പാലക്കാട്: ആണ്ടിമഠത്തെ തടയണ പുനര്‍നിര്‍മ്മിക്കണമെന്നാവശ്യം ശക്തം. തടയണ നിര്‍മ്മിച്ചാല്‍ കല്‍പ്പാത്തി പുഴയ്ക്കരികിലുള്ള ആണ്ടിമഠംവും, ഇരുകരകളിലുള്ള ഒട്ടേറെ കിണറുകളിലും ജലസമൃദ്ധിയുണ്ടാവും.
2005ല്‍ ശക്തമായ മഴയെതുടര്‍ന്ന് ജലം പെട്ടെന്നു ഒഴുക്കിക്കളയാന്‍ അന്നത്തെ ജില്ലാ ഭരണകൂടമാണ് ആണ്ടിമഠം തടയണ പൊളിച്ചത്. എന്നാല്‍ തടയണ പൊളിക്കുവാന്‍ കാട്ടിയ വ്യാഗ്രത പിന്നീട് പുനര്‍നിര്‍മ്മിക്കാന്‍ കാണിച്ചില്ലെന്നുമാത്രമല്ല നാളിതുവരെ തിരിഞ്ഞു നോക്കിയിട്ടില്ല.30മീറ്റര്‍ ദൂരത്തിലുള്ള തടയണ മണ്ണുമാന്തിയുപയോഗിച്ചാണ് പൊളിച്ചുമാറ്റിയത്.
തടയണയുടെ ഒരു ഭാഗം പൊളിച്ചതോടെ വേനല്‍ക്കാലത്തും ഒരു തുള്ളിവെള്ളം പോലും പുഴയില്‍ നില്ക്കാതായി. പുഴയുടെ ഒരു കര അകത്തേത്തറ പഞ്ചായത്തിലും മറുകര പാലക്കാട് മുന്സിപ്പാലിറ്റിയിലുമാണെന്നതിനാല് തടയണ ആരു പുനര്‍നിര്‍മ്മിക്കും എന്നകാര്യത്തില്‍ ഇതുവരെ വ്യക്തതയില്ല.
ജലവിഭവ വകുപ്പു ചെറുകിട ജലസേചന വിഭാഗവും ഈ വഴി വന്നിട്ട് കാലങ്ങളായി. തടയണയുടെ പൊളിച്ചിട്ട ഭാഗമുള്‍പ്പെടെ 50 മീറ്റര്‍ ദൂരത്തില്‍ തടയണ പുനര്നിര്മ്മിക്കണമെന്ന പ്രദേശവാസികളുടെ ആവശ്യംകടലാസിലൊതുക്കി.
ആണ്ടിമഠത്തെ റിവര്‍ കോളനിക്ക് സമീപത്തുളള അരികു ഭിത്തി കൂടി നിര്‍മ്മിച്ചാല്‍ പ്രദേശത്ത് വെള്ളം കയറുമെന്ന ഭീഷണിയും ഇല്ലാതാക്കാം. ഈ ആവശ്യത്തിന് നൂറിലധികം വീടുകളുള്ള സമീപത്തെ റെയില്‍ നഗര്‍ ഹൗസിംഗ് കോളിനിയില്‍ നിരവധി വീടുകളിലും കിണറുകളുണ്ടെങ്കിലും വേനല്ക്കാലത്തു വറ്റുന്ന സ്ഥിതിയുണ്ടെന്നതിനാല് തടയണ പുനസ്ഥാപിച്ചാല്‍ ഈ പ്രശ്നത്തിനും പരിഹാരമാകുമെന്നാണ് പറയുന്നത്. തടയണ പുനര്‍ നിര്‍മ്മിക്കണമെന്ന ആവശ്യവുമായി പ്രദേശവാസികള്‍ ബന്ധപ്പെട്ടവര്‍ക്ക് നിവേദനം നല്‍കാനിരിക്കുകയാണ്.
പൊളിച്ചിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും തടയണയുടെ ബാക്കി ഭാഗത്തിന് യാതൊരു കുഴപ്പവുമില്ലാത്തതിനാല് ഇതിനു താഴെയുള്ള ചെക്ഡാമിന്റെ ഷട്ടര്‍ സാമൂഹ്യവിരുദ്ധര്‍ ഊരിക്കൊണ്ടു പോയത് ബന്ധപ്പെട്ടവര്‍ അറിഞ്ഞിട്ടില്ല.
ജില്ലയില്‍ അനുദിനം വരള്‍ച്ച രൂക്ഷമാകുന്ന സാഹചര്യത്തില്‍ വര്‍ഷങ്ങള്‍ക്കു മുമ്പ് പ്രളയകാലത്ത് പൊളിച്ചിട്ട ആണ്ടിമഠത്തെ തടയണ എത്രയും വേഗം പുനര്‍ നിര്‍മ്മിക്കണമെന്നാണ് അകത്തേത്തറ പഞ്ചായത്ത് നിവാസികളുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: