നെല്ലിയാമ്പതി: മഴക്കുറവുംചൂടുകൂടിയതും കാപ്പികൃഷിയെ ബാധിച്ചത് കര്‍ഷകരെ ആശങ്കയിലാക്കുന്നു. കൃത്യമായി ജലസേചനം നടത്താനാകാത്തതിനാല്‍ ഈ വര്‍ഷം ഉത്പാദനത്തില്‍ ഗണ്യമായ കുറവുണ്ടാകുമെന്നാണ് കര്‍ഷകര്‍ പറയുന്നത്.
ജില്ലയില്‍ അട്ടപ്പാടിയില്‍ ചെറുകിടകര്‍ഷകരും നെല്ലിയാമ്പതിയില്‍ എസ്റ്റേറ്റുകളുമാണ് കാപ്പികൃഷിക്കായുള്ളത്. ഇത്തവണത്തെ വിളവെടുപ്പാരംഭിച്ചെങ്കിലുംവിളവ് കുറഞ്ഞതായിട്ടാണ് കര്‍ഷകര്‍ പറയുന്നത്.
കാപ്പിപൂക്കുന്ന സമയത്ത് മഴ വേണമെന്നിരിക്കെ ഇത്തവണ കാര്യമായ മഴ ലഭിക്കാത്തതാണ് കാരണം. അട്ടപ്പാടി മേഖലയില്‍ കഴിഞ്ഞവര്‍ഷം 106 ദിവസം മഴ കിട്ടിയിരുന്നെങ്കിലും ഇത്തവണ ഇതുവരെ 56 ദിവസത്തെ മഴ മാത്രമാണ് കിട്ടിയിട്ടുള്ളത്.
പകുതി മഴ ലഭിച്ച സാഹചര്യത്തില്‍ ഇത് തോട്ടവിളകളെയും ബാധിച്ചിരിക്കുകയാണ്. സാധാരണ നവംബര്‍ ഡിസംബര്‍ മാസങ്ങളില്‍ ഇടമഴ ലഭിക്കുമെങ്കിലും ഇത്തവണ അത് കാര്യമായി ലഭിച്ചിട്ടില്ലാത്തത് മറ്റു കാര്ഷികമേഖലകളെയും പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.
ചില എസ്റ്റേറ്റുകളില്‍ മതിയായ ജലസേചന സൗകര്യമുണ്ടെങ്കിലും ചൂടുമൂലം പൂക്കള്‍ കൊഴിഞ്ഞുപോയതായി പറയുന്നു. പ്രദേശത്തെ കിണറുകളും കുളങ്ങളും തോടുകളുമൊക്കെ വറ്റുന്നതിനാല്‍ കൃഷിക്ക് ജലസേചനം നടത്താന്‍ പറ്റാത്ത സ്ഥിതിയാണ്. നേരത്തെ പാകിയ കാപ്പിതൈകളാകട്ടെ മഴയില്ലാതായതോടെ കരിഞ്ഞുപോയെന്ന ആശങ്കയുള്ളതിനാല്‍ കര്‍ഷകര്‍ പുതിയ തൈകള്‍ നടാന്‍ മിനക്കെടുന്നില്ല.
ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലാണ് ജില്ലയില്‍ കാപ്പി പൂക്കുന്നത്. ഇതില്‍ അറബിക്കാപ്പി നവംബര്‍ പകുതി മുതലും റോബസ്റ്റ ഇനത്തില്‍പ്പെട്ടവ ഡിസംബര്‍ പകുതിയോടെയുമാണ് പൂക്കുന്നത്. എന്നാല്‍ വരള്‍ച്ച കൃഷിയെ ബാധിച്ചതിനാല്‍ നഷ്ടപരിഹാരമനുവദിക്കണമെന്നാണ് കര്‍ഷകരുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: