മുട്ടം: തുടങ്ങനാട് റാണിഗിരി ജങ്ഷനിലുണ്ടായ കത്തിക്കുത്തില്‍ ഒരാള്‍ക്ക് ഗുരുതര പരിക്ക്. ഇന്നലെ രാവിലെ 7.30നാണ് സംഭവം. തുടങ്ങനാട് പടിഞ്ഞാറയില്‍ ടോമിച്ചന്‍ ജോസിനാണ് പരിക്കേറ്റത്. ഇയാളെ പരിക്കേല്‍പ്പിച്ച തുടങ്ങനാട് സ്വദേശി പാപ്പച്ചി ഒളിവിലാണ്.
റാണിഗിരി ജങ്ഷനിലുള്ള അഭിലാഷ് എന്ന ആളുടെ ചായക്കടയില്‍ ചായകുടിക്കുവാനെത്തിയ ടോമിച്ചനെ മുന്‍ വൈരാഗ്യത്തിന്റെ പേരില്‍ പാപ്പച്ചി അക്രമിക്കുകയായിരുന്നു. നെഞ്ചിലും തലയ്‌ക്കും കൈകളിലും കുത്തേറ്റ ടോമിച്ചനെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടങ്ങനാട് പ്രവര്‍ത്തനം ആരംഭിക്കുവാന്‍ പോകുന്ന സ്‌പൈസസ് പാര്‍ക്കിന് വേണ്ടി സ്ഥലം ഏറ്റെടുക്കുന്നത് സംബന്ധിച്ച തര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചത്. ടോമിച്ചന്റെ സ്ഥലം സര്‍ക്കാര്‍ ഏറ്റെടുക്കുന്നതിനെതിരെ ഇയാള്‍ കോടതിയില്‍ നിന്ന് സ്‌റ്റേ വാങ്ങിയിരുന്നു.
ഇതുമൂലം സമീപവാസിയായ പാപ്പച്ചിയുടെ സ്ഥലവും ഏറ്റെടെക്കുന്നതിന് തടസം നേരിട്ടു. ടോമിച്ചന്റെ വസ്തു പാര്‍ക്കിനായി വിട്ട് കൊടുക്കണമെന്ന് പാപ്പച്ചി പലതവണ ആവശ്യപ്പെട്ടതാണ്. ഇതിന് വഴങ്ങാത്തതാണ് പാപ്പച്ചിയെ പ്രകോപിപ്പിച്ചതെന്ന് കരുതുന്നു. ഒളിവില്‍ പോയ പ്രതിക്കായി മുട്ടം പോലീസ് അന്വേഷണം നടത്തിവരുന്നു.
















