വടകര: കെഎസ്ആര്‍ടിസി ഓപ്പറേറ്റിംഗ് സെന്റര്‍ നിര്‍മ്മാണത്തില്‍ അഴിമതിയുണ്ടെന്ന പരാതിയെ തുടര്‍ന്ന് വിജിലന്‍സ് സംഘം താഴെ അങ്ങാടിയില്‍ പ്രവര്‍ത്തിക്കുന്ന ഓപ്പറേറ്റിംഗ് സെന്ററില്‍ പരിശോധന നടത്തി. ഇന്നലെ ഉച്ചയോടെ ആരംഭിച്ച പരിശോധന വൈകീട്ടാണ് അവസാനിച്ചത്. സി.കെ.നാണു .എം.എല്‍.എ യുടെ പ്രാദേശിക വികസന ഫണ്ടില്‍നിന്നും അനുവദിച്ച 50 ലക്ഷം രൂപ ഉപയോഗിച്ചാണ് കെട്ടിട നിര്‍മ്മിച്ചത്.എന്നാല്‍ ജീവനക്കാര്‍ക്ക് വേണ്ട അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാതെ നിര്‍മ്മിച്ച കെട്ടിടത്തിന് 20 ലക്ഷം രൂപ പോലും ചിലവായിട്ടില്ലെന്നും നേരത്തെ പരാതി ഉയര്‍ന്നിരുന്നു.അഴിമതിയുമായി ബന്ധപ്പെട്ട് സി.കെ.നാണു.എംഎല്‍.എ യും കെ.എസ്.ആര്‍.ടി.സിയ്‌ക്ക് നേരത്തെ പരാതി നല്‍കിയിരുന്നു.പ്രദേശ വാസിയായ പൊതുപ്രവര്‍ത്തകന്‍ വിജിലന്‍സിന് നല്‍കിയ പരാതിയിലാണ് ഇന്നലെ നടന്ന പരിശോധന.വിശദമായ പരിശോധനയാണ് അന്വേഷണ ഉദ്യോഗസ്ഥനായ വിജിലന്‍സ് സി.ഐ.സുഭാഷ്ബാബുവും സംഘവും നടത്തിയത്.കെട്ടിടത്തിന്റെ നാലു ഭാഗങ്ങളിലും കുഴിയെടുത്തു തറ വിസ്തീര്‍ണം അളന്നു തിട്ടപ്പെടുത്തി.ഇതിനു പുറമെ ചുമരും,നിലവും അളവെടുത്തു.കെട്ടിടത്തിന്റെ ഇരുമ്പു തൂണുകളുടെ അടുത്ത ദിവസം എഞ്ചിനീയര്‍മാരുടെ സഹായത്തോടെ അളന്ന് തിട്ടപ്പെടുത്തും.44 ലക്ഷം രൂപയുടെ വര്‍ക്കുകള്‍ നടത്തിയിട്ടുണ്ടെന്ന് കരാറുകാരന്‍ വിജിലന്‍സിന് മൊഴി നല്കിയിട്ടുണ്ട്.പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് പത്തു ലക്ഷം രൂപ മാത്രമേ കരാറുകാരന് നല്‍കിയിട്ടുള്ളൂ.
















