പള്ളുരുത്തി: ചെല്ലാനം സെന്റ് സെബാസ്റ്റ്യന്‍ പള്ളിത്തിരുനാള്‍ ആഘോഷത്തിലെ ഗാനമേളക്കിടെ നാട്ടുകാരും പോലീസുമായുണ്ടായ ഏറ്റുമുട്ടലിന്റെ പശ്ചാത്തലത്തില്‍ കൊച്ചിയിലെ മുഴുവന്‍ ആഘോഷങ്ങള്‍ക്കും നിയന്ത്രണമേര്‍പ്പെടുത്താന്‍ പോലീസ് നീക്കം. ഉച്ചഭാഷിണി ഉപയോഗിക്കുന്നതിന് അനുവാദം ആവശ്യപ്പെട്ട് അപേക്ഷ നല്‍കുമ്പോള്‍ പോലീസ് ഇക്കാര്യം ക്ഷേത്ര ഭാരവാഹികളെ അറിയിക്കുന്നുണ്ട്. രാത്രി 10ന് ശേഷം മൈക്ക് ഉപയോഗിക്കാന്‍ പാടില്ലെന്നത് പരിപാടി അവതരിപ്പിക്കുന്ന കലാ സംഘങ്ങളും പ്രതിസന്ധിയിലാകും. ജില്ലാ കളക്ടറുടെ പ്രദേശിക അനുമതി തേടണമെന്ന് പോലീസ് വിശദീകരിക്കുന്നു.
കൊച്ചി സിറ്റി പോലീസ് മേധാവിയാണ് ഇതുസംബന്ധിച്ച് നിര്‍ദ്ദേശം പുറപ്പെടുവിച്ചിരിക്കുന്നത്. ഓരോ ക്ഷേത്ര കമ്മറ്റികളും അഡ്വാന്‍സ് നല്‍കികലാപരിപാടികള്‍ ബുക്കു ചെയ്തു കഴിഞ്ഞു. കൊച്ചിയിലെ പ്രധാനപ്പെട്ട ക്ഷേത്രങ്ങളിലെല്ലാം തന്നെ പത്ത് മണിക്കു ശേഷവും പരിപാടികള്‍ നീണ്ടുപോകാറുണ്ട്. എന്നാല്‍ പോലീസ് പുറത്തിറക്കിയിരിക്കുന്ന നിര്‍ദ്ദേശം ഉത്സവക്കമ്മിറ്റികളെ പ്രതിരോധത്തിലാക്കിയിരിക്കയാണ്.
ചെല്ലാനത്ത് പോലീസും നാട്ടുകാരും തമ്മില്‍ അര്‍ദ്ധരാത്രി 12.30 ഓടെ ഏറ്റുമുട്ടി. ഇതുമായി ബന്ധപ്പെട്ട് സംസ്ഥാന പോലീസ് മേധാവിയുടെ മുന്നിലെത്തിയപ്പോള്‍ രാത്രി 12.30 വരെ ഉച്ചഭാഷിണി ഉപയോഗിക്കുന്നതിന് ആര് അനുവാദം നല്‍കിയെന്ന ചോദ്യം ഉയര്‍ന്നുവെന്ന് പറയപ്പെടുന്നു. ചെല്ലാനം സംഭവത്തില്‍ പോലീസിനെ പ്രതിക്കൂട്ടിലാക്കുന്ന നിലപാടാണ് പോലീസ് മേധാവി സ്വീകരിച്ചതെന്നാണ് ഇതോടെ വ്യക്തമായിരിക്കുന്നതെന്ന് ആരോപണമുണ്ട്. 10 മണിക്ക് ശേഷം ഉച്ചഭാഷിണി ഉപയോഗിക്കരുതെന്ന പോലീസ് നിലപാട്.
രാത്രി മൈക്ക് ഉപയോഗിക്കാന്‍ നല്‍കിയ ഇളവുകള്‍ ദുരുപയോഗം ചെയ്യുകയായിരുന്നുവെന്ന് പോലീസിലെ ഒരു ഉയര്‍ന്ന ഉദേ്യാഗസ്ഥന്‍ വ്യക്തമാക്കുന്നു. രാത്രി കാലങ്ങളില്‍ മൈക്ക് ഉപയോഗിക്കുന്നതിന് പോലീസ് നിര്‍ദേശങ്ങള്‍ പൂര്‍ണ്ണമായും പാലിക്കണമെന്ന് കാട്ടി ലൈറ്റ് ആന്റ് സൗണ്ട് നടത്തിപ്പുകാര്‍ക്ക് പോലീസ് നോട്ടീസ് നല്‍കി. വന്‍ ചെലവു വരുന്ന കലാപരിപാടികള്‍ അഡ്വാന്‍സ് തുക നല്‍കി ബുക്ക് ചെയ്ത ഉത്സവ കമ്മിറ്റിക്കാര്‍ പോലീസ് നിര്‍ദ്ദേശം മറികടക്കുന്നതിനുള്ള നെട്ടോട്ടത്തിലാണ്.
















