പാലക്കാട്: കഞ്ചിക്കോട്ടെ ഉപരോധത്തിനിടെ സംഘര്‍ഷാവസ്ഥയ്ക്കും ലാത്തിചാര്‍ജ്ജിനും കാരണമായത് പോലീസിന്റെ ധിക്കാരപരമായ പെരുമാറ്റം. നേതാക്കളുടെ ഉപവാസത്തിനുശേഷം പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിയുമായി ദേശീയപാത ഉപരോധിക്കാനായി നീങ്ങി കുത്തിയിരിപ്പ് ആരംഭിച്ചു.
ഉപരോധം ഉദ്ഘാടനം ചെയ്യേണ്ട ബിജെപി സംസ്ഥാന സെക്രട്ടറി എം.ടി.രമേഷിന് മൈക്ക് ഉപയോഗിക്കാന്‍ അനുമതി നല്‍കില്ലെന്ന എഎസ്പി പൂങ്കുഴലിയുടെ പ്രഖ്യാപനമാണ് നേതാക്കളെയും പ്രവര്‍ത്തകരെയും ചൊടിപ്പിച്ചത്. സംസ്ഥാനത്ത് ആദ്യമായല്ല ദേശീയപാത ഉപരോധവും മൈക്ക് ഉപയോഗിക്കലുമെന്ന് നേതാക്കള്‍ ചൂണ്ടിക്കാട്ടി.
എന്തുവന്നാലും മൈക്ക് ഉപയോഗിച്ച് പ്രസംഗം തുടരും. ഉപരോധവും നടത്തും. നേതാക്കള്‍ വ്യക്തമാക്കി. ഇതിനിടെ ചില വാഹനങ്ങള്‍ പോലീസ് കടത്തിവിടാന്‍ ശ്രമിച്ചതും പ്രശ്നത്തെ രൂക്ഷമാക്കി. പോലീസും നേതാക്കളും തമ്മിലുള്ള ചര്‍ച്ച തുടരുന്നതിനിടെ പ്രവര്‍ത്തകര്‍ ആവേശകരമായ മുദ്രാവാക്യം വിളിയുമായി കുത്തിയിരിപ്പ് തുടങ്ങി.
പോലീസ് ബലപ്രയോഗം നടത്താനുള്ള നീക്കത്തെ പ്രവര്‍ത്തകര്‍ ചെറുത്തു. ചിലരെ അറസ്റ്റുചെയ്യാന്‍ ശ്രമിച്ചതും ഉന്തിനും തള്ളിനുമിടയാക്കി. അതോടെ പോലീസും പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടലിലേക്ക് നീങ്ങി. പ്രശ്നം സംഘര്‍ഷാവസ്ഥയിലേക്ക് എത്തുന്നതിനിടെ ജംഗ്ഷനിലെ കടകള്‍ അടച്ചിട്ടു. റോഡിന് ഇരുവശത്തും വാഹനങ്ങള്‍ നിരന്നു.
ഉപരോധം എത്രയും വേഗം അവസാനിപ്പിക്കണമെന്ന് വീണ്ടും പോലീസ് ആവശ്യപ്പെട്ടെങ്കിലും നേതാക്കള്‍ തയ്യാറായില്ല. ഈ വീറും വാശിയും രാധാകൃഷ്ണനെയും വിമലയേയും ചുട്ടുകൊന്ന പ്രതികളെ പിടികൂടാന്‍ കാണിക്കണമെന്നായിരുന്നു പ്രവര്‍ത്തകര്‍ ആവേശത്തോടെ പറഞ്ഞത്. ഇതിനിടെ ജംഗ്ഷനുസമീപത്തുള്ള ഇരുനില കെട്ടിടത്തിനു മുകളില്‍ നിന്നും ഉപരോധം നടക്കുന്ന സ്ഥലത്തേക്ക് കല്ലേറുണ്ടായത്. തുടര്‍ച്ചയായി കല്ലുപതിക്കാന് തുടങ്ങിയതോടെ പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിയുമായി കെട്ടിടത്തിലേക്ക് ഓടിയടുത്തപ്പോള്‍ പോലീസ് തടയുകയായിരുന്നു. കെട്ടിടത്തിലെ ഷട്ടറുകള്‍ പോലീസ് അടപ്പിച്ചു. നേതാക്കള്‍ ഇടപെട്ടാണ് അവരെ തിരിച്ചയച്ചത്. തുടര്‍ന്ന് പോലീസ് കെട്ടിടത്തിന് സമീപം നിലയുറപ്പിച്ചു.
നഗരസഭാചെയര്പേഴ്സണ് പ്രമീളാ ശശിധരന്റെ നേതൃത്വത്തില്‍ മഹിളാ മോര്‍ച്ച പ്രവര്‍ത്തകര്‍ റോഡില്‍ കുത്തിയിരിപ്പ് ആരംഭിച്ചു. ഇവരെ ബലം പ്രയോഗിച്ച് അറസ്റ്റു ചെയ്യാന്‍ ശ്രമിച്ചതും സംഘര്‍ഷത്തിലേക്ക് നയിച്ചു.
ലാത്തിചാര്‍ജ്ജില്‍ ചെയര്‍പേഴ്സണടക്കമുള്ള വനിതകള്‍ക്ക് പരിക്കേറ്റു. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് എന്‍.ശിവരാജന്, ആര്‍എസ്എസ് വിഭാഗ് കാര്യകാര്യസദസ്യന്‍ കെ.സുധീര്‍,സി.കൃഷ്ണകുമാര്‍ എന്നിവരെയും അറസ്റ്റുചെയ്യാന്‍ ശ്രമമുണ്ടായി. പോലീസ് ബലം പ്രയോഗിച്ചത് സംഘര്‍ഷത്തിലേക്ക് എത്തി.
ഇതിനിടെ പോലീസ് കണ്ണീര്‍വാതകം പ്രയോഗിച്ച് പ്രവര്ത്തകരെവിരട്ടിയോട്ടിക്കാന് ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. അതോടെ ലാത്തിചാര്‍ജ്ജ് തുടങ്ങി. ഇതിനെ ശക്തമായി പ്രവര്‍ത്തകര്‍ നേരിട്ടതോടെ പോലീസ് ആശയക്കുഴപ്പത്തിലായി. ഉപരോധം സമാധാനപരമായി അവസാനിപ്പിക്കാന്‍ സമ്മതിച്ചില്ലെങ്കില്‍ പാലക്കാട് ജില്ലയില്‍ ഒറ്റവാഹനംപോലും നിരത്തിലിറക്കാന്‍ അനുവദിക്കില്ലെന്ന് നേതാക്കള്‍ പോലീസിന് മുന്നറിയിപ്പ് നല്കി.
ഇതോടെ ജില്ലയുടെ പല ഭാഗങ്ങളിലും പ്രവര്‍ത്തകര്‍ പ്രകടനം നടത്തുകയും റോഡ് ഉപരോധിക്കുകയും ചെയ്തു. കഞ്ചിക്കോട് സംഭവം വീണ്ടും സംഘര്‍ഷാവസ്ഥയിലേക്ക് നീങ്ങുമെന്ന സൂചന ലഭിച്ചതോടെ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ ഇടപെട്ടു. അതോടെയായിരുന്നു സംഭവസ്ഥലത്തുണ്ടായിരുന്ന എഎസ്പിയും മറ്റും ഉന്നത ഉദ്യോഗസ്ഥരും അനുനയത്തിന് തയ്യാറായി.
തങ്ങള്‍ സമാധാനപരമായാണ് സമരംനടത്താന്‍ ശ്രമിച്ചത്. ഇതിനെ വഷളാക്കിയത് പോലീസിന്റെ സമീപനമാണ്. തുടര്‍ന്ന് എം.ടി.രമേഷ് ഉദ്ഘാടനം ചെയ്തു.നേതാക്കളുടെ അഭ്യര്‍ത്ഥന മാനിച്ച് മുദ്രാവാക്യം വിളിയോടെ ഉപരോധം ആരംഭിച്ചു.
എന്‍.ശിവരാജന്, സി.കൃഷ്ണകുമാര്‍,കെ.സുധീര്‍,ഇ.കൃഷ്ണദാസ് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: