സ്വന്തം ലേഖകന്‍
കൊല്ലം: പ്രഖ്യാപനത്തില്‍ ഒതുങ്ങി സാറ്റലൈറ്റ് ഫയര്‍സ്റ്റേഷനുകളും. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് അന്നത്തെ ഫയര്‍ഫോഴ്സ് മേധാവി ജേക്കബ് തോമസാണ് ഇത്തരമൊരു പദ്ധതി മുന്നോട്ട് വച്ചത്. തുടര്‍ന്ന് 2015ല്‍ അതിന് സര്‍ക്കാര്‍ അനുമതി നല്‍കുകയുമായിരുന്നു.
ആ വര്‍ഷത്തെ ബജറ്റില്‍ ഇതിന് വേണ്ടി തുക വകയിരുത്തുകയും ചെയ്തു. അപകടം ഉണ്ടാകുമ്പോള്‍ ഫയര്‍ഫോഴ്സ് സേവനം സമയത്ത് ലഭിക്കുന്നില്ലെന്ന വ്യാപക പരാതി ഉയര്‍ന്നിരുന്നു. ഇതിനെ തുടര്‍ന്നാണ് സാറ്റ്ലൈറ്റ് ഫയര്സ്റ്റേഷനുകള് സ്ഥാപിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. നഗരത്തിന്റെ വിവിധ യൂണിറ്റുകളുടെ കീഴില്‍ ഒരു യൂണിറ്റ് ക്യാമ്പ് ചെയ്യുക എന്നതാണ് പദ്ധതി കൊണ്ട് ഉദ്ദേശിച്ചിരുന്നത്. രാവിലെ 9 മുതല്‍ രാത്രി 9 വരെയെന്ന തലത്തിലാണ് സാറ്റ്ലൈറ്റ് ഫയര്‍ സ്റ്റേഷനുകളിലെ സമയം ക്രമീകരിച്ചിരുന്നത്. പ്രധാന ഫയര്‍ സ്റ്റേഷനുകളില്‍ നിന്നും വാഹനങ്ങളടക്കം മൂന്ന് മുതല്‍ അഞ്ചു ജീവനക്കാര്‍ വരെ സാറ്റലൈറ്റ് സ്റ്റേഷനിലേക്ക് പോകും.
അതാത് പഞ്ചായത്തുകളാണ് സ്റ്റേഷനുകള്‍ക്ക് സ്ഥലവും മറ്റു സൗകര്യങ്ങളും ലഭ്യമാക്കേണ്ടത്. വാഹനം പാര്‍ക്ക് ചെയ്യുന്നതിന് ഷെഡും ജീവനക്കാര്‍ക്ക് വിശ്രമിക്കാനുള്ള സൗകര്യവും ഒരുക്കണം എന്നിങ്ങനെയായിരുന്നു നിര്‍ദ്ദേശങ്ങളും. പദ്ധതി പ്രകാരം ജില്ലയില്‍ നിന്നും അഞ്ചു സാറ്റ്ലൈറ്റ് ഫയര്‍സ്റ്റേഷനുകളുടെ ശുപാര്‍ശയാണ് നല്‍കിയിരുന്നത്. കടപ്പാക്കട ഫയര്സ്റ്റേഷന് പരിധിയില്‍ മയ്യനാട്, തൃക്കോവില്‍വട്ടം, കരിക്കോട് എന്നിവടങ്ങളിലും ചാമക്കട ഫയര്സ്റ്റേഷന് പരിധിയില്‍ നീണ്ടകര, അഞ്ചാലുംമൂട് എന്നിവടങ്ങളിലുമാണ് ആദ്യസാറ്റ്ലൈറ്റ് സ്റ്റേഷനുകള്‍ സ്ഥാപിക്കാന്‍ ശുപാര്‍ശ നല്‍കിയിരുന്നത്. സേവനം ആവശ്യമുള്ള സംഭവങ്ങളില്‍ പെട്ടെന്ന്എത്തിപെടാന് പദ്ധതി പ്രയോജനപ്പെട്ടേനെ.
ഗതാഗതകുരുക്കില്‍ ഫയര്‍ഫോഴ്സ് വാഹനങ്ങള്‍ കുടുങ്ങി കിടക്കുന്ന കാഴ്ച നഗരത്തില്‍ നിത്യ സംഭവമാണ്. പ്രത്യേക യൂണിറ്റുകള്‍ ഉണ്ടെങ്കില്‍ അത്യാഹിത സംഭവങ്ങള്‍ ഉണ്ടായാല്‍ അവിടെ പെട്ടെന്ന് തന്നെ എത്തിച്ചേരാന്‍ സാധിക്കും. എന്നാല്‍ ഈ പദ്ധതിയുടെ തുടര്‍പ്രവര്‍ത്തനങ്ങള്‍ ഒന്നും തന്നെ നടന്നില്ല. ഉദ്യോഗസ്ഥരും ജന പ്രതിനിധികളും പദ്ധതിയെ സ്വാഗതം ചെയ്തിരുന്നു.
















