കൊട്ടാരക്കര: ബന്ധപ്പെട്ടവര്‍ നിരന്തരം പാലങ്ങളെ പറ്റി പ്രഖ്യാപിക്കുന്നതല്ലാതെ ഉള്ള പാലങ്ങളുടെ ബലപ്പെടുത്തല്‍ നടപടികള്‍ പോലും കാര്യക്ഷമമായി നടക്കുന്നില്ലെന്ന് ആക്ഷേപം. പാലത്തിന് ബലക്ഷയമുണ്ടായി ഒരുമാസമായിട്ടും നടപടികള്‍ വേഗത്തിലാക്കാന്‍ കഴിയാത്തതാണ് ഇതിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.
കല്ലടയാറ്റില്‍ വെള്ളം കുറവുള്ള ഈ സമയത്ത് നിര്‍മ്മാണം യുദ്ധകാലാടിസ്ഥാനത്തില്‍ ആരംഭിച്ചാല്‍ ബലപ്പെടുത്തല്‍നടപടികള്‍ പ്രതീക്ഷിക്കുന്നതിലും വേഗത്തില്‍ പൂര്‍ത്തിയാക്കാമെന്ന് വിദഗ്ദര്‍ ചൂണ്ടികാണിക്കുന്നു. ഒരു മാസമായി മണ്ണ് പരിശോധനയാണെന്നാണ് ബന്ധപ്പെട്ടവര്‍ പറയുന്നത്. എന്നാല്‍ ഇത് നിര്‍മ്മാണം നീട്ടികൊണ്ട് പോകാന്‍ പറയുന്ന കാരണമാണെന്നാണ് ഈ രംഗത്തെ വിദഗ്ദര്‍ പറയുന്നത്. മണ്ണ് പരിശോധന ഇന്നത്തെ അത്യാധുനികയന്ത്ര സഹായത്തോടെ എളുപ്പത്തില്‍ പൂര്‍ത്തിയാക്കാവുന്ന ഒന്നാണ്. അത് അനന്തമായി നീട്ടികൊണ്ടുപോകുന്ന പ്രക്രിയയല്ല. സമാന്തര പാലത്തിന്റെ നിര്‍മ്മാണം സ്റ്റീല്‍ ഉപയോഗിച്ച് ഉടന്‍ ആരംഭിക്കുമെന്ന് പറയുന്നതല്ലാതെ അതിലും അന്തിമതീരുമാനം വന്നിട്ടില്ല. അതിനിടയില്‍ പട്ടാളം ബെയ്ലി പാലം നിര്‍മ്മിച്ച് നല്കാന് തയ്യാറാണന്ന് വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ സര്‍ക്കാരിന് ഇതില്‍ താല്പര്യമില്ല. എന്താണ് കാരണമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കുന്നുമില്ല. ഇങ്ങനെ പാലങ്ങള്‍ നിരവധി പ്രഖ്യാപനത്തില്‍ ഏനാത്തുണ്ടെങ്കിലും ഈ പ്രദേശത്തെ ജനങ്ങള്‍ക്ക് അക്കരെയിക്കരെ കടക്കണമെങ്കില്‍ 24 കിലോമീറ്റര്‍ അധികം യാത്ര ചെയ്യേണ്ടുന്ന അവസ്ഥയിലാണ്. ഭരണസിരാകേന്ദ്രത്തിലേക്കടക്കം ദിവസേന ഇതുവഴി യാത്ര ചെയ്തിരുന്ന ലക്ഷകണക്കിന് ആളുകളുടേയും അവശ്യം ഇതു തന്നെയാണ്. എന്നാല്‍ ഇതൊന്നും സര്‍ക്കാര്‍ ഇതുവരെ കാര്യമാക്കിയിട്ടില്ല. എന്നും പ്രഖ്യാപനങ്ങളും ഉന്നതതല സംഘങ്ങളും എത്തുന്നതല്ലാതെ നിര്‍മ്മാണത്തില്‍ കാര്യമായ പുരോഗതി ഇതുവരെ കാണാനില്ല. തങ്ങളുടെ യാത്രാക്ലേശം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ സമരത്തിന് ഒരുങ്ങിയപ്പോള്‍ സമാന്തരപാലം പ്രഖ്യാപനം നടത്തി എന്നല്ലാതെ ജനപ്രതിനിധികള്‍ താല്പര്യമെടുത്ത് ഉദ്യോസ്ഥരില്‍ സമ്മര്‍ദ്ദം ചെലുത്തുന്നില്ലെന്നാണ് ആക്ഷേപം. ബലക്ഷയമുള്ള രണ്ട് തൂണുകള്‍ ആറ് മാസത്തിനകം മാറ്റിസ്ഥാപിക്കാനായിരുന്നു ഉന്നതതലയോഗത്തില്‍ ധാരണ. ബലക്ഷയമുള്ള രണ്ടും മൂന്നും തൂണുകളാണ് പൂര്‍ണ്ണമായും മാറ്റിസ്ഥാപിക്കുന്നത്. ജനുവരി 10ന് വൈകിട്ട് ആറിനായിരുന്നു ഭാരം കയറ്റിയ വാഹനം കടന്നുപോയതിന് തൊട്ടുപിന്നാലെ പാലത്തിന്റെ ഒരുവശം ചരിഞ്ഞത്.
പാലത്തെ ബീമുകളുമായി ബന്ധിപ്പിക്കുന്ന ഭാഗത്തെ ബെയറിംഗ് തെന്നിമാറിയെന്നായിരുന്നു ആദ്യനിഗമനം. പാലത്തിന്റെ മുകള്‍ഭാഗത്ത് വിള്ളലുണ്ടാവുകയും കൈവരികള്‍ അടര്‍ന്ന് മാറുകയുമായിരുന്നു. ബ്രിഡ്ജ് എക്സ്പെര്‍ട്ടുകളും മുങ്ങല്‍വിദഗ്ദരും നടത്തിയ പരിശോധനയിലാണ് പാലത്തിന്റെ അപകടാവസ്ഥ വ്യക്തമാകുന്നത്. 1998ല്‍ ഉദ്ഘാടനം ചെയ്തത പാലമാണ് അപകടത്തിലായത്.
















