തിരുവനന്തപുരം: ലോ അക്കാദമി പ്രിന്‍സിപ്പല്‍ ലക്ഷ്മിനായരുടെ കടുംപിടിത്തത്തില്‍ ആറ്റിങ്ങള്‍ സ്വദേശി ഷിമിത്തിന് നഷ്ടമായത് ഒരു വര്‍ഷം. കഴിഞ്ഞ വര്‍ഷം പോത്തന്‍കോട് വച്ച് നടന്ന അപകടത്തില്‍ ഷിമിത്തിന്റെ കൈ ഒടിഞ്ഞു. ശസ്ത്രക്രിയക്ക് ശേഷം ഒരു മാസം വിശ്രമം വേണ്ടിവന്നു. അസുഖം ഭേദമായി കോളേജിലെത്തിയെങ്കിലും പനിവന്നതിനാല്‍ വീണ്ടും അവധിയെടുത്തു. മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയെങ്കിലും ഷിമിത്തിനെ പരീക്ഷ എഴുതാന്‍ ലക്ഷ്മി നായര്‍ അനുവദിച്ചില്ല.
നൂറ് രൂപ കിട്ടിയാല്‍ ആരും മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുമെന്ന് ആക്ഷേപിച്ച് ആ വര്‍ഷം പരീക്ഷയ്‌ക്ക് ഇരുത്തിയില്ല. ഷിമിത്തിന്റെ അമ്മ മിനിയും അച്ഛന്‍ ഷൈജുവും എത്തിയെങ്കിലും ലക്ഷ്മിനായരെ കാണാന്‍ പോലും അനുവദിച്ചില്ല. ഇതോടെ നാലാം വര്‍ഷം ഷിമിത്തിന് വീണ്ടും ക്ലാസ്സില്‍ ഇരിക്കേണ്ടിവന്നു. ഇതിനിടയിലാണ് സമരം. ഒരു കുടുംബത്തിന്റെ ഏക പ്രതീക്ഷയാണ് ഷിമിത്. ആറ്റിങ്ങല്‍ മുന്‍സിപ്പാലിറ്റിക്ക് മുമ്പില്‍ കരിക്കുകച്ചവടം നടത്തിയാണ് മാതാപിതാക്കള്‍ ഷിമിത്തിനെയും അനുജത്തി ഷിമിനയെയും പഠിപ്പിക്കുന്നത്. ഷിമിത്തിന് ഒരു ജോലി എന്നതിലാണ് കുടുംബത്തിന്റെ എല്ലാ പ്രതീക്ഷകളും. അതിന്റെ കടയ്‌ക്കലിലാണ് സര്‍ക്കാരും കത്തിവയ്‌ക്കുന്നതെന്ന് ബോദ്ധ്യമായതോടെയാണ് ഷമിത്ത് ആത്മഹത്യഭീഷണി മുഴക്കിയത്.
സംഭവം അറിഞ്ഞ് അമ്മ മിനിയും സഹോദരി ഷിമിനയും സമരവേദിലെത്തി. ഇരുവരും പ്രാര്‍ത്ഥനയോടെ സമരപന്തലില്‍ ഇരിക്കുന്ന കാഴ്ച ഏവരുടെയും കരളലിയിക്കുന്നതായിരുന്നു. ഒടുവില്‍ ഷിമിത് താഴെയിറങ്ങിയപ്പോള്‍ അമ്മയെ കെട്ടിപിടിച്ച് കരഞ്ഞത് ഏവരെയും കണ്ണീരണിയിച്ചു.
















