പാലക്കാട്: നെഹ്റു ഗ്രൂപ്പിന് കീഴിലുള്ള ലക്കിടി ജവഹര്‍ലാല്‍ കോളേജിലെ ഡയറക്ടര്‍ക്കും അധ്യാപകര്‍ക്കുമെതിരെ ഗുരുതര ആരോപണങ്ങളുമായി വിദ്യാര്‍ത്ഥിനി.
കോളേജ് ഡയറക്ടര്‍ അടക്കമുള്ളവര്‍ തന്നോട് ലൈംഗികച്ചുവയോടെ സംസാരിച്ചെന്നാണ് വിദ്യാര്‍ത്ഥിനിയുടെ ആരോപണം. ഇക്കാര്യം തെളിയിക്കുന്ന വീഡിയോ പെണ്‍കുട്ടി പുറത്തുവിട്ടു. പിടിഎ യോഗത്തിലാണ് പെണ്‍കുട്ടി ഇക്കാര്യം വെളിപ്പെടുത്തിയത്.
ക്ലാസില്‍ ചോക്ലേറ്റ് വിതരണം ചെയ്തതിനു കോളജ് അധികൃതര്‍ തന്നെ ശാസിച്ചതായും മുന്നറിയിപ്പ് നല്‍കിയതായും വിദ്യാര്‍ത്ഥിനി വെളിപ്പെടുത്തുന്നു. ഇതിനെതിരെ അച്ചടക്കനടപടി എന്ന നിലയില്‍ തനിക്കൊപ്പം ചോക്ലേറ്റ് വിതരണം ചെയ്ത ആണ്‍കുട്ടിക്ക് സസ്പെന്‍ഷനും തനിക്ക് മുന്നറിയിപ്പും നല്‍കി. ഇക്കാര്യത്തില്‍ തന്നെ വിചാരണ ചെയ്തപ്പോഴാണ് കോളജ് ഡയറക്ടറില്‍ നിന്നു മോശം പെരുമാറ്റം ഉണ്ടായത്.
സുഹൃത്തിന്റെ അമ്മയുമായി തനിക്ക് എന്തെങ്കിലും രഹസ്യബന്ധമുണ്ടോ എന്നാണ് ഡയറക്ടര്‍ ചോദിച്ചത്. ഒരു പുരുഷന്‍ വന്നു ശരീരത്ത് തൊട്ടിട്ടും തനിക്ക് ഒന്നും തോന്നിയില്ലേ എന്നു ലൈംഗികച്ചുവയോടെ ചോദിച്ചു. അപ്പോള്‍ തനിക്കു ചുറ്റും തന്നെ ചോദ്യം ചെയ്യാന്‍ ഉണ്ടായിരുന്ന ആറുപേരും പുരുഷന്‍മാരായിരുന്നു. അനീഷ് എന്ന ഒരു അധ്യാപകന്റെ സാന്നിധ്യം വിദ്യാര്‍ത്ഥിനി എടുത്തു പരാമര്‍ശിക്കുന്നുണ്ട്.
ഒപ്പമുണ്ടായിരുന്ന ആണ്‍സുഹൃത്ത് സഹോദരതുല്യനാണെന്നു പറഞ്ഞിട്ടു പോലും അശ്ലീലമായാണ് ഡയറക്ടര്‍ സംസാരിച്ചതെന്നു വിദ്യാര്‍ത്ഥിനി വെളിപ്പെടുത്തുന്നു. പെണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ എത്തുന്ന ഷോമാന്‍മാരെ പറ്റി പരാതിപ്പെട്ടിട്ടും കോളേജ് അധികൃതര്‍ തിരിഞ്ഞുനോക്കിയില്ല. പരാതിപ്പെടുന്നവര്‍ക്കെതിരെ മോശം സമീപനമാണ് കോളജ് അധികൃതര്‍ സ്വീകരിക്കുന്നതെന്നു പെണ്‍കുട്ടി പറയുന്നു.
















