മൂവാറ്റുപുഴ: മുളവൂര്‍ സഹകരണസംഘം പ്രസിഡന്റിനെതിരെ അന്വേഷണം നടത്താന്‍ മൂവാറ്റുപുഴ വിജിലന്‍സ് കോടതി ഉത്തരവിട്ടു. അന്വേഷണ റിപ്പോര്‍ട്ട് ഫെബ്രുവരി 28-നകം നല്‍കുവാന്‍ എറണാകുളം വിഎസിബി ഡിവൈഎസ്പിയോട് മൂവാറ്റുപുഴ വിജിലന്‍സ് കോടതി ജഡ്ജി പി. മാധവന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.
മുളവൂര്‍ സ്വദേശി പി.ആര്‍. സുനില്‍ നല്‍കിയ ഹര്‍ജിയെതുടര്‍ന്ന് പ്രസിഡന്റുള്‍പ്പെടെ 13 പേരെ എതിര്‍കക്ഷികളാക്കിയാണ് ഹര്‍ജി. ബാങ്ക് പ്രസിഡന്റ് സ്വന്തം ആവശ്യത്തിന് നിയമവിരുദ്ധമായി ലോണ്‍ എടുത്ത് ഉപയോഗിച്ചതായി ഹര്‍ജിക്കാരന്‍ പറയുന്നു.
വ്യക്തിഗത വായ്‌പാപരിധി നാല് ലക്ഷമാണെങ്കിലും ഏഴ് ലക്ഷംരൂപ വരെ ഈയിനത്തില്‍ നല്‍കിയിട്ടുണ്ടെന്നും ചിട്ടി നടത്തിയതിലും കൃത്രിമമുണ്ടെന്നും വ്യാജ ഒപ്പിട്ട് ലോണ്‍ എടുത്തുവെന്നും അനധികൃതമായി സ്വത്ത് സമ്പാദനം നടത്തിയിട്ടുണ്ടെന്നും ഹര്‍ജിക്കാരന്‍ പറയുന്നു. സൊസൈറ്റിയിലെ മെമ്പര്‍ സഹകരണസംഘം ജോയിന്റ് രജിസ്ട്രാര്‍ നല്‍കിയ പരാതിയുടെ റിപ്പോര്‍ട്ടും ഹാജരാക്കിയിട്ടുണ്ട്. 2015-16 വര്‍ഷത്തെ ഓഫീസിന്റെ ചെലവിലേയ്‌ക്കും ശമ്പളത്തിലേയ്‌ക്കും ചെലവാക്കിയതിന്റെ രേഖകള്‍ ഇല്ലായെന്നും ഹര്‍ജിയില്‍ പറയുന്നു.
















