കുമളി: അന്തര്‍ദേശീയ നിലവാരത്തിലുള്ള കടുവ മ്യൂസിയം ഉള്‍പ്പെടെ വനംവകുപ്പിന്റെ വിവിധ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് സ്റ്റോപ്പ് മെമ്മൊ നല്കാന്‍ കുമളി ഗ്രാമപഞ്ചായത്ത് തീരുമാനിച്ചു. ചതുപ്പ് നിലമായി പരിഗണിക്കുന്ന സ്ഥലത്ത് മുന്‍കൂര്‍ അനുമതി ഇല്ലാതെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു എന്ന കാരണത്താലാണ് തുടര്‍ പ്രവര്‍ത്തനങ്ങള്‍ തടയാന്‍ ഭരണസമിതി തീരുമാനിച്ചത്.
കുമളി പ്രൈവറ്റ് ബസ് സ്റ്റാന്‍ഡിന് എതിര്‍വശത്ത് വനംവകുപ്പിന്റെ വിവിധ ഓഫീസുകള്‍ നില നിന്നിരുന്ന സ്ഥലത്താണ് ആധുനിക രീതിയില്‍ കടുവ മ്യൂസിയം നിര്‍മ്മാണം വനംവകുപ്പ് ആരംഭിച്ചത്. ഇവിടെ മുന്‍പ് കെട്ടിടങ്ങള്‍ നില നിന്നിരുന്ന സ്ഥലമായിരുന്നു. പഴയ കെട്ടിടങ്ങള്‍ പൊളിച്ചു നീക്കിയ ശേഷം നിലം നിരപ്പാക്കുന്ന പ്രവര്‍ത്തനങ്ങള്‍ നടന്നു വരവെയാണ് അപ്രതീക്ഷിത നടപടി. ഇതോടൊപ്പം തേക്കടിയിലെ പ്രവേശന കവാടത്തിലുള്ള ചെക്ക്‌പോസ്റ്റിന് സമീപത്തെ കെട്ടിടത്തിന്റെ നിര്‍മ്മാണവും നിര്‍ത്തി വയ്‌ക്കാന്‍ പഞ്ചായത്ത് ഉത്തരവ് നല്‍കി. റവന്യൂ വകുപ്പിന്റെ ഭൂമിയില്‍ വനം വകുപ്പ് അനധികൃത നിര്‍മ്മാണം നടത്തുന്നു എന്നതാണ് ഇതിനു കാരണമായി പറയുന്നത്. അതേസമയം നിര്‍മ്മാണ നിരോധനവുമായി ബന്ധപ്പെട്ട് പഞ്ചായത്തിന്റെ യാതൊരു ഉത്തരവും ഔദ്യോഗികമായി ലഭിച്ചിട്ടില്ലെന്ന് തേക്കടി റേഞ്ച് ഓഫീസര്‍ ജന്മഭൂമിയോട് പറഞ്ഞു. രാജ്യാന്തര ശ്രദ്ധ ലഭിക്കുന്ന കടുവ മ്യൂസിയത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളോട് ഗ്രാമപഞ്ചായത്ത് അധികാരികള്‍ എതിരു നില്‍ക്കില്ലെന്ന പ്രതീക്ഷയാണ് വനംവകുപ്പിനുള്ളതെന്ന് പെരിയാര്‍ ടൈഗര്‍ റിസേര്‍വ് ഡെപ്യൂട്ടി ഡയറക്ടര്‍ കിഷന്‍കുമാര്‍ പറയുന്നു.
നിര്‍മ്മാണം നിര്‍ത്തി വയ്‌ക്കാനുള്ള ഉത്തരവ് ഇന്ന് വനം വകുപ്പിന് കൈമാറുമെന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജാന്‍സി ജെയിംസ് അറിയിച്ചു.
















