കമ്മ്യൂണിസ്റ്റ് ഏകാധിപത്യത്തിന്റെ കോടാലികൈകള്‍ നീണ്ടുചെന്നതിന്റെ ലക്ഷക്കണക്കിനു നികൃഷ്ട ഉദാഹരണങ്ങളുണ്ട്. വിഖ്യാത കമ്മ്യൂണിസ്റ്റും റഷ്യന്‍ വിപ്ലവത്തിന്റെ ശില്‍പികളില്‍ ഒരാളായും റെഡ് ആര്‍മി സ്ഥാപകനുമായി അറിയപ്പെടുന്ന ലിയോണ്‍ ട്രോഡ്‌സ്‌ക്കി റഷ്യയില്‍ നിന്നും ഇത്തരമൊരു കോടാലികൈയില്‍ നിന്നും പ്രാണരക്ഷാര്‍ഥം തുര്‍ക്കിയിലേക്ക് ഓടിപ്പോന്നത് ഇന്നാണ്.,1924ല്‍.
എല്ലാത്തരത്തിലും ട്രോഡ്‌സ്‌ക്കിയെ അപ്രധാനിയാക്കി പീഡിപ്പിക്കുന്നതിന്റെ പരമാവധിയാണ് ഇക്കാലയളവില്‍ ജോസഫ് സ്റ്റാലിന്‍ നടത്തിയിരുന്നത്. റഷ്യന്‍ വിപ്ലവത്തില്‍ തന്റെ പ്രസക്തി ഓരോന്നായി എടുത്തു കളയപ്പെടുകയാണെന്ന് ട്രോഡ്‌സ്‌ക്കിക്ക് ഭയാനകമാംവിധം ബോധ്യമായി. ഓരോന്നില്‍ നിന്നും ഒഴിവാക്കപ്പെട്ടു. ഒടുവില്‍ കേന്ദ്ര കമ്മറ്റിയില്‍ നിന്നും. തന്റെ മരണം മണക്കുവാന്‍ തുടങ്ങിയപ്പോഴായിരുന്നു സ്വയം തീരുമാനിച്ച തിരോധാനം.
ഒരിടത്തു നിന്നും മറ്റൊരിടത്തേക്കുള്ള പലായനമായിരുന്നു ട്രോഡ്‌സ്‌ക്കിയുടെ പിന്നീടുള്ള ജീവിതം. ജീവന്‍ കൈയില്‍ പിടിച്ചുകൊണ്ടുള്ള ഒരുതരം പരീക്ഷണം. ഇതിനിടയില്‍ സ്റ്റാലിനെതിരെയുള്ള ട്രോഡ്‌സ്‌ക്കിയുടെ വിമര്‍ശനം നിത്യജീവിത വ്രതമായിത്തീര്‍ന്നു. ഒന്‍പതു വര്‍ഷത്തോളം അദ്ദേഹം തുര്‍ക്കിയിലും പ്രാന്‍സിലും നോര്‍വെയിലുമായി കഴിച്ചു കൂട്ടി. എവിടേയും സ്റ്റാലിന്റെ ഏജന്റുമാര്‍ മരണത്തിന്റെ അദൃശ്യശക്തികളായി കടന്നു വരുന്നത് ട്രോഡ്‌സ്‌ക്കിക്ക് അറിയാമായിരുന്നു. തുടര്‍ന്നായിരുന്നു മെക്‌സിക്കോ സിറ്റിയിലേക്കുള്ള പലായനം.
മെക്‌സിക്കോ സിറ്റിയിലും ട്രോഡ്‌സ്‌ക്കി വിമര്‍ശനംകൊണ്ട് സ്റ്റാലിനു കടുത്ത തലവേദനയുണ്ടാക്കി. സോവിയറ്റ് സര്‍ക്കാരും സ്റ്റാലിനും വിമര്‍ശനങ്ങളില്‍ വല്ലാതെ പൊരിഞ്ഞു. 1940തിന്റെ ആദ്യമാസങ്ങളില്‍ തന്റെ ആരോഗ്യം മോശമാണെന്നും താന്‍ കൂടുതല്‍ നോട്ടപ്പുള്ളിയാണെന്നും ട്രോഡ്‌സ്‌ക്കി അറിഞ്ഞുകൊണ്ടിരുന്നു. 1940ആഗസ്റ്റ് 20. മെക്‌സിക്കോ സിറ്റിയിലെ തന്റെ പഠന മുറിയില്‍ ട്രോഡ്‌സ്‌ക്കി ഇരിക്കുകയായിരുന്നു. റഷ്യന്‍ രഹസ്യപ്പോലീസിന്റെ നിഗൂഢ ഏജന്റ് റമന്‍ മെര്‍ക്കാഡന്റെ ആക്രമണം പെട്ടെന്നായിരുന്നു. മഞ്ഞുമല കയറുമ്പോള്‍ ഐസ് പൊട്ടിക്കുന്ന കോടാലികൊണ്ടായിരുന്നു ആക്രമണം. തലച്ചോറിനു പരിക്കറ്റ് ആശുപത്രിയിലാക്കിയെങ്കിലും പിറ്റേന്ന് ട്രോഡ്‌സ്‌ക്കി മരിച്ചു. അപ്പോള്‍ അദ്ദേഹത്തിനു 60 വയസായിരുന്നു.
















