കട്ടപ്പന: പ്രകൃതിയുടെ സൗന്ദര്യത്താല്‍ സഞ്ചാരികളുടെ മനം കവരുന്ന അഞ്ചുരുളി വിനോദസഞ്ചാര കേന്ദ്രത്തില്‍ സുരക്ഷയും അടിസ്ഥാന സൗകര്യങ്ങളും ഒരുക്കുവാന്‍ നടപടിയായിട്ടില്ല. സഞ്ചാരികള്‍ വരുന്ന ടണല്‍ മുഖത്ത് വീതി കുറഞ്ഞ നടപ്പാതയാണുള്ളത്. പാതയുടെ ഒരുവശം വന്‍ ഗര്‍ത്തമാണ്. സുരക്ഷാ വേലികളില്ലാത്തത് അപകട ഭീക്ഷണി ഉയര്‍ത്തുന്നു.
സെല്‍ഫി ദുരന്തങ്ങള്‍ ആവര്‍ത്തിക്കുന്ന പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ ഒന്നാണിത്. കുളിക്കാനായി ജലാശയത്തിലിറങ്ങി ജീവന്‍ നഷ്ടമായത് നിരവധി പേര്‍ക്കാണ്. ടണല്‍ മുഖത്തിനു മുന്നിലുള്ള വെള്ളച്ചാട്ടം പതിക്കുന്നത് നിലയില്ലാക്കയത്തിലാണ്. എന്നിട്ടും സുരക്ഷാ ഉദ്യോഗസ്ഥരെ നിയമിക്കുവാനോ സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കുവാനോ നടപടിയായിട്ടില്ല. സ്ഥലത്ത് മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും പ്രയോജനം നല്‍കുന്നില്ല. മലയാളത്തില്‍ മാത്രമാണ് അറിയിപ്പ് ബോര്‍ഡുകള്‍ വച്ചിട്ടുള്ളത്.
പ്ലാസ്റ്റിക്കിന്റെ ഉപയോഗമാണ് അഞ്ചുരുളി വിനോദ സഞ്ചാര കേന്ദ്രം നേരിടുന്ന മറ്റൊരു വെല്ലുവിളി. വെള്ളക്കുപ്പികളും പ്ലാസ്റ്റിക് മാലിന്യങ്ങളും വെള്ളച്ചാട്ടത്തിനു സമീപം ഇടുന്നതുമൂലം ഇവ ഇടുക്കി ഡാമില്‍ പതിക്കുകയും വന്‍ പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ക്ക് വഴിയൊരുക്കുകയും ചെയ്യും. സാമൂഹ്യ വിരുദ്ധരുടെയും മദ്യപന്മാരുടെയും ശല്യവും ഇവിടെ രൂക്ഷമാണ്.
















