മണ്ണാര്‍ക്കാട്: അനധികൃതമണലെടുപ്പു മൂലം ജില്ലയിലെ പ്രധാന പുഴകളിലെ കുടിവെള്ള സംഭരണികള്‍ തകര്‍ച്ചയില്‍. കുന്തിപ്പുഴയിലെ കിണറുകളും ജലസംഭരണികളും തകര്‍ച്ചാഭീഷണിയിലാണ്. അനധികൃത മണലെടുപ്പും പുഴ കൈയേറ്റങ്ങളും മൂലമാണ് കുന്തിപ്പുഴയിലെ ജലസംഭരണികള്‍ നശിക്കുവാന്‍ തുടങ്ങിയത്.
മണലെടുപ്പു മൂലംപുഴയുടെ ആഴംകൂടിയതാണ് കിണറുകള്‍ തകരാന്‍ പ്രധാന കാരണം. പുഴയോര പഞ്ചായത്തുകളിലെ വാട്ടര്അതോറിറ്റിയുടേതു ഉള്‍പ്പെടെ ചെറുതും വലുതുമായ ശുദ്ധജലവിതരണ പദ്ധതികളുടെ കിണറുകളെല്ലാം തകര്‍ന്നിട്ടുണ്ട്.അമിതമായ മണലെടുപ്പും കരമണല്‍ഖനനവും കാരണം പുഴ താഴ്ചയിലാണുള്ളത്.
മണലെടുപ്പ് പതിവായ കടവുകളില്‍ പുഴയുടെ താഴ്ച അഞ്ചു മീറ്ററോളംവരും. പുഴ താഴെയും കിണര്‍ മുകളിലുമാണെന്ന അവസ്ഥയിലാണുള്ളത്. കിണറുകളിലേക്ക് വെള്ളം കിനിഞ്ഞെത്തുന്നതിനു പുഴയുടെ താഴ്ച തടസ്സമായിരിക്കയാണ്.
തൂതപ്പുഴയുടെ സിംഹഭാഗവും പുല്‍ക്കാടായി മാറി. ആറ്റുവഞ്ചിപ്പുല്ലുകള്‍ക്ക് പുറമെ കരിമ്പനകളും മരങ്ങളും വളരുന്ന കാഴ്ച തൂതപ്പുഴയിലുണ്ട്. അനിയന്ത്രതമായ മണലെടുപ്പ് തൂതപ്പുഴയെ നാശത്തിലേക്ക് നയിച്ചതോടെ വെള്ളം സംഭരിച്ചു വെക്കാനുള്ള പുഴയുടെ ശേഷി കുറഞ്ഞു. ചെളിയും ചേറും കല്ലുകളും നിറഞ്ഞു പുഴ മലിനമാവുകയും ചെയ്തു.
കട്ടുപ്പാറ, പുലാമന്തോള്‍, തുടിക്കല്‍, എടപ്പലം, തിരുവേഗപ്പുറ തുടങ്ങിയ പ്രധാന പദ്ധതികളുടെ കിണറുകളെല്ലാം തകര്‍ച്ചാ ഭീഷണിയിലാണ്. മുപ്പതും നാല്‍പ്പതും വര്‍ഷങ്ങള്‍ക്ക് മുന്‍പ് നിര്‍മിച്ചവയാണ് ഈ കിണറുകളെല്ലാം. കട്ടുപ്പാറ ശുദ്ധജല വിതരണ പദ്ധതിയുടെ ഇട്ടക്കടവിനോട് ചേര്‍ന്നുള്ള കിണര്‍ പുഴയില്‍ നിന്നും മൂന്നു മീറ്ററോളം ഉയരത്തിലാണ്.
പുലാമന്തോള്‍ തോണിക്കടവിലെ ജല അതോറിറ്റിയുടെ മൂന്നു കിണറുകള്‍ക്കും ചോര്‍ച്ചയുണ്ട്. തുടിക്കല്‍ ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതിയുടെ പമ്പിങ് പ്രദേശത്തും വെള്ളം കുറവാണ്.
എടപ്പലത്തും തിരുവേഗപ്പുറയിലും പുഴയിലെ കിണറുകള്‍ മണല്‍തിട്ടയേക്കാള്‍ അരമീറ്ററോളം ഉയരത്തിലാണു സ്ഥാപിച്ചിരുന്നത്. ഇട്ടക്കടവ്, പുലാമന്തോള്‍, എടപ്പലം, തിരുവേഗപ്പുറ പാലങ്ങള്‍ക്ക് സമീപം നൂറു മീറ്റര്‍ നിരോധിത മേഖലയും 300 മീറ്റര്‍ നിയന്ത്രിത മേഖലയുമായി മാറ്റിയിട്ടും ഇവിടെ മണലെടുപ്പിനു നിയന്ത്രണമുണ്ടായില്ല. ഇതോടെ പല കിണറുകളും തകര്‍ന്നതിനാല്‍ വെള്ളം കുറഞ്ഞു ഉപയോഗശൂന്യമായി.
വേനലില്‍ പുഴയില്‍ നീരൊഴുക്കു കുറയുമ്പോള്‍ മണ്ണ് മാന്തി യന്ത്രം ഉപയോഗിച്ചു കുഴികളുണ്ടാക്കി മോട്ടോറുകളും പമ്പും താഴ്ത്തി വയ്ക്കുകയാണ് പതിവ്.
താല്‍ക്കാലിക തടയണകള്‍ കെട്ടിയാണ് ജലസംഭരണികളില്‍ വെള്ളം നിര്‍ത്താറുള്ളത്. കിണറുകളും ജലസംഭരണികളും തകര്‍ച്ചാഭീഷണിയിലാണെന്നു തെളിഞ്ഞിട്ടും അറ്റകുറ്റപണി നടത്താനോ ബദല്‍സംവിധാനം കൊണ്ടുവരാനോ അധികൃതര്‍ ശ്രമിച്ചില്ലെന്നാണ് ആരോപണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: