പനയം: സിപിഎം നേതാവിന്റെ നേതൃത്വത്തില്‍ വയല്‍ നികത്തി കള്ളുഷാപ്പ് ആരംഭിക്കാന്‍ ശ്രമം. കൊല്ലം-തേനി ദേശീയ പാത കടന്നുപോകുന്ന പാവൂര്‍വയല്‍ ഭാഗത്താണ് ഷാപ്പിന്റെ നിര്‍മ്മാണം ആരംഭിച്ചിരിക്കുന്നത്. നിയമവിരുദ്ധമായി വയല്‍ നികത്തിയാണ് ഷാപ്പ് നിര്‍മ്മിക്കുന്നത്. വെള്ളക്കെട്ടുള്ള ഭാഗം പൂര്‍ണമായും മണ്ണിട്ട് നികത്തി. ആരോഗ്യവകുപ്പിന്റെയും ഹെല്‍ത്തിന്റെയും അനുമതി വാങ്ങാതെയാണ് നിര്‍മ്മാണമെന്നുള്ള ആക്ഷേപവും ഉയരുന്നുണ്ട്. അതേസമയം ഷാപ്പ് തുടങ്ങാനുള്ള നീക്കം സിപിഎമ്മില്‍ പൊട്ടിത്തെറിക്ക് കാരണമായി. സിപിഎം ലോക്കല്‍ കമ്മിറ്റിയംഗമായ നേതാവിന്റെ ബിനാമിയുടെ പേരില്‍ ഷാപ്പ് തുടങ്ങാനുള്ള തീരുമാനത്തിനെതിരെ ബ്രാഞ്ച് സെക്രട്ടറി രംഗത്ത് എത്തിയതാണ് പൊട്ടിത്തെറിക്ക് കാരണമായത്. ബ്രാഞ്ച് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ഒരുസംഘം സിപിഎം പ്രവര്‍ത്തകര്‍ ഷാപ്പ് തുടങ്ങുന്ന സ്ഥലത്ത് കൊടി നാട്ടിയിരുന്നു. ദേശീയപാതക്ക് മീറ്ററുകള്‍ക്ക് ഉള്ളില്‍ ഷാപ്പിന് അധികൃതര്‍ നിയമവിരുദ്ധമായി അനുമതി നല്‍കുകയായിരുന്നുവെന്ന് ഇവര്‍ തന്നെ ആരോപിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് പാര്‍ട്ടിക്കുള്ളില്‍ രണ്ട് വിഭാഗങ്ങളായി ചേരിതിരിഞ്ഞ് വാക്പയറ്റ് ഉണ്ടായി. ജില്ലയിലെ അറിയപ്പെടുന്ന വയലുകളിലൊന്നാണ് പാവൂര്‍വയല്‍ ഏല. നോക്കെത്താ ദൂരത്ത് കണ്ണുനട്ടുകിടക്കുന്ന ഏല മുഴുവന്‍ അനധികൃതമായി നികത്തുകയാണ് ഇപ്പോള്‍. ഇതിന് പിന്നില്‍ രാഷ്‌ട്രീയപാര്‍ട്ടികളുടെ പിന്തുണയുമുണ്ട്. അധികൃതരാകട്ടെ കണ്ടിട്ടും കാണാത്ത പോലെയാണ്.
















