കൊച്ചി: അതിദേശീയത അപകടമാണെന്നും രാജ്യത്തിന്റെ ബഹുസ്വരത നിലനിര്‍ത്തണമെന്നും ധനമന്ത്രി ഡോ.ടി.എം. തോമസ് ഐസക്ക്. കാക്കനാട് സിവില്സ്റ്റേഷന് പരേഡ് ഗ്രൗണ്ടില്‍ നടന്ന റിപ്പബ്ലിക് ദിനാഘോഷത്തില്‍ സന്ദേശം നല്‍കുകയായിരുന്നു. രാജ്യത്തിന്റെ ബഹുസ്വരത കാത്തു സൂക്ഷിക്കാനും മുന്നോട്ടുകൊണ്ടു പോകാനും നമുക്ക് ഉത്തരവാദിത്തമുണ്ട്. ഇവയിലേതെങ്കിലുമൊന്നിനെ തള്ളുന്നത് ദേശീയതയല്ല, അതിദേശീയതയാണ്്. അതിദേശീയത സ്വാതന്ത്ര്യത്തിന്റെ വാതായനങ്ങളെ അടച്ചു പൂട്ടലാണെന്നും ഫാസിസത്തിലേക്കുള്ള വഴിയാണെന്നും മന്ത്രി പറഞ്ഞു.
ആസൂത്രണത്തിലൂന്നിയുള്ള ഒന്നാംഘട്ടത്തിനു ശേഷം നിര്‍വഹണത്തിലൂന്നിയുള്ള ജനകീയാസൂത്രണം രണ്ടാംഘട്ടം നടപ്പിലാക്കാന്‍ സര്‍ക്കാര്‍ തുടക്കമിട്ടിട്ടുണ്ട്. പൊതുവിദ്യാലയങ്ങളും ആശുപത്രികളും മറ്റും മികവിന്റെ തലത്തിലേക്കുയര്‍ത്തുക, ജലസമ്പത്ത് സംരക്ഷിച്ച് വരള്‍ച്ച തടയുക, കാര്‍ഷികസംസ്കാരം തിരിച്ചു പിടിക്കുക തുടങ്ങി ഒട്ടേറെ പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്. വിദ്യാസമ്പന്നരായ യുവജനങ്ങള്‍ക്ക് തൊഴിലവസരം നല്കുന്ന നവകേരളം വേണം. പുതിയ തൊഴിലവസരങ്ങളും പശ്ചാത്തലമേഖലയില്‍ വന്‍ നിക്ഷേപവും ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുമെന്നും മന്ത്രി പറഞ്ഞു.
രാവിലെ 8.30ഓടെ പരേഡ് ഗ്രൗണ്ടിലെത്തിയ മന്ത്രിയെ ജില്ലാ കളക്ടര്‍ മുഹമ്മദ്.വൈ.സഫീറുളള, കൊച്ചി സിറ്റി പോലീസ് മേധാവി എം.പി.ദിനേശ് എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. ദേശീയപതാക ഉയര്‍ത്തിയ ശേഷം മന്ത്രി പരേഡ് പരിശോധിച്ചു. കൊച്ചി സിറ്റി കോസ്റ്റല്‍ പോലീസ് സ്റ്റേഷന് പോലീസ് ഇന്‍സ്പെക്ടര്‍ ജി.ഡി. വിജയകുമാറായിരുന്നു പരേഡ് കമാന്‍ഡര്‍. മാര്‍ച്ച് പാസ്റ്റിനു ശേഷം വിവിധ വകുപ്പുകള്‍ അവതരിപ്പിച്ച നിശ്ചലദൃശ്യങ്ങളും എറണാകുളം ഗവ.ഗേള്‍സ് ഹൈസ്കൂളിലെ വിദ്യാര്‍ത്ഥിനികളുടെ ദേശഭക്തി ഗാനാലാപനവും നടന്നു. സ്വാതന്ത്ര്യസമരസേനാനി ഇ.വി.വറീതിനെ ചടങ്ങില്‍ ആദരിച്ചു. രാഷ്ട്രപതിയുടെ മെഡല്‍ നേടിയ ജില്ലയിലെ ഗൈഡ്സ് അംഗങ്ങള്‍ അതുല്യ മിനിജോസ്, ജിന്‍സി സി.ആര്, അലീന തദേവൂസ്, ഗോപിക സി.ലൈജു, സരോദ്കൃഷ്ണ പി.ആര് എന്നിവരെ ചടങ്ങില്‍ അനുമോദിച്ചു. പരേഡിനുശേഷം സിവില്‍സ്റ്റേഷനിലെ ഗാന്്ധിപ്രതിമയില് മന്ത്രി തോമസ് ഐസക്ക്് ഹാരാര്‍പ്പണം നടത്തി.
എംഎല്‍എമാരായ പി.ടി.തോമസ്, ജോണ്‍ ഫെര്‍ണാണ്ടസ്, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ആശാസനില്‍, കൊച്ചി റേഞ്ച് പോലീസ് ഇന്‍സ്പെക്ടര്‍ ജനറല്‍ പി വിജയന്, ഡിസിപി യതീഷ് ച്ന്ദ്ര, അസിസ്റ്റന്റ് കളക്ടര്‍ ഡോ. രേണു രാജ് തുടങ്ങിയവര്‍ പങ്കെടുത്തു. കൊച്ചി സിറ്റി പോലീസ് ജില്ലാ ഹെഡ്ക്വാര്‍ട്ടേഴ്സ്, എറണാകുളം റൂറല്‍ പോലീസ് ജില്ലാ ഹെഡ്ക്വാര്‍ട്ടേഴ്സ്, കൊച്ചി സിറ്റി ലോക്കല്‍ പോലീസ്, കൊച്ചി സിറ്റി വനിതാ പോലീസ്, 21 കേരളബറ്റാലിയന്‍ എന്‍സിസി ആര്‍മി സീനിയര്‍ ഡിവിഷന്, 21 ബറ്റാലിയന് എന്‍സിസി ആര്‍മി സീനിയര്‍ വിംഗ്, സീ കേഡറ്റ് കോര്‍പ്സ് സീനിയര്‍ ഡിവിഷന്, തേര്‍ഡ് കേരള എന്‍സിസി എയര്‍ഫോഴ്സ് എയര്‍ സ്ക്വാഡ്രണ്‍ എന്നിവയാണ് പരേഡില്‍ പങ്കെടുത്ത സായുധ വിഭാഗങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: