കാഞ്ഞാര്‍: മലങ്കര ജലാശയത്തിലേക്ക് വെള്ളമെത്തുന്ന കനാലില്‍ അറവ് മാലിന്യം തള്ളിയ നിലയില്‍. നിരവധി കുടിവെള്ള പദ്ധതികളുടെ ശുദ്ധ ജല സ്രോതസ്സാണ് മലങ്കര ജലാശയം. ഇന്നലെ രാവിലെ സമീപവാസികളാണ് മാലിന്യം ആദ്യം കണ്ടത്. കനാല്‍ വന്നു ചേരുന്ന ത്രിവേണി സംഘമത്തിനടുത്താണ് മാലിന്യം കണ്ടെത്തിയത്.
വന്‍ തോതിലുള്ള അറവ് മാലിന്യം തള്ളലാണ് ഇവിടെ നടന്നതെന്ന് നാട്ടുകാര്‍ പറഞ്ഞു. മാലിന്യത്തിന്റെ മുക്കാല്‍ പങ്കും വെള്ളത്തിലൂടെ ഒഴുകിയതായും ഇവര്‍ പറഞ്ഞു. ഇവ പുഴയുടെ വിവിധ സ്ഥലങ്ങളിലായി തീരത്ത് അടിയുകയാണ്.
സംഭവമറി അറക്കുളം ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എന്‍.സി.വര്‍ഗീസിന്റെ നേതൃത്വത്തില്‍ ആരോഗ്യ വകുപ്പധികൃതര്‍ സ്ഥലത്തെത്തി. ഇടുക്കി ജല വൈദ്യുത പദ്ധതിയുടെ ഭാഗമായ മൂലമറ്റം പവ്വര്‍ ഹൗസില്‍ നിന്നുള്ള വെള്ളമാണ് ഉപയോഗശേഷം കെ.എസ്.ഇ.ബി കനാലിലൂടെ മലങ്കര ജലാശയത്തിലേക്ക് എത്തുന്നത്. എല്ലാ ദിവസവും വെള്ളമെത്തുന്നതിനാല്‍ കടുത്ത വേനല്‍ കാലത്തും നിറ സമൃദ്ധിയിലാണ് ജലാശയം.
















