കുവൈറ്റ് സിറ്റി: ഇസ്ലാമിക രാഷ്‌ട്രമായ കുവൈറ്റും പാക്കിസ്ഥാന്‍ ഉള്‍പ്പടെ അഞ്ച് മുസ്ലിം രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് വിലക്കേര്‍പ്പെടുത്തി. ഏഴു മുസ്ലിം രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്ക് വിലക്കേര്‍പ്പെടുത്തിയ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഉത്തരവ് സംബന്ധിച്ച വിവാദം കത്തുന്നതിനിടയിലാണ് ഒരു ഇസ്ലാമിക രാജ്യം തന്നെ ഇത്തരത്തിലുള്ള ഒരു നടപടിയില്‍ എത്തിയിരിക്കുന്നത്.
പാക്കിസ്ഥാന് പുറമെ സിറിയ, അഫ്ഗാനിസ്ഥാന്‍, ഇറാഖ്, ഇറാന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരെയാണ് വിലക്കിയിരിക്കുന്നത്. ഈ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ വീസയ്‌ക്ക് അപേക്ഷിക്കേണ്ടതില്ലെന്നും സര്‍ക്കാര്‍ അറിയിച്ചതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് തീരുമാനമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.
ട്രംപ് നിരോധനം ഏര്‍പ്പെടുത്തുന്നതിനു മുമ്പു 2011ല്‍ തന്നെ കുവൈറ്റ്, സിറിയയില്‍ നിന്നുള്ളവര്‍ക്കു പ്രവേശനം വിലക്കിയിരുന്നു. 2015ല്‍ ഷിയ പള്ളിയിലുണ്ടായ സ്‌ഫോടനത്തില്‍ കുവൈറ്റിന്റെ 27 പൗരന്മാരാണ് കൊല്ലപ്പെട്ടത്.
ഇതിനിടയില്‍ ഏഴു മുസ്ലിം രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് വിലക്കേര്‍പ്പെടുത്തിയ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഉത്തരവിനെ യുഎഇ അനുകൂലിച്ചു രംഗത്തെത്തി. നിരോധനം ആ രാഷ്‌ട്രങ്ങളുടെ ആഭ്യന്തര പ്രശ്‌നമാണെന്നും വിശ്വാസവുമായി ഇതിന് യാതൊരു ബന്ധവുമില്ലെന്നും യുഎഇ വിദേശകാര്യമന്ത്രി വ്യക്തമാക്കി. ഇറാന്‍, ഇറാഖ്, ലിബിയ, സോമാലിയ, സുഡാന്‍, സിറിയ, യെമന്‍ എന്നീ രാഷ്‌ട്രങ്ങള്‍ക്കാണ് ട്രംപ് വിലക്കേര്‍പ്പെടുത്തിയത്. ഭൂരിഭാഗം മുസ്ലിങ്ങളെയും മുസ്ലിം രാഷ്‌ട്രങ്ങളെയും ഈ വിലക്ക് ബാധിക്കില്ലെന്നും ഷെയ്‌ക്ക് അബ്ദുള്ള ബിന്‍ സയ്യിദ് പറഞ്ഞു. ഇത്തരത്തിലൊരു തീരുമാനമെടുക്കാന്‍ അമേരിക്കയ്‌ക്ക് പരമാധികാരമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
















