മറയൂര്‍: സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തില്‍ കാട്ടുപോത്തിനെ ചത്ത നിലയില്‍ കണ്ടെത്തി. ഇന്നലെ രാവിലെയാണ് മറയൂര്‍ നാച്ചിവയല്‍ ചന്ദനറിസര്‍വ്വില്‍ തള്ളനാട് ഭാഗത്ത് കാട്ടുപോത്തിനെ കണ്ടെത്തുന്നത്.
ഇവിടെ അന്തോണി മുത്തു എന്നയാളുടെ തോട്ടത്തിലാണ് ഉദ്ദേശം 11 വയസ് പ്രായം വരുന്ന പോത്തിനെ ചത്ത നിലയില്‍ കാണുന്നത്. നാച്ചിവയല്‍ ഡെപ്യൂട്ടി റേഞ്ച് ഓഫീസര്‍ ബി എ അജിത്ത് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. വെള്ളം കുടിക്കാനായി കാട്ട് പോത്ത് മേഖലയില്‍ കൂട്ടമായി എത്താറുണ്ടെന്നും ഇത്തരത്തില്‍ എത്തിയപ്പോള്‍ വഴിതെറ്റിയതാകാം എന്നുമാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ നല്‍കുന്ന വിവരം. 8 അടി ഉയരമുള്ള തിട്ട ചാടിയാണ് താഴെ എത്തിയിരിക്കുന്നത്. തുടര്‍ന്ന് അല്‍പ്പ ദൂരം നടന്ന ശേഷം വീണ്ടും മടങ്ങിയെത്തി ചാടി കയറാന്‍ ശ്രമിച്ചതിന്റെ അടയാളമുണ്ടെന്നും ഇവര്‍ പറയുന്നു.
തേക്കടി ഫോറസ്റ്റിലെ അസി. വെറ്റിനറി സര്‍
ജന്‍ അബ്ദുള്‍ സത്താഫിന്റെ നേതൃത്വത്തിലുള്ള സംഘം എത്തി വൈകിട്ടോടെ പോസ്റ്റ്‌മോര്‍ട്ടം നടത്തി മൃതദേഹം ഇവിടെ തന്നെ സംസ്‌കരിച്ചു. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് വന്നെങ്കില്‍ മാത്രമെ മരണകാരണം വ്യക്തമാകു എന്നും റേഞ്ച് ഓഫീസര്‍ പറഞ്ഞു.
















