മാനന്തവാടി: പുഴയിലേക്ക് കാൽവഴുതി വീണ ബന്ധുക്കളായ രണ്ടു വിദ്യാർഥികൾ മരിച്ചു. പനമരം ക്രസന്റ് സ്ക്കൂളിലെ ഏഴാം തരം വിദ്യാർഥിനി ദിൽഷാന ഫാത്തിമ (ദിലു- 13), പനമരം ഗവ. ഹയർസെക്കൻഡറി സ്കൂൾ വിദ്യാർഥി ജസീം (13) എന്നിവരാണ് മരിച്ചത്. ഇവർക്കൊപ്പം പുഴയിൽ വീണ ഫാത്തിമ രക്ഷപ്പെട്ടു.
പനമരം കൈതക്കലിലെ താഴെപുനത്തിൽ സത്താറിന്റെയും റസീനയുടെയും മകളാണ് മരിച്ച ദിൽഷാന. സത്താറിന്റെ സഹോദരൻ ബർമ ഷംസുദ്ദീന്റെയും ജുബൈരിയയുടെയും മകനാണ് ജസീം. സത്താറിന്റെ മറ്റൊരു സഹോദരൻ നജ്മുദ്ദീന്റെ മകളാണ് രക്ഷപ്പെട്ട ഫാത്തിമ.
ഞായറാഴ്ച വൈകുന്നേരം 5.30- ഓടെ മാതോത്ത്്പൊയിൽ ചെക്ക്ഡാമിനു സമീപത്തായിരുന്നു അപകടം. രണ്ടു ദിവസം മുൻപ് ഗൾഫിൽ നിന്നെത്തിയ പിതാവിന്റെ സഹോദരൻ സത്താറിന്റെ വീട്ടിലെത്തിയതായിരുന്നു ജസീമും ഫാത്തിമയും. പുഴ കാണാനിറങ്ങിയ ഇവർ മാതോത്ത് പൊയിൽ കടവിലെ പാറയിൽ നിന്നും ഫോട്ടോയെടുക്കുന്നതിനിടയിൽ കാൽവഴുതി വീഴുകയായിരുന്നു. ഫാത്തിമയെ ഉടൻ തന്നെ രക്ഷപ്പെടുത്തി. ദിൽഷാനയെ മാനന്തവാടിയിലെ ജില്ലാ ആസ്പത്രിയിലും ജസീമിനെ കല്പറ്റയിലെ സ്വകാര്യ ആസ്പത്രിയിലും പ്രവേശിപ്പിച്ചെങ്കിലുംജീവൻ രക്ഷിക്കാനായില്ല. നാട്ടുകാരാണ് രക്ഷാപ്രവർത്തനം നടത്തിയത്.
ഷഹില, ആദില, ഹിഷാം എന്നിവർ ജസീമിന്റെ സഹോദരങ്ങളാണ്. ദിൽഷാനയ്ക്ക രണ്ടു വയസ്സുള്ള ഒരു സഹോദരിയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: