ചെങ്ങന്നൂര്‍ വെണ്‍മണിക്കാരന്‍ ജേക്കബ് ചെറുവള്ളില്‍ തീക്കാറ്റിനോടു പൊരുതിയാണ് വളര്‍ച്ചകളുടെ പടവുകള്‍ പിന്നിട്ടത്. സ്വന്തം അനുഭവങ്ങള്‍ ഒട്ടും സങ്കോചമില്ലാതെ ജേക്കബ് പറയുന്നു; നരേന്ദ്രമോദി ഇന്ന് ഇന്ത്യയെ വിപ്ലകരമായ പരിവര്‍ത്തനത്തിലേക്കു നയിക്കുകയാണെന്ന്. ”എക്കാലവും ഞാനൊരു ഇടതുപക്ഷ സഹയാത്രികനായിരുന്നു. എന്നാല്‍ ഇന്ന് ഭാരതത്തിന്റെ സമസ്തമേഖലകളിലും അസൂയാവഹമായ വളര്‍ച്ച എന്നിലും ആത്മാഭിമാനമുണര്‍ത്തുന്നു. രാജ്യപുരോഗതിക്കുവേണ്ടി ഒരു നിമിഷം പോലും പാഴാക്കാതെ പ്രവര്‍ത്തിക്കുന്ന നരേന്ദ്രമോദി എന്റെ ആരാധനാപാത്രമാണ്. ലോകത്തെവിടെയായിരുന്നാലും ഓരോ ഇന്ത്യാക്കാരനുമിന്ന് അഭിമാനമുണ്ട്. അവന്റെ രാജ്യം ലോകത്തെ മുന്‍നിര രാജ്യങ്ങളിലൊന്നാവാന്‍ പോകുന്നുവെന്നതില്‍. ഈ ആത്മാഭിമാനത്തെ, രാജ്യസ്‌നേഹത്തെ ഒരു മതത്തിന്റേയും ജാതികളുടേയും ഭാഷകളുടേയും മതില്‍കെട്ടുകള്‍ക്ക് തടയിടാനാവില്ല”.
സ്വാതന്ത്ര്യാനന്തര ഭാരതം ഇത്ര കരുത്താര്‍ജ്ജിക്കുന്ന കാലം മുമ്പുണ്ടായിട്ടില്ല. നരേന്ദ്രമോദി നിങ്ങളുടെ രാജ്യത്തിനു കിട്ടിയ നിധിയാണെന്നു സുഹൃത്തുക്കളായ വിദേശികള്‍ മനസുതുറന്നു പറയുമ്പോള്‍ അറിയാതെ ആ വലിയ മനുഷ്യന്റെ ആരാധകനായി മാറുകയായിരുന്നു.
1980 ല്‍ കുവൈറ്റിലെത്തിയ ജേക്കബ് ചെറുവള്ളില്‍ ആ രാജ്യത്തെ സാധ്യതകളുള്ള ബിസിനസ്സ് മേഖലകളിലൂടെ ഏറെ സഞ്ചരിച്ചു. നിര്‍മ്മാണ രംഗത്ത് മികവു പുലര്‍ത്തിയ ഒട്ടനവധി വന്‍കിട പദ്ധതികള്‍ ജേക്കബ് നടപ്പാക്കി. 12 ബില്യണ്‍ ഡോളറിന്റെ മിനാ അള്‍സ്‌കര്‍ പവര്‍പ്ലാന്റ്, 5 ബില്യന്‍ ഡോളറിന്റെ കുവൈറ്റ് നാഷണല്‍ പെട്രോളിയം കമ്പനി തുടങ്ങി നിരവധി വന്‍കിട പദ്ധതികള്‍ ഏറ്റെടുത്തു പൂര്‍ത്തിയാക്കിയത് ഈ വെണ്‍മണിക്കാരന്റെ വിജയഗാഥ. ആയിരക്കണക്കിന് തൊഴിലാളികളെ ഉള്‍പ്പെടുത്തിയ നിര്‍മ്മാണ കമ്പനി കുറഞ്ഞകാലം കൊണ്ട് കുവൈറ്റിന്റെ ശ്രദ്ധയാകര്‍ഷിക്കാനും കാരണമായി. ഒട്ടേറെ ബിസിനസ് സ്ഥാപനങ്ങളുടെ നടത്തിപ്പും മേല്‍നോട്ടവും നിര്‍വഹിക്കുന്ന വെണ്‍മണിക്കാരന് കണ്‍മണിയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി.
യുദ്ധത്തിനു ശേഷം കുവൈറ്റിന്റെ പുനര്‍നിര്‍മ്മിതിയില്‍ നിര്‍ണ്ണായക പങ്കുവഹിക്കുന്നതിനും ഈ മലയാളി വ്യവസായിക്ക് അവസരമുണ്ടായി. കുവൈറ്റിലെ എല്ലാ സര്‍ക്കാര്‍ സ്വകാര്യ ആശുപത്രികളിലേക്കും ക്ലിനിക്കുകളിലേക്കും മുഴുവന്‍ മെഡിക്കല്‍ സ്റ്റാഫിനെയും സപ്ലൈ ചെയ്തത് ജേക്കബ്ബ് ചെറുവള്ളിയാണ്. യുദ്ധം കഴിഞ്ഞ മുറയ്‌ക്ക് വിസപോലുമില്ലാതെ കുവൈറ്റ് കോണ്‍സുലേറ്റില്‍ നിന്ന് നല്‍കിയ കത്തുമായെത്തി പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ജേക്കബ്ബ് നേതൃത്വം നല്‍കുകയായിരുന്നു. കുവൈറ്റിലെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയശേഷം നാട്ടിലെത്തിയെങ്കിലും സൗദിയില്‍ നിന്നുള്ള ക്ഷണം നിരസിക്കാതെ പ്രവര്‍ത്തനമേഖല അവിടേക്കും വ്യാപിപ്പിച്ചു.
ഇപ്പോള്‍ സൗദിയിലെ പ്രമുഖ നിര്‍മ്മാണ കമ്പനിയായി മാറിയ ‘ബ്രൈറ്റ് സ്റ്റാര്‍ ജനറല്‍ കോണ്‍ട്രാക്ടിംഗ്’ വിജയകരമായി നടത്തിവരുന്നു. അന്താരാഷ്ട നിര്‍മ്മാണ കമ്പനികളുടെ സൗദിയിലെ കണ്‍സള്‍ട്ടന്റായും ജേക്കബ് സേവനമനുഷ്ഠിക്കുന്നുണ്ട്.
ജന്മനാട്ടില്‍ ഒട്ടനവധി ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കും ജേക്കബ് നേതൃത്വം നല്‍കിവരുന്നു. ആയിരക്കണക്കിനു നിരാലംബര്‍ക്ക് ജോലി നല്‍കിയതുമാത്രമല്ല ഈ മലയാളി വ്യവസായിയുടെ ജീവചരിത്രത്തിലിടം നേടുന്നത്. നൂറുകണക്കിന് നിര്‍ദ്ധനരുടെ വിവാഹം, വീടുകള്‍, രോഗികള്‍ക്കുള്ള സഹായം, വിധവകളുടെ പുനരുദ്ധാരണം തുടങ്ങി കേരളത്തിലുടനീളം ജേക്കബ് ചെറുവള്ളിലിന്റെ സഹായ ഹസ്തം എത്തുന്നു. എന്‍.കെ. ഇടിക്കുള-മേരിക്കുട്ടി ദമ്പതികളുടെ മൂന്നാമത്തെ മകനായ ജേക്കബിന്റെ ഭാര്യ ജയാ ജേക്കബ്. ജാക്‌സണ്‍ ജേക്കബ്ബ്, മിഖായേന്‍ ജേക്കബ്ബ്, ആബേല്‍ ജേക്കബ്ബ് എന്നിവരാണ് മക്കള്‍. ഭാര്യയും മക്കളുമാണ് വിജയപഥത്തിലേക്കുള്ള തന്റെ മാര്‍ഗദര്‍ശകരെന്ന് ജേക്കബ് അഭിമാനപൂര്‍വ്വം പറയുന്നു
മാറുന്ന പരിസ്ഥിതികള്‍ക്കനുസരിച്ച് ചുവടുകള്‍ മാറ്റി അക്ഷീണ പരിശ്രമം നടത്തിയാണ് വ്യവസായ രംഗത്ത് താന്‍ വ്യക്തിമുദ്ര പതിപ്പിച്ചതെന്ന് കര്‍മ്മമേഖലകളിലെല്ലാം കഴിവുതെളിയിച്ച ഈ വ്യവസായി വ്യക്തമാക്കുന്നു. ഒരു വ്യക്തിയുടെ വിജയത്തിനു പിന്നിലെ കഠിനാധ്വാനവും അര്‍പ്പണ മനോഭാവവും പോലെ രാജ്യത്തിനും വിജയഗാഥരചിക്കാന്‍ ആത്മാര്‍പ്പണമുള്ള നേതാക്കളുണ്ടാവണം. ജനങ്ങളിലും ദേശസ്‌നേഹമുണരണം.
ഈ രണ്ടുകാര്യങ്ങളിലും നരേന്ദ്രമോദി വിജയിക്കുകയാണ്. തന്റെ ലക്ഷ്യം അധികാര കസേരയല്ല. രാജ്യത്തിന്റെ ഉന്നതിയാണെന്ന് ഓരോ വാക്കിലും പ്രവൃത്തിയിലും കൂടി നരേന്ദ്രമോദി തെളിയിക്കുന്നു. കോണ്‍ഗ്രസ് അടക്കമുള്ള രാഷ്‌ട്രീയ പാര്‍ട്ടികള്‍ക്കും നേതാക്കള്‍ക്കും അധികാരമാണ് പരമമായ ലക്ഷ്യം. ലക്ഷ്യത്തിലെത്തിയാല്‍ പിന്നെ അവര്‍ക്ക് അവരുടെ കാര്യം. ബിജെപിയും നരേന്ദ്രമോദിയും ഈ വഴിക്കല്ല പ്രവര്‍ത്തിക്കുന്നത്. നയതന്ത്രങ്ങളിലടക്കം മറ്റൊരു സര്‍ക്കാരിനും കഴിയാത്തത്ര വിജയഗാഥകളാണ് മോദി സര്‍ക്കാര്‍ രചിക്കുന്നതെന്നും ജേക്കബ് പറയുന്നു.
വിദേശ രാജ്യങ്ങളില്‍ ജോലി ചെയ്യന്ന തൊഴിലാളികളടക്കം ലക്ഷോപലക്ഷം പേര്‍ക്ക് അവര്‍ അനാഥരല്ലെന്നൊരു തോന്നലായി. അവിടെവച്ച് എന്തെങ്കിലും സംഭവിച്ചാല്‍ ചോദിക്കാനും രക്ഷിക്കാനും കരുത്തുള്ള ഭരണാധികാരികളുണ്ടെന്ന ആത്മധൈര്യം. ലേബര്‍ ക്യാമ്പുകളില്‍ നരേന്ദ്രമോദി എത്തിയതാണ് ഗള്‍ഫ് മേഖലയിലെ തൊഴിലാളികളെ ആവേശഭരിതരാക്കിയതും കര്‍മ്മോത്സുകരാക്കിയതും. ഓരോ വിദേശ ഇന്ത്യാക്കാരന്റേയും പ്രശ്‌നങ്ങളില്‍ ഇടപെടുന്ന സുഷമാ സ്വരാജും രാജ്യത്തിനു മുതല്‍കൂട്ടാണ്.
അഴിമതിയില്ലാത്ത സര്‍ക്കാരെന്നത് ഇന്ത്യയില്‍ കേട്ടു കേള്‍വിയില്ലാത്തതാണ്. എന്നാല്‍ അധികാരമേറ്റ് ഇന്നുവരെ ഒരഴിമതി ആരോപണവും തൊട്ടുതീണ്ടിയില്ല എന്നത് നരേന്ദ്രമോദി സര്‍ക്കാരിന്റെ യശസ്സ് ഉയര്‍ത്തുന്നു. പറയുന്നത് പ്രവര്‍ത്തിക്കുന്നയാളാണ് മോദി. കള്ളപ്പണവും അതിലൂടെയുള്ള രാജ്യദ്രോഹ പ്രവര്‍ത്തനങ്ങളും അവസാനിപ്പിക്കാന്‍ നരേന്ദ്രമോദിയെടുത്ത ധീരമായ നടപടിയാണ് നോട്ട് നിരോധിക്കല്‍.
നമ്മുടെ രാജ്യം അതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക പരിഷ്‌കരണ നടപടികളിലൂടെ കടന്നുപോവുകയാണ്. അപ്രതീക്ഷിതവും അസാധാരണവുമായ ഈ നടപടിയുടെ പ്രധാന ലക്ഷ്യം കള്ളപ്പണത്തില്‍ നിന്നും രാജ്യത്തെ മോചിപ്പിക്കുക എന്നതാണ്. ഇത്തരം കടുത്ത നടപടിയെടുക്കാന്‍ ധൈര്യമുള്ള നേതാവും നരേന്ദ്രമോദിയാണ്.
കള്ളപ്പണം രണ്ടു വിധത്തില്‍ കണക്കാക്കാം. ഒന്ന് കള്ളനോട്ട്, രണ്ട് നികുതി കൊടുക്കാതെ കൈമാറ്റം ചെയ്യപ്പെടുന്ന പണം. ഇവ രണ്ടും നമ്മുടെ രാജ്യത്ത് ധാരാളമാണെന്ന് റിസര്‍വ്വ് ബാങ്ക് തന്നെ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. രാജ്യം നല്‍കുന്ന സൗകര്യങ്ങളും സൗജന്യങ്ങളും കൈപ്പറ്റാന്‍ ഏറെ ഉത്സുകരാണ് എല്ലാവരും. എന്നാല്‍ നികുതികൊടുക്കുന്നത് തീരെ ചെറിയൊരു ശതമാനം ജനങ്ങള്‍ മാത്രമാണ്. വികസിത രാജ്യങ്ങളെ മാതൃകയാക്കിയാല്‍ ഒരു കാര്യം മനസ്സിലാകും. അവിടെ എല്ലാ ജനങ്ങളും നികുതി നല്‍കുന്നു. മറിച്ച് ദരിദ്ര രാജ്യമായ ഇന്ത്യയില്‍ സമ്പന്നന്മാരുപോലും നികുതി നല്‍കാതെ ഒഴിഞ്ഞു മാറുന്നു.
ഇന്ത്യയില്‍ എല്ലാ വര്‍ഷവും 25 ലക്ഷത്തിലധികം കാറുകള്‍ വിറ്റുപോവുന്നു. എന്നാല്‍ 24ലക്ഷം പേരാണ് വരുമാന നികുതി നല്‍കുന്നത് എന്ന സത്യം പ്രധാനമന്ത്രി പറയുകയുണ്ടായി. ഇത് മാറ്റപ്പെടേണ്ട അവസ്ഥയല്ലേ. സാമ്പത്തിക പരിഷ്‌കരണം മനസ്സിലാക്കാന്‍ നാം പണത്തിന്റെ ചരിത്രം ഒന്നോര്‍മ്മിക്കേണ്ടതുണ്ട്. കാര്‍ഷിക വിളകളും വിത്തുകളും പശുക്കളും പരസ്പരം കൈമാറിയിരുന്ന കാലത്തു നിന്ന് നാണയ വ്യവസ്ഥയിലേക്ക് മാറിയപ്പോള്‍ ഇന്നത്തേക്കാള്‍ വലിയ ആശങ്കകള്‍ ഉയര്‍ന്നിരുന്നു. പിന്നീട് നാണയത്തില്‍ നിന്നും പേപ്പര്‍ കറന്‍സിയിലേക്ക് മാറിയ കാലത്ത് ആശങ്ക അതിലും വലുതായിരുന്നു. പേപ്പര്‍ കറന്‍സി നനഞ്ഞു കുതിരും, കീറും, തീപിടിക്കും, മുഷിഞ്ഞു നാറും, കറപറ്റും എന്നൊക്കെയായിരുന്നു ആശങ്കകള്‍. ഈ ആശങ്കകള്‍ ഇന്ന് കേള്‍ക്കുന്നില്ല എന്നോര്‍ക്കണം.
ഇതുപോലെയുള്ള മറ്റൊരു പരിവര്‍ത്തന കാലഘട്ടത്തിലൂടെയാണ് നാമിന്നു കടന്നു പോവുന്നത്. പേപ്പര്‍ കറന്‍സിയില്‍ നിന്ന് ഡിജിറ്റല്‍ കറന്‍സിയിലേക്കുള്ള പരിവര്‍ത്തനത്തിന്റെ കാലം. ബാങ്കില്‍ കിടക്കുന്ന നമ്മുടെ പണം മറ്റൊരാളുടെ ബാങ്കിലെ അക്കൗണ്ടിലേക്ക് കമ്പ്യൂട്ടര്‍ മുഖേന മാറ്റുന്ന പ്രക്രിയയാണ് ഡിജിറ്റല്‍ കറന്‍സി ഇടപാട്. എന്നാല്‍ ഇത്തരം കൈമാറ്റങ്ങള്‍ കൃത്യമായി രേഖപ്പെടുത്തുന്നു എന്ന സൗകര്യവും ഉണ്ട്. അതിനാല്‍ തെളിവു സൂക്ഷിക്കുക എന്ന ബുദ്ധിമുട്ടും ഇല്ല. നികുതി നിലവാരത്തിനു മുകളിലുള്ള കൈമാറ്റങ്ങള്‍ക്ക് നികുതി നല്‍കണം. അങ്ങനെ രാജ്യത്തോടുള്ള കടമയും നിര്‍വ്വഹിക്കാനാകും.
പക്ഷെ രാജ്യസ്‌നേഹം ഇല്ലാത്തവര്‍ക്ക് നികുതി നല്‍കാന്‍ മടിയായതിനാല്‍ അവര്‍ ഇത്തരം ഇടപാടുകള്‍ക്ക് പകരം കറന്‍സി കൈമാറ്റം എന്ന നിലപാടില്‍ തന്നെ ഉറച്ചു നില്‍ക്കാന്‍ ഇഷ്ടപ്പെടുന്നു. ഇതാണ് ഇന്നത്തെ ആശങ്കകളുടെ അടിസ്ഥാന കാരണം. കറന്‍സിയല്ല നികുതിയാണ് ഏറെപ്പേരെയും വിഷമിപ്പിക്കുന്നത്.
ഓള്‍ ഇന്ത്യാ ഫോര്‍വേഡ് ബ്ലോക് പ്രവാസി സെല്‍ ചെയര്‍മാന്‍ കൂടിയായ ജേക്കബ് ചെറുവള്ളില്‍ പറയുന്നത് ഇന്ത്യ സമീപ ഭാവിയില്‍ ലോകത്തിലെ വന്‍ശക്തികളിലൊന്നാകുമെന്നാണ്. പ്രതിരോധം അടക്കം സര്‍വ്വ മേഖലകളിലും വരാന്‍ പോകുന്ന പരിവര്‍ത്തനം അതിനെ ലക്ഷ്യം വച്ചുള്ളതാണ്. ധീരനായ ഭരണാധികാരിക്കുമുന്നില്‍ വര്‍ഗവും വര്‍ണവും രാഷ്‌ട്രീയവും മറന്ന് പ്രണമിക്കാം. രാജ്യപുരോഗതിക്കായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: