ഇടവെട്ടി: മലങ്കര കനാലിന്റെ ചോര്‍ച്ചമൂലം പാലത്തിലൂടെ വെള്ളം ഒഴുകുന്നത് തടയാനാകാതെ അധികൃതര്‍. തൊണ്ടിക്കുഴ സ്‌കൂളിന് സമീപത്തെ തോടിന്റെ പാലത്തിന് മുകളിലൂടെയാണ് വെള്ളം ഒഴുകുന്നത്. ഇവിടെ അക്വഡേറ്റിന് (മുകള്‍പാലം)സമീപത്തെ ഷട്ടറിനോട് ചേര്‍ന്ന് കുളിക്കടവ് നിര്‍മ്മിക്കാനായി കോണ്‍ക്രീറ്റ് തകര്‍ത്തതാണ് വെള്ളം ഒഴുകുന്നതിന് കാരണമായത്.
ഇതിന് നേരെ എതിര്‍വശത്തായി വീട്ടിലേക്കുള്ള സ്‌റ്റെപ്പ് നിര്‍മ്മാണത്തിന്റെ ഭാഗമായി മണ്ണെടുത്ത സ്ഥലത്തൂടെയാണ് വെള്ളം ഒഴുകുന്നത്. ശക്തമായുള്ള വെള്ള ഒഴുക്കില്‍ കഴിഞ്ഞ തവണ റോഡ് പൂര്‍ണ്ണമായും തകര്‍ന്നിരുന്നെങ്കിലും പാലത്തിന് മുകളിലൂടെ വളരെ കുറച്ച് വെള്ളമാണ് ഒഴുകിയിരുന്നതെന്ന് നാട്ടുകാര്‍ പറയുന്നു. തകര്‍ന്ന റോഡിന്റെ കുറച്ച് ഭാഗം നാട്ടുകാര്‍ പിരിവിട്ട് കോണ്‍ക്രീറ്റ് ചെയ്തതൊഴിച്ചാല്‍ അധികൃതര്‍ യാതൊരു നടപടിയും എടുത്തിരുന്നില്ല.
ഇത്തരത്തില്‍ വെള്ളം ഒഴുകുന്നത് പാലത്തിന്റെ നിലനില്‍പ്പിന് ഭീഷണിയാണെന്നും നാട്ടുകാര്‍ പറയുന്നു. നിരവധി വിദ്യാര്‍ത്ഥികളടക്കം നടന്ന് പോകുന്ന വഴിയില്‍ വെള്ളം കെട്ടികിടക്കുന്നതും റോഡ് തകരുന്നതും നാട്ടുകാര്‍ക്ക് തലവേദനയാകുകയാണ്. കഴിഞ്ഞ ജനുവരിയില്‍ ജന്മഭൂമി ഇത് സബന്ധിച്ച വാര്‍ത്ത നല്‍കുകയും തുടര്‍ന്ന് ഇറിഗേഷന്‍ വകുപ്പ് അധികൃതര്‍ അക്വഡേറ്റിന്റെ ചോര്‍
ച്ച മാറ്റുന്നതിനായുള്ള നടപടികള്‍ ആരംഭിച്ചിരുന്നു. 35 ലക്ഷം രൂപ ഫണ്ട് അനുവദിച്ചപ്പോഴും പണി എങ്ങുമെത്തിയില്ല എന്നതാണ് വാസ്തവം.
















