സിഡ്‌നി: ഇന്ത്യയില്‍ ക്രിക്കറ്റ് പര്യടനത്തിനൊരുങ്ങുന്ന ഓസ്‌ട്രേലിയന്‍ ടീമിന് മുന്‍ താരം മൈക്ക് ഹസ്സിയുടെ മുന്നറിയിപ്പ്. എതിര്‍ ടീം അംഗങ്ങളെ ചീത്ത പറഞ്ഞ് പ്രകോപിതരാക്കുന്ന സ്ഥിരം പരിപാടി കോഹ്‌ലിക്കും കൂട്ടര്‍ക്കുമെതിരെ പുറത്തെടുക്കരുതെന്നാണ് ഹസ്സിയുടെ മുന്നറിയിപ്പ്. സ്ലഡ്ജിങ് നടത്തിയാല്‍ ചിലപ്പോള്‍ അത് തിരിച്ചടിക്കാനും സാധ്യതയുണ്ട്.
സ്മിത്തിനും കൂട്ടര്‍ക്കും എല്ലാ തരത്തിലും ഒരു തികഞ്ഞ എതിരാളിയാണ് കോഹ്‌ലി. ഓസീസ് സ്ലഡ്ജിംഗ് നടത്തിയാല്‍ അത് മൈതാനത്ത് കൂടുതല്‍ ആക്രമണോത്സുകത കാട്ടുന്ന കോഹ്‌ലിക്ക് കൂടുതല്‍ കരുത്ത് പകരുമെന്നും മത്സരത്തിനിടെ ഉണ്ടാകുന്ന ഇത്തരം വാക്കുതര്‍ക്കത്തെ ആസ്വദിക്കുന്നയാളാണ് കോഹ്‌ലിയെന്നും ഹസ്സി കൂട്ടിച്ചേര്‍ത്തു. അതുകൊണ്ടു തന്നെ കോഹ്‌ലിക്കെതിരെ കളിക്കുന്നത് താനാണെങ്കില്‍ ഒരിക്കലും പ്രകോപിപ്പിക്കാന്‍ നില്‍ക്കില്ലെന്നും ഹസ്സി പറയുന്നു. അതുകൊണ്ടുതന്നെ സ്ലഡ്ജിങ്ങിനേക്കാള്‍ കോഹ്‌ലിക്കും സംഘത്തിനുമെതിരെ കൃത്യമായ ആസൂത്രണത്തോടെ കളിക്കുകയാണ് വേണ്ടതെന്നും ഹസ്സി ചൂണ്ടിക്കാട്ടി.
അഞ്ചു ടെസ്‌റ്റോ അതിന് മുകളിലോ കളിച്ച ഓസ്‌ട്രേലിയന്‍ ബാറ്റ്‌സ്മാന്മാരില്‍ ഏഷ്യന്‍ മണ്ണില്‍ ഏറ്റവും കൂടുതല്‍ ബാറ്റിങ് ശരാശരിയുള്ള താരമാണ് ഹസ്സി.അതിനിടെ, കെവിന്‍ പീറ്റേഴ്‌സണും ക്രിക്കറ്റ് ഓസ്‌ട്രേലിയക്ക് ഉപദേശവുമായി രംഗത്തെത്തി. സ്പിന്നിനെ കൃത്യമായി കളിക്കാന്‍ അറിയില്ലെങ്കില്‍ ഇന്ത്യയിലേക്ക് പോകാതിരിക്കുന്നതാണ് നല്ലതെന്നാണ് പീറ്റേഴ്‌സന്റെ ഉപദേശം. ക്രിക്കറ്റ് ഓസ്‌ട്രേലിയന്‍ വെബ്‌സൈറ്റിന് അനുവദിച്ച അഭിമുഖത്തില്‍ പീറ്റേഴ്‌സന്റെ പ്രതികരണം.
ഇന്ത്യയില്‍ എത്തുന്നതിന് മുന്‍പെ സ്പിന്നിനെ നേരിടാന്‍ പരിശീലിക്കണം. കുത്തിത്തിരിയുന്ന പന്തുകള്‍ക്കെതിരെ കളിക്കാന്‍ സ്പിന്നിനെ അനുകൂലിക്കുന്ന വിക്കറ്റുകളിലുള്ള പരിശീലനം ആവശ്യമൊന്നുമില്ല. ഏതു തരത്തിലുള്ള വിക്കറ്റിലും സ്പിന്‍ ബൗളിംഗിനെ നേരിടാന്‍ പഠിക്കാം. ലൈനും ലെംഗ്തും മനസ്സിലാക്കുന്നതാണ് പ്രധാനംു. ഓസ്‌ട്രേലിയയിലും ദക്ഷിണാഫ്രിക്കന്‍ വിക്കറ്റുകളിലും താന്‍ അത്തരത്തില്‍ പരിശീലനം നടത്തിയിട്ടുള്ളതാണെന്നും പീറ്റേഴ്‌സണ്‍ പറഞ്ഞു. ഫെബ്രുവരി 23ന് പൂനയിലാണ് നാല് ടെസ്റ്റുകള്‍ അടങ്ങിയ പരമ്പരയിലെ ആദ്യ മത്സരം ആരംഭിക്കുക.
















