷപെടാതെ ഹാളിനു പുറത്തു നിലയുറപ്പിച്ചു പോലീസിനെ വിവരമറിയിച്ചു. തുടര്‍ന്ന് ജീപ്പില്‍ അവിടെ എത്തിയ എസ്ഐ യാതൊരു പ്രകോപനവും കൂടാതെ അവിടെ കൂടിനിന്നവര്‍ക്ക് നേരെ ലാത്തിവീശുകയും, പ്രതികളെ പിടിക്കാതെ പരാതിക്കാരായ ഷിബുവിന്റെ തലയില്‍ ലാത്തിക്ക് അടിക്കുകയുമായിരുന്നു.
ഇത് ചോദ്യം ചെയ്ത ബിജെപി പഞ്ചായത്ത് പ്രസിഡന്റ് സനീഷിനെ കോളറില്‍ പിടിച്ചു വലിക്കുകയും അനാവശ്യം പറയുകയും ചെയ്തു. ഷിബുവിനെ മര്‍ദിക്കുന്നത് ചോദ്യം ചെയ്ത ഷിബുവിന്റെ ബന്ധുക്കളായ രണ്ടു പേരെയും പോലീസ് കസ്റ്റഡിയില്‍ എടുത്തു. ഷിബു പോലീസിനെതിരെ നല്കിയ പരാതി പിന്‍വലിച്ചില്ലെങ്കില്‍ ഈ രണ്ടുപേര്‍ക്കെതിരെ കേസെടുക്കുമെന്ന് എസ്ഐ ഭീഷണിപ്പെടുത്തുകയാണ്.
കണിച്ചുകുളങ്ങരയില്‍ പോലീസ് നടത്തിയ അതിക്രമത്തിലും പ്രവര്‍ത്തകരെ മര്‍ദിച്ചതിലും പഞ്ചായത്ത് പ്രസിഡന്റിനെ കൈയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചതിലും ബിജെപി ആലപ്പുഴ നിയോജകമണ്ഡലം കമ്മറ്റി പ്രതിഷേധിച്ചു. കുറ്റവാളികളായ പോലീസ് ഉദ്യോഗസ്ഥനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
നിയോജകമണ്ഡലം പ്രസിഡന്റ് ജി. വിനോദ്കുമാര്‍, സംസ്ഥാനസമിതി അംഗം ആര്. ഉണ്ണികൃഷ്ണന്, മണ്ഡലം ജനറല്‍ സെക്രട്ടറി റെജികുമാര്‍, മണ്ഡലം വൈസ് പ്രസിഡന്റ് ജി. മോഹനന്, കര്‍ഷക മോര്‍ച്ചാ മണ്ഡലം പ്രസിഡണ്ട് പദ്മകുമാര്‍, പഞ്ചായത്ത് സെക്രട്ടറി പ്രമേഷ് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: