അടിമാലി(ഇടുക്കി): പള്ളിവാസലില്‍ കൊച്ചി-മധുര ദേശീയപാതയുടെ മുകള്‍ ഭാഗത്ത് താമസിക്കുന്ന വനവാസിയുടെ നടപ്പ് വഴി ഭൂമാഫിയ മതില്‍കെട്ടിയടച്ചു. ചിന്നത്തമ്പിയുടെ കുടുംബത്തിന്റെ നടപ്പുവഴിയാണ് അടച്ചത്. പള്ളിവാസല്‍ പഞ്ചായത്തിന്റെ മൂന്നാം വാര്‍ഡില്‍ 194-ാം നമ്പര്‍ വീട്ടിലാണ് ചിന്നത്തമ്പിയും കുടുംബവും താമസിക്കുന്നത്. ഉപയോഗത്തിലിരുന്ന വഴിയിലൂടെ പത്ത് മിനിറ്റുകൊണ്ട് രണ്ടാം മൈല്‍ ടൗണിലെത്താമായിരുന്നു.
വഴി അടച്ചതോടെ പാറക്കെട്ടുകള്‍ താണ്ടി ഒറ്റയടിപ്പാതയിലൂടെയുള്ള യാത്ര ഇപ്പോള്‍ അതീവ ദു:ഷ്‌ക്കരമാണ്. പ്രായമായ ചിന്നത്തമ്പിയ്‌ക്ക് ആശുപത്രിയിലേക്ക് എത്തണമെങ്കിലും ഈ വഴിയാണ് ഇപ്പോള്‍ ആശ്രയം. മാസങ്ങള്‍ക്ക് മുമ്പ് ജോമോന്‍ എന്നയാളാണ് ചിന്നത്തമ്പിയുടെ വീടിന് സമീപത്തുണ്ടായിരുന്ന സ്ഥലം വാങ്ങിയത്. പിന്നീട് ഇയാള്‍ എറണാകുളം സ്വദേശി സന്തോഷ് എന്നയാള്‍ക്ക് കൈമാറി. ഇതോടെയാണ് ചിന്നത്തമ്പിയുടെ വഴിയടച്ച് കെട്ടി മതില്‍ തീര്‍ച്ചത്. ഭൂമാഫിയക്കാര്‍ ശക്തരായതിനാല്‍ പരാതിപ്പെടാന്‍ പോലും ചിന്നത്തമ്പിക്ക് കഴിഞ്ഞിട്ടില്ല. ഈ ദുരിതം റവന്യൂവകുപ്പ് അധികൃതര്‍ കണ്ടിട്ടും കണ്ടില്ലെന്ന് നടിക്കുകയാണ്.
















