മണ്ണഞ്ചേരി: പൊതുതോട് കൈയേറി റോഡ് നിര്‍മിച്ച സംഭവത്തില്‍ പോലീസ് നടപടി വൈകുന്നു. നടപടി ത്വരിതപ്പെടുത്തണമെന്ന ആവശ്യവുമായി പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ ഭരണസമിതിയംഗങ്ങള്‍ കളക്ടര്‍ക്ക് നിവേദനം നല്‍കി. മണ്ണഞ്ചേരി പഞ്ചായത്ത് അഞ്ചാംവാര്‍ഡിലെ മനയത്തുശേരി തോടാണ് എസ്ഡിപിഐ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ നികത്തി റോഡുനിര്‍മിച്ചത്.
പഞ്ചായത്ത് നല്‍കിയ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ മണ്ണഞ്ചേരി വില്ലേജ് ഓഫീസറും സംഘവും സ്ഥലത്തെത്തി തോട് നികത്തി നിര്‍മിച്ച റോഡ് അളന്ന് തിട്ടപ്പെടുത്തി. പെരുന്തുരുത്തുകരി മണലടിക്കണ്ടം, ചിരട്ടക്കരി എന്നീ പാടശേഖരങ്ങളിലേക്ക് വെള്ളംകയറ്റിയിറക്കിയിരുന്നത് ഈ തോടുവഴിയായിരുന്നെന്നും വേമ്പനാടുകായലുമായി ബന്ധപ്പെട്ട തോടാണിതെന്നും പഞ്ചായത്ത് പ്രസിഡന്റ് തങ്കമണി ഗോപിനാഥ് പറഞ്ഞു.
പഞ്ചായത്തിന്റെ അധീനതയിലുളള സ്ഥലത്ത് അതിക്രമിച്ച് കയറി തണ്ണീര്‍ത്തടസംരക്ഷണനിയമം ലംഘിച്ച് നടത്തിയ പ്രവര്‍ത്തി പോലീസിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും നടപടി സ്വീകരിക്കാത്തത് പ്രതിഷേധാര്‍ഹമാണെന്ന് പഞ്ചായത്ത് ഭാരവാഹികള്‍ കുറ്റപ്പെടുത്തി.
പഞ്ചായത്തിന്റെ പരാതി ലഭിച്ചിട്ടുണ്ടെന്നും ഇത് സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തുകയാണെന്നും മണ്ണഞ്ചേരി എസ്‌ഐ രാജന്‍ ബാബു പറഞ്ഞു. തണ്ണീര്‍ത്തട സംരക്ഷണ നിയമം ലംഘിച്ച് നടത്തിയ നിര്‍മ്മാണപ്രവര്‍ത്തനത്തിനെതിരെ വിശദമായ അന്വേഷണത്തിനുശേഷം കേസെടുക്കുമെന്നും എസ്‌ഐ പറഞ്ഞു.
















