തൊടുപുഴ: കൊതകുത്തിയില്‍ ഏറെ കാലമായി പൊട്ടി കിടന്ന കുടിവെള്ള പൈപ്പ് തിരക്കിട്ട് നന്നാക്കി ടാര്‍ ചെയ്തതു, മണിക്കൂറുകള്‍ക്കകം പൊട്ടി.
ബുധനാഴ്ചയ രാത്രി 11 മണിയോടെയാണ് സംഭവം. കൊതകുത്തി കവലയില്‍ ആറ് മാസത്തിലധികമായി പൈപ്പ് പൊട്ടി ഒഴുകുന്നത് തുടര്‍ക്കഥയായിരുന്നു. ഇവിടെ നിന്നുള്ള വെള്ളം ഒഴുകി പട്ടയംകവലയില്‍ നിന്നും ഇങ്ങോട്ട് എത്തിയിരുന്ന റോഡും നശിച്ചിരുന്നു. ആര്‍പ്പാമറ്റം- ചാലാശ്ശേറി റോഡ് നന്നാക്കുന്നതിന്റെ ഭാഗമായാണ് ഇവിടെ വാട്ടര്‍ അതോറിറ്റി വേഗ
ത്തില്‍ പണി തീര്‍ത്തത്. എന്നാല്‍ പണി തീര്‍ത്ത് ടാര്‍ ചെയ്ത അന്ന് രാത്രി തന്നെ പൈപ്പ് വീണ്ടും പൊട്ടി ടാറിങ് തകരുകയായിരുന്നു. റോഡിലൂടെ നൂറ് കണക്കിന് ലിറ്റര്‍ വെള്ളമാണ് കുത്തിയൊലിച്ച് പോയത്. ടാറിങ്ങിന്റെ ഭാഗമായുള്ള ഭാരവാഹനം കയറിയതാണ് പൈപ്പ് പൊട്ടാന്‍ കാരണമെന്നാണ് ഔദ്യോഗിക വിശദീകരണം. അതേ സമയം മിനിറ്റുകള്‍ ഇടവിട്ട് മാന്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ പോകുന്ന വഴിയാണിത്.
ഇവിടെ ഇത്തരത്തില്‍ പൈപ്പ് വീണ്ടും പൊട്ടിയത് നാട്ടുകാരെയും ആശങ്കയിലാക്കിയിരിക്കുകയാണ്. രണ്ട് വര്‍ഷത്തിലേറെയായി തകര്‍ന്ന് കിടന്ന റോഡ് ടാര്‍ ചെയ്ത ദിവസങ്ങള്‍ക്കകം തകരുന്നത് ഇവിടുത്ത്കാര്‍ക്ക് സ്ഥിരം കാഴ്ചയായി മാറുകയാണ്. സമീപത്തായി തന്നെ പൈപ്പ് പോട്ടിയത് മൂലം ടാര്‍ ചെയ്ത റോഡിന്റെ ഒരു വശം കുഴിച്ചിട്ടിരിക്കുകയാണ്.
അതേ സമയം പഴയ ആസ്പറ്റോസ് പൈപ്പ് ഇട്ടിരിക്കുന്നതിനാലാണ് ഇവിടെ തുടര്‍ച്ചയായി പൈപ്പ് പൊട്ടുന്നതെന്നും ഇത് നന്നാക്കാനുള്ള പണികള്‍ പുരോഗമിക്കുന്നതായും വാട്ടര്‍ അതോറിറ്റി എ ഇ ഔസേപ്പ് ജന്മഭൂമിയോട് പറഞ്ഞു. എയര്‍ നില്‍ക്കുന്നതിനാല്‍ ശക്തമായ ഫോഴ്‌സില്‍ വെള്ളംവരുന്നതാണ് പൊട്ടുന്നതിന് കാരണമെന്നും
ഇത്തരത്തിലുള്ള പൈപ്പുകള്‍ മാറ്റി സ്ഥാപിക്കാനുള്ള ശ്രമവും നടത്തുന്നതായും അദ്ദേഹം പറഞ്ഞു.
അതേ സമയം പൈപ്പ് നന്നാക്കാന്‍ ആവശ്യപ്പെട്ടിരുന്നതായും നിലവില്‍ പൊട്ടിയത് നന്നാക്കുന്ന പക്ഷം ടാര്‍ ചെയ്യുവാന്‍ നിര്‍ദ്ദേശം നല്‍കിയതായി പൊതുമരാമത്ത് വകുപ്പ് എഞ്ചിനീയറും പറഞ്ഞു.
















