കൊച്ചി: 62-ാമത് ദേശീയ സ്‌കൂള്‍ സബ് ജൂനിയര്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തിനായി 30 അംഗ സംഘം ട്രാക്കിലും ഫീല്‍ഡിലുമായി ഇറങ്ങും. പതിനഞ്ച് വീതം ആണ്‍കുട്ടികളും പെണ്‍കുട്ടികളുമാണ് ടീമില്‍. മാനേജരും പരിശീലകരും അടക്കം എട്ട് അംഗ ഒഫീഷ്യല്‍സും ടീമിനൊപ്പമുണ്ട്.
ഏഴു മുതല്‍ ഒന്‍പതു വരെ പൂനെ ബാലേവാഡി സ്‌റ്റേഡിയത്തിലാണ് ചാമ്പ്യന്‍ഷിപ്പ് നടക്കുന്നത്. സ്പ്രിന്റ്, ജമ്പിനങ്ങള്‍ക്ക് പുറമേ 80 മീറ്റര്‍ ഹര്‍ഡില്‍സ്, 4-100 മീറ്റര്‍ റിലേ, ഷോട്ട്പുട്, ഡിസ്‌കസ് ത്രോയിലും കേരളത്തിന്റെ കുട്ടിത്താരങ്ങള്‍ മാറ്റുരയ്‌ക്കും.
കോലഞ്ചേരി പൂതൃക്ക ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളിലെ കായികധ്യാപകന്‍ ജോണ്‍സ് ജോണാണ് ടീം മാനേജര്‍. കോതമംഗലം സെന്റ് ജോര്‍ജ്ജിലെ കായികധ്യാപകന്‍ രാജു പോള്‍, ചെര്‍പ്പുളശ്ശേരി ജിഎച്ച്എസിലെ കായികാധ്യാപകന്‍ നന്ദഗോപാല്‍ എന്നിവരാണ് പരിശീലകര്‍.
ചാമ്പ്യന്‍ഷിപ്പിനുള്ള കേരളം നാളെ മുംബൈ എക്‌സ്പ്രസ്സ് ട്രെയിനില്‍ പൂനെയിലേക്ക് യാത്രതിരിക്കും. മൂന്നായി വിഭജിച്ച ശേഷം നടക്കുന്ന ദേശീയ മീറ്റിനെ പ്രതീക്ഷയോടെയാണ് കേരളം കാണുന്നത്. കഴിഞ്ഞ മാസം ഇതേ സ്‌റ്റേഡിയത്തില്‍ നടന്ന സീനിയര്‍ വിഭാഗം മീറ്റില്‍ കേരളം ചാമ്പ്യന്മാരായിരുന്നു.
















