പാരിപ്പള്ളി: കണ്ണൂരില്‍ നടന്ന സംസ്ഥാന സ്കൂള്‍ കലോത്സവത്തിന്റെ സംസ്കൃതോത്സവത്തില്‍ പാരിപ്പള്ളി അമൃത സംസ്കൃത ഹയര്‍സെക്കണ്ടറി സ്കൂള്‍ ഒന്നാമത് എത്തി. 11 ഇനങ്ങളിലായി 48 പോയിന്റ് കരസ്ഥമാക്കിയാണ് പാരിപ്പള്ളി സ്കൂള്‍ ഈ നേട്ടം കൈവരിച്ചത്. സംസ്കൃത പ്രഭാഷണം, കവിതാരചന. ചമ്പുപ്രഭാഷണം എന്നിവയില്‍ ഒന്നാം സ്ഥാനവും സംസ്കൃത നാടകം, കൂടിയാട്ടം, അക്ഷരശ്ലോകം, പാഠകം, അഷ്ടപദി, കഥാരചന, എന്നിവയില്‍ എ ഗ്രേഡും നേടിയാണ് സ്കൂള്‍ ഈ നേട്ടം സ്വന്തമാക്കിയത്.
മാതാ അമൃതാനന്ദമയീ ദേവിയുടെ നേരിട്ടുള്ള നിര്‍ദ്ദേശമനുസരിച്ച് സംസ്കൃത സ്കൂള്‍ കലോത്സവത്തിന് തയ്യാറെടുപ്പുകള്‍ നടത്തിയ സ്കൂളിന് ലഭിച്ച അംഗീകാരം അമ്മയുടെ അനുഗ്രഹമാണെന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. പൂരക്കളി, യക്ഷഗാനം, ചവിട്ടുനാടകം, ചെണ്ട, പഞ്ചവാദ്യം, കേളി, കഥകളി സംഗീതം തുടങ്ങിയ മത്സരത്തില്‍ സ്കൂളിന് എ ഗ്രേഡുണ്ട്. പാരിപ്പള്ളി അമൃത കലാക്ഷേത്രത്തിലാണ് കുട്ടികളെ ആചാര്യന്മാര് പാരമ്പര്യ കലകള്‍ അഭ്യസിപ്പിക്കുന്നത്.
















