വിഴിഞ്ഞം: അന്താരാഷ്‌ട്ര തുറമുഖമായ വിഴിഞ്ഞം പദ്ധതിയുടെ ഭാഗമായുള്ള പുലിമുട്ട് നിര്‍മാണം താല്‍കാലികമായി നിര്‍ത്തി വച്ചു. പുലിമുട്ട് നിര്‍മ്മാണത്തിനാവശ്യമായ പാറകളുടെ ലഭ്യതക്കുറവ് കാരണമാണ് ജോലികള്‍ നിര്‍ത്തിവച്ചത്.എന്നാല്‍ കല്ലിന്റെ ലഭ്യത കുറവല്ല മറ്റ് ചില സങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് പുലിമുട്ട് നിര്‍മ്മിക്കാനുള്ള പദ്ധതികളാണ് അണിയറയില്‍ ഒരുങ്ങുന്നത് എന്നും പറയപ്പെടുന്നു. കരിങ്കല്ലിന് പകരം ഇരുമ്പോ സ്റ്റീലോ ഉപയോഗിക്കാനാണ് ആലോചിക്കുന്നത്.ഇതിന്റെ ഭാഗമായി കരിങ്കല്ല് ഇറക്കുന്നത് നിര്‍ത്താന്‍ അദാനി ഗ്രൂപ്പ് കരാറുകാരോട് ആവശ്യപ്പെട്ടതായിട്ടാണ് വിവരം.
തുറമുഖത്ത് മൂന്ന് കിലോമീറ്റര്‍ ദൂരത്തിലാണ് പുലിമുട്ട് നിര്‍മ്മിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.നിലവില്‍ അഞ്ഞൂറ് മീറ്ററിലധികം നിര്‍മാണം പൂര്‍ത്തിയായി കഴിഞ്ഞു.ശേഷിക്കുന്ന ഭാഗത്ത് പുതിയ സാങ്കേതിക വിദ്യ ഉപയോഗിക്കാനുള്ള പഠനങ്ങളും ചര്‍ച്ചകളും അണിയറയില്‍ പൂര്‍ത്തിയായതായാണ് വിവരം.
എന്നാല്‍ പുലിമുട്ടിനായി കരിങ്കല്ലിനു പകരം സ്റ്റീലോ ഇരുമ്പോ ഉപയോഗിക്കാന്‍ ആലോചിച്ചിട്ടില്ലെന്നും അത്തരത്തില്‍ പരക്കുന്ന വാര്‍ത്തകള്‍ വാസ്തവവിരുദ്ധമാണെന്നും അദാനി ഗ്രൂപ്പ് അധികൃതര്‍ അറിയിക്കുന്നുണ്ട്.
സാങ്കേതികമായി പണികള്‍ തടസ്സപ്പെടുന്ന സാഹചര്യം ഒഴിവാക്കാനുള്ള ശ്രമത്തിലാണ് അദാനി ഗ്രൂപ്പ്.അതു കൊണ്ട് തന്നെ തുറമുഖത്തിന്റെ ഭാഗമായിട്ടുള്ള ജെട്ടിനിര്‍മാണം ഉടന്‍ ആരംഭിക്കുമെന്ന് അധികൃതര്‍ പറഞ്ഞു.തുറമുഖത്തിനായി 800 മീറ്റര്‍ നീളത്തിലും വലിയ കടപ്പുറം ഭാഗത്ത് മത്സ്യബന്ധന തുറമുഖത്തിനായി 500 മീറ്റര്‍ നീളത്തിലും രണ്ടു ജെട്ടികളുടെ ജോലികളാണ് ആരംഭിക്കുക. കോണ്‍ക്രീറ്റ് ഉപയോഗിച്ചുള്ള നിര്‍മാണമായതിനാല്‍ കരിങ്കല്ലിന്റെ ലഭ്യതക്കുറവ് ജെട്ടിനിര്‍മാണത്തെ ബാധിക്കില്ല. ജെട്ടിക്കായി തൂണുകള്‍ നിര്‍മിക്കുന്നതിനുള്ള പൈലിങ് ജോലികള്‍ ഉടന്‍ തുടങ്ങും.
















