ആലപ്പുഴ: രൂക്ഷമായ വരള്‍ച്ചാസാധ്യത കണക്കിലെടുത്ത് കഴിയുന്നത്ര ജലം ഉറപ്പുവരുത്താന്‍ പട്ടണത്തിലെ തോടുകളിലേയും ഇടത്തോടുകളിലേയും നീരൊഴുക്ക് സുഗമമാക്കാനും കുളങ്ങളും കിണറുകളും വൃത്തിയാക്കാനുമുള്ള അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നു ആവശ്യം ഉയരുന്നു.
പട്ടണത്തിലെ എല്ലാ തോടുകളേയും ഉള്‍പ്പെടുത്തി തോട് സംരക്ഷണ മാസ്റ്റര്‍ പ്ലാന്‍ തയാറാക്കണമെന്നാണ് നിര്‍ദ്ദേശമുള്ളത്.കൃഷിക്കും ജലഗതാഗതത്തിനും ഉപകാരപ്പെട്ടിരുന്ന തോടുകള്‍ മിക്കവയും അനധികൃത കൈയേറ്റവും നികത്തും മൂലവും ഇല്ലാതായി. ജലസേചനാവശ്യങ്ങള്‍ക്കായ ഉപകാരപ്പെട്ടിരുന്ന അനേകം ഇടത്തോടുകള്‍ ഇപ്പോള്‍ കാണാനില്ല.
കൂടാതെ ഉള്ള തോടുകള്‍ മാലിന്യ നിക്ഷേപം കാരണം ഒഴുക്കു നിലച്ചു മാലിന്യസംഭരണ കേന്ദ്രങ്ങളായി മാറിയിരിക്കുകയാണ്. തോടുകളുടെ വശങ്ങളിലുള്ള കല്‍ക്കെട്ടുകള്‍ ആവശ്യത്തിനുള്ള ബലത്തില്‍ നിര്‍മ്മിക്കാത്തതിനാല്‍ മിക്കയിടങ്ങളിലും കല്ലുകള്‍ ഇടിഞ്ഞിളകിയാണ് കിടക്കുന്നത്.
ചരക്കുവള്ളങ്ങള്‍ പോയിരുന്നതും ധാരാളം മത്സ്യസമ്പത്തുണ്ടായിരുന്നതുമായ തോടുകള്‍ ഇടുങ്ങി പലയിടങ്ങളിലും അഴുക്കുചാല്‍ പോലെയായി ക്ഷുദ്രജീവികളുടെ താവളമാണിപ്പോള്‍ തോടുകള്‍. ധാരാളം മാലിന്യനിര്‍ഗമനക്കുഴലുകള്‍ തോട്ടിലേക്കുണ്ട്. സംരക്ഷിക്കാത്തതിനാല്‍ കുളങ്ങളും കിണറുകളും നാശോന്മുഖവും കൊതുകുവളര്‍ത്തല്‍ കേന്ദ്രങ്ങളുമായിക്കിടക്കുകയാണ്.
















