ഇടുക്കി: കട്ടപ്പന സെന്റ് ജോര്‍ജ് ഫൊറോന പള്ളിയില്‍ പോലീസിന്റെ അനുമതിയില്ലാതെ വെടിക്കെട്ട് നടത്തിയ സംഭവത്തില്‍ കേസെടുക്കാതെ പോലീസ് ഉരുണ്ടുകളിക്കുന്നു. കഴിഞ്ഞ ശനിയാഴ്ച പള്ളിയിലെ പെരുന്നാളിന്റെ ഭാഗമായാണ് വെടിക്കെട്ട് നടത്തിയത്. പുറ്റിങ്ങല്‍ വെടിക്കെട്ട് ദുരന്തത്തിന് ശേഷം സംസ്ഥാനത്തെമ്പാടും ആരാധനാലയങ്ങളില്‍ വെടിക്കെട്ടിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു.
ഇത്തരത്തില്‍ നിയന്ത്രണം നിലനില്‍ക്കുമ്പോഴാണ് പള്ളിക്കാര്‍ നിയമം കയ്യിലെടുത്ത് വെടിക്കെട്ട് നടത്തിയത്. കട്ടപ്പന പോലീസ് വെടിക്കെട്ട് സംബന്ധിച്ച് പെരുനാളിന്റെ മുഖ്യ ചുമതലക്കാര്‍ക്ക് കത്ത് നല്‍കിയിരുന്നു.
വെടിക്കെട്ടില്‍ ദുരന്തമുണ്ടായാല്‍ സംഘാടകരാണ് പ്രതിക്കൂട്ടിലാകുകയെന്നാണ് പോലീസ് പറഞ്ഞത്. പോലീസിന്റെ കത്ത് മുഖവിലയ്‌ക്കെടുക്കാതെയാണ് ഉഗ്രശേഷിയുള്ള പടക്കങ്ങള്‍ പൊട്ടിച്ചത്. വെടിക്കെട്ട് നടത്താന്‍ അനുമതി നല്‍കിയിരുന്നില്ലെന്ന് ജില്ലാ പോലീസ് സൂപ്രണ്ട് ജന്മഭൂമിയോട് പറഞ്ഞു. ജില്ലാഭരണകൂടവും നിയമലംഘനത്തിന് കൂട്ടുനില്‍ക്കുകയായിരുന്നു. പുറ്റിങ്ങല്‍ വെടിക്കെട്ടിന് ശേഷം സംസ്ഥാനത്തെ പ്രമുഖ പള്ളികളിലും അമ്പലങ്ങളിലും വെടിക്കെട്ട് ഉപേക്ഷിച്ചപ്പോഴാണ് പ്രമുഖ ജനപ്രതിനിധികള്‍ ഉള്‍പ്പെടുന്ന കട്ടപ്പന സെന്റ്‌ജോര്‍ജ് പള്ളിയില്‍ വെടിക്കെട്ട് നടത്തിയത്. സംഭവം ശ്രദ്ധയില്‍പ്പെട്ടിട്ടും റിപ്പോര്‍ട്ട് നല്‍കാന്‍ രഹസ്യാന്വേഷണ വിഭാഗം തയ്യാറായിട്ടില്ല. ഇപ്പോള്‍ ഇരിക്കുന്ന സീറ്റില്‍ നിന്നും സ്ഥാനചലനമുണ്ടാകാതിരിക്കാനാണ് രഹസ്യാന്വേഷണ വിഭാഗം ഉദ്യോഗസ്ഥരും ശ്രമിക്കുന്നത്. വെടിക്കെട്ട് നടത്താന്‍ അപേക്ഷ നല്‍കിയിരുന്നില്ലെന്നും പരാതി കിട്ടിയാല്‍ സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്നും ജില്ലാ അഡീഷണല്‍ മജിസ്‌ട്രേറ്റ് ജന്മഭൂമിയോടുപറഞ്ഞു. വെടിക്കെട്ട് നടത്തരുതെന്ന് പോലീസ് നിര്‍ദ്ദേശിച്ചിരുന്നതായി കട്ടപ്പന സി.ഐ അറിയിച്ചു.
















