കുന്നത്തൂര്‍: എംഎല്‍എയുടെയും പഞ്ചായത്ത് അധികൃതരുടെയും പിടിപ്പുകേടില്‍ വലഞ്ഞ് വ്യാപാരികളും ഓട്ടോതൊഴിലാളികളും. ഭരണിക്കാവിലെ ഓട്ടോ സ്റ്റാന്‍ഡുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കാതെ അധികരികള്‍ അനാസ്ഥ തുടരുകയാണ്. ചര്‍ച്ചകള്‍ മുറയ്‌ക്ക് നടക്കുന്നുണ്ടെങ്കിലും ഒന്നും തന്നെ നടപ്പിലാക്കുന്നില്ല.
കഴിഞ്ഞ ദിവസവും എംഎല്‍എയുടെ നേതൃത്വത്തില്‍ പഞ്ചായത്ത് ഓഫീസില്‍ ചര്‍ച്ച നടക്കുകയുണ്ടായി. കെഐപി കനാല്‍ വക റോഡില്‍ ബദല്‍ സ്റ്റാന്റ് നിര്‍മ്മിച്ചു നല്‍കുമെന്ന പതിവുപല്ലവി തന്നെയാണ് ഇന്നലത്തെ ചര്‍ച്ചയിലും ഉണ്ടായത്. എന്നാല്‍ കനാലിന് മുകളില്‍ സ്ലാബ് സ്ഥാപിച്ചു സ്റ്റാന്റ് നിര്‍മ്മിക്കാന്‍ കെഐപിയുടെ അനുമതിയ്‌ക്കായി ആരും ശ്രമിച്ചിട്ടില്ലെന്നാണ് വിവരം. ഇതിന് കെഐപി അധികൃതര്‍ അനുമതി നല്‍കുമോ എന്നും വ്യക്തമല്ല. വ്യാപാരികളുടെയും ഓട്ടോതൊഴിലാളികളുടെയും കണ്ണില്‍ പൊടിയിടാനായി എംഎല്‍എ ചര്‍ച്ചകള്‍ നടത്തുക മാത്രമാണു ചെയ്യുന്നത് എന്ന ആരോപണവും ശക്തമാണ്. നിലവില്‍ നൂറോളം ഓട്ടോകളാണ് ഭരണിക്കാവ് സ്റ്റാന്റില്‍ സര്‍വ്വീസ് നടത്തുന്നത്. ഇവയില്‍ കുറച്ച് എണ്ണം വീതം നാല് റോഡുകളിലും പാര്‍ക്ക് ചെയ്താണ് നിലവില്‍ സര്‍വീസ് നടത്തുന്നത്. ബാക്കി ഓട്ടോറിക്ഷകള്‍ പഴയ സ്റ്റാന്റില്‍ തന്നെയാണ് പാര്‍ക്ക് ചെയ്തിരിക്കുന്നത്. ഇത് വ്യാപാരികള്‍ക്ക് വീണ്ടും ബുദ്ധിമുട്ട് സൃഷ്ടിച്ചു. അതേസമയം പാര്‍ക്കിംങിന് മറ്റ് സൗകര്യം ഇല്ലാത്തത് തൊഴിലാളികളെയും വലയ്‌ക്കുകയാണ്. കഴിഞ്ഞ ദിവസം ഇത്തരത്തില്‍ കടയ്‌ക്ക് മുന്‍പില്‍ നിര്‍ത്തിയിട്ടിരുന്ന ഓട്ടോ പോലീസ് പിടിച്ചെടുത്തത് ഇതുവരെ വിട്ട് നല്‍കിയിട്ടുമില്ല. കൃത്യമായ സ്റ്റാന്റ് ഇല്ലാത്തത് യാത്രക്കാരെയും ബുദ്ധിമുട്ടിലാക്കുന്നു. സ്റ്റാന്റ്മാറ്റലിനു ശേഷം തൊഴിലാളികളുടെ വരുമാനത്തിലും വലിയ കുറവുണ്ടായതായി ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇത്തരം ബുദ്ധിമുട്ടുകള്‍ പരിഹരിക്കാനും, വ്യാപാരികളും ഓട്ടോതൊഴിലാളികളും തമ്മിലുള്ള സംഘര്‍ഷം ഒഴിവാക്കാനും ബദല്‍ സ്റ്റാന്റ് സൗകര്യം ഒരുക്കാന്‍ എംഎല്‍എയും പഞ്ചായത്തും അടിയന്തിര നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം.
















