ആലപ്പുഴ: സാമ്പത്തിക ക്രമക്കേടിനെത്തുടര്‍ന്ന് അമ്പലപ്പുഴ കരുമാടി വില്ലേജ് ഓഫീസിലെ സ്‌പെഷല്‍ വില്ലേജ് ഓഫീസറെയും വില്ലേജ് അസിസ്റ്റന്റിനെയും ജില്ലാ കളക്ടര്‍ സസ്‌പെന്‍ഡ് ചെയ്തു. 2015-16 വര്‍ഷം രസീത് എഴുതി ഈടാക്കിയ പണം ഖജനാവില്‍ അടച്ചിട്ടില്ലെന്നു കണ്ടെത്തിയതിനെത്തുടര്‍ന്നാണ് സസ്‌പെന്‍ഷന്‍.
വില്ലേജ് അസിസ്റ്റന്റ് പി.വി. മധുകുമാര്‍, സ്‌പെഷല്‍ വില്ലേജ് ഓഫീസര്‍ ജി. സുകുമാരന്‍ എന്നിവരെയാണ് അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തത്. ജമാബന്തി പരിശോധനയുടെ ഭാഗമായി 66 രസീതുകള്‍ നാള്‍വഴിയില്‍ ചേര്‍ത്തിട്ടില്ലെന്നും രസീതുകള്‍ പ്രകാരമുള്ള പണം ഖജനാവിലേക്ക് അടച്ചിട്ടില്ലെന്നും കണ്ടെത്തി. 6,294 രൂപ അടച്ചിട്ടില്ല.
സാമ്പത്തിക ക്രമക്കേടുകളെ സംബന്ധിച്ച് പോലീസ് അന്വേഷണം നടത്തുന്നതിനായി കേസ് രജിസ്റ്റര്‍ ചെയ്ത് എഫ്‌ഐആര്‍ സഹിതം വിവരം റിപ്പോര്‍ട്ട് ചെയ്യാന്‍ അമ്പലപ്പുഴ തഹസില്‍ദാരെ ചുമതലപ്പെടുത്തി.
സാമ്പത്തിക ക്രമക്കേടുകളെക്കുറിച്ച് സമഗ്രമായ പരിശോധന നടത്താനും മറ്റു ജീവനക്കാര്‍ ക്രമക്കേടുകളില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന വിശദമായ അന്വേഷണത്തിനും തെരഞ്ഞെടുപ്പ് ഡെപ്യൂട്ടി കളക്ടര്‍ ആര്‍. സുകുവിനെ ചുമതലപ്പെടുത്തി. ഒരു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കും.
















