പുനലൂര്‍: കരവാളൂരില്‍ വീണ്ടും സിപിഐ-എഐവൈഎഫ് ഗുണ്ടാവിളയാട്ടം. പോലീസ് നോക്കിനില്‍ക്കെ നടന്ന അക്രമം ജനങ്ങളില്‍ ഭീതിയുളവാക്കി. ദിവസങ്ങള്‍ക്ക് മുമ്പ് ഇവിടെ ബിജെപി പ്രവര്‍ത്തകന്റെ ബൈക്ക് എഐവൈഎഫുകാര്‍ കത്തിച്ചിരുന്നു. ഈ കേസിലെ മുഴുവന്‍ പ്രതികളെയും പിടികൂടാന്‍ പോലീസിന് സാധിച്ചിരുന്നില്ല. പ്രധാന പ്രതിയായ വിപിനെന്ന ഗൂണ്ടാനേതാവിനെ സംരക്ഷിക്കുന്നത് പ്രദേശത്തെ സിപിഐ നേതാക്കളാണ്. ഇന്നലെ വിപിനും സംഘവും വീണ്ടുമെത്തി പരസ്യമായി ബിജെപി പ്രവര്‍ത്തകരെ വെല്ലുവിളിക്കുകയും അസഭ്യം പറയുകയുമായിരുന്നു. വര്‍ഷങ്ങളായി ഈ മേഖല കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ഈ ഗൂണ്ടാസംഘത്തിന് ഒത്താശ ചെയ്യുന്നതും ഇവരെ ഒളിവില്പാര്പ്പിക്കുന്നതും സിപിഐ നേതാക്കളാണ്. കരവാളൂരിലെ സിപിഐയുടെ പാര്‍ട്ടി ഓഫീസ് ഇവര്‍ക്ക് സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനം നടത്തുന്നതിനുള്ള കേന്ദ്രമായി മാറുകയാണ്. ആയുധ പരിശീലനവും മദ്യപാനവും ഇവിടെ സ്ഥിരമാണ്. ഇത്തരക്കാരെ സംരക്ഷിക്കുന്ന സിപിഐയുടെ നിലപാടിനെതിരെ പാര്‍ട്ടിയിലെ മുതിര്‍ന്ന അംഗങ്ങള്‍ തന്നെ രംഗത്ത് എത്തിയിട്ടുണ്ട്. അതേ സമയം യുവാക്കളെ പാര്‍ട്ടിയില്‍ തളച്ചിടണമെങ്കില്‍ ഗുണ്ടായിസം വേണമെന്നാണ് ഇപ്പോഴത്തെ പാര്‍ട്ടി നേതാക്കളുടെ അഭിപ്രായവും. കരവാളൂര്‍ പീഠികാഭഗവതി ക്ഷേത്രത്തില്‍ വര്‍ഷങ്ങളായി ഉത്സവം മുടക്കുകയും ആക്രമണം നടത്തുകയും ചെയ്യുന്നത് ഇതേ സംഘമാണ്. മാര്‍ച്ച് മാസം ഉത്സവം അരങ്ങേറുന്നതിന് മുമ്പ് പ്രദേശത്ത് സംഘര്‍ഷം ഉണ്ടാക്കുക എന്നതാണ് സംഘത്തിന്റെ ലക്ഷ്യം.
















